2019 മാർച്ച് 6, ബുധനാഴ്ച

കർത്താവേ, ഞങ്ങളോടു കരുണയായിരിക്കണമേ, എന്തെന്നാൽ ഞങ്ങൾ പാപം ചെയ്തുപോയി. സങ്കീർത്തനം 51
കരുണ. അതാണ് എല്ലാറ്റിന്റെയും സാരം. തപസ്സുകാലം ആരംഭിക്കുമ്പോൾ, കരുണയെക്കുറിച്ച് കൂടുതൽ ആഴത്തിൽ മനസ്സിലാക്കിക്കൊണ്ട് തുടങ്ങുന്നത് ഏറെ ഉചിതമാണ്.
നോമ്പുകാലത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ പലപ്പോഴും ഒരുതരം ഭയത്തോടെയാണ് നാം അതിനെ കാണുന്നത്. “എനിക്ക് എന്തെങ്കിലും ഉപേക്ഷിക്കേണ്ടിവരും” എന്നു നാം പലപ്പോഴും ചിന്തിക്കുന്നു. എന്നാൽ അതാണ് നമ്മുടെ ചിന്തയെങ്കിൽ, നോമ്പിന്റെ യഥാർഥ അർഥം നമുക്കു നഷ്ടമാകുന്നു. ഞാൻ എന്തെങ്കിലും ഉപേക്ഷിച്ചേ തീരൂ എന്നുണ്ടോ? ഉണ്ട് എന്നും ഇല്ല എന്നും പറയാം. ദൈവം ഇത് ആഗ്രഹിക്കുന്നുവെന്നും തന്റെ സഭയിലൂടെ ആത്മപരിത്യാഗത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ഈ അഭ്യാസം നമ്മോടു നിർദേശിച്ചിട്ടുണ്ടെന്നും ഉള്ളത് സത്യമാണ്. അതു ശരിതന്നെ. എന്നാൽ ഇത് ഒരു ഭാരം അടിച്ചേൽപ്പിക്കുന്നതിനെക്കാൾ എത്രയോ അധികമായി കൃപയിലേക്കുള്ള ഒരു ക്ഷണമാണ്.
എന്തെങ്കിലും ഉപേക്ഷിക്കുന്നതിന്റെ യഥാർഥ ലക്ഷ്യം ദൈവത്തിന്റെ സമൃദ്ധമായ കരുണയിലേക്ക് കൂടുതൽ ആഴത്തിൽ പ്രവേശിക്കുക എന്നതാണ്. നമ്മെ ബന്ധിക്കുന്ന എല്ലാറ്റിൽനിന്നും സ്വതന്ത്രരാകുകയാണ് അതിലൂടെ നാം ചെയ്യുന്നത്; നാം അത്രയേറെ ആഗ്രഹിക്കുന്ന പുതുജീവൻ അനുഭവിക്കാൻ അതു നമ്മെ സഹായിക്കുന്നു. എന്തെങ്കിലും ഉപേക്ഷിക്കുക എന്നത് ഒരു ഭക്ഷണമോ പാനീയമോ ഒഴിവാക്കുന്നതുപോലെ ലളിതമായ ഒന്നാകാം. അല്ലെങ്കിൽ, ഒരളവുവരെ ആത്മപരിത്യാഗം ആവശ്യമായ, മനഃപൂർവം ചെയ്യുന്ന ഏതൊരു പ്രവൃത്തിയുമാകാം. എന്നാൽ ഇതു നല്ലതാണ്! എന്തുകൊണ്ട്? കാരണം, ഇത് നമ്മുടെ ആത്മാവിനെയും ഇച്ഛാശക്തിയെയും ശക്തിപ്പെടുത്തുന്നു. ദൈവത്തോട് പൂർണമായി സമ്മതം മൂളാൻ കൂടുതൽ ദൃഢനിശ്ചയമുള്ളവരാകാൻ ഇതു നമ്മെ ശക്തിപ്പെടുത്തുന്നു.
ജീവിതത്തിൽ പലപ്പോഴും നമ്മുടെ വികാരങ്ങളും ആഗ്രഹങ്ങളും നമ്മെ നിയന്ത്രിക്കുന്നു. ഇതോ അതോ വേണമെന്നോ, ഇതോ അതോ ചെയ്യണമെന്നോ നമുക്കു തോന്നുന്നു; ആ തോന്നലുകളോ ആഗ്രഹങ്ങളോ നമ്മെ നിയന്ത്രിക്കാൻ നാം പലപ്പോഴും അനുവദിക്കുകയും ചെയ്യുന്നു. ആത്മപരിത്യാഗം അഭ്യസിക്കുന്നത്, ക്രമരഹിതമായ നമ്മുടെ പ്രവണതകളാൽ നിയന്ത്രിക്കപ്പെടുന്നതിനുപകരം അവയെ നിയന്ത്രിക്കാൻ നമുക്കു കരുത്തേകുന്നു. ഇത് ഭക്ഷണപാനീയങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. പുണ്യജീവിതം, വിശേഷിച്ച് നമ്മുടെ പരസ്നേഹം ഉൾപ്പെടെ, ജീവിതത്തിലെ പല കാര്യങ്ങൾക്കും ഇതു ബാധകമാണ്.
കരുണയുടെ സാരം ഉപവിയാണ്. ദൈവം നാം സ്നേഹിക്കണമെന്ന് ആഗ്രഹിക്കുന്ന രീതിയിൽ സ്നേഹിക്കുക എന്നതാണത്. സ്നേഹം നമ്മെ പൂർണ്ണമായി നിറയ്ക്കാനും നയിക്കാനും സ്വാതന്ത്ര്യത്തോടെ അനുവദിക്കുക എന്നതാണത്; അങ്ങനെ ഒടുവിൽ സ്നേഹിക്കുക എന്നതുമാത്രമാകും നമ്മുടെ ആഗ്രഹം. ജീവിതത്തിൽ ഈ ശീലം വളർത്തിയെടുക്കുക പ്രയാസമായിരിക്കാം. എങ്കിലും, അതാണ് നമ്മുടെ ആനന്ദത്തിന്റെയും ജീവിതസാഫല്യത്തിന്റെയും ഉറവിടം.
കരുണ എന്നത്, പ്രത്യേകിച്ച്, ഒരർഥത്തിൽ മറ്റൊരാൾ അർഹിക്കാത്ത സ്നേഹപ്രവൃത്തിയാണ്. സ്നേഹത്തിന്റെ പ്രേരണയാൽ മാത്രം സൗജന്യമായി നൽകപ്പെടുന്ന ഒരു ദാനമാണത്. ദൈവം നമുക്കു നൽകുന്നതും ഇതേ സ്നേഹം തന്നെയാണ്. ദൈവത്തിന്റെ സ്നേഹം മുഴുവനും കരുണയാണ്. ആ കരുണ സ്വീകരിക്കാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, നാമും അതു നൽകണം. അതു നൽകാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, കരുണ കാണിക്കാൻ തക്കവിധം നമ്മെത്തന്നെ ഒരുക്കേണ്ടതുണ്ട്. ആത്മപരിത്യാഗത്തിന്റെ ചെറിയ പ്രവൃത്തികളിലൂടെ ഇത് ഒരു പരിധിവരെ സാധ്യമാകുന്നു.
അതിനാൽ ഈ തപസ്സുകാലം അനുഗ്രഹപ്രദമാക്കുക. എന്നാൽ തപസ്സുകാലത്തെ ത്യാഗങ്ങൾ ഭാരമാണെന്ന ചിന്തയിൽ കുടുങ്ങിപ്പോകരുത്. ദൈവം നമുക്കു നൽകാൻ ആഗ്രഹിക്കുന്ന ജീവിതത്തിലേക്കുള്ള പാതയിൽ അവ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്.
കർത്താവേ, ഈ നോമ്പുകാലം എന്റെ ജീവിതത്തിൽ യഥാർഥത്തിൽ ഫലദായകമാകട്ടെ. അങ്ങ് എനിക്കു നൽകാൻ ആഗ്രഹിക്കുന്നതെല്ലാം സ്വീകരിക്കുന്നത് എനിക്കു കൃപയും ആനന്ദവുമാകട്ടെ. യേശുവേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ആമുഖം: കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ: നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽനിന്നുള്ള സ്നേഹനോട്ടം





