2019 മാർച്ച് 17, ഞായറാഴ്ച
നോമ്പുകാലത്തിലെ രണ്ടാം ഞായർ
വിശുദ്ധ പാട്രിക്, മെത്രാൻ – ഐച്ഛിക അനുസ്മരണം

പത്രോസ് യേശുവിനോടു പറഞ്ഞു: “ഗുരോ, നാം ഇവിടെ ആയിരിക്കുന്നത് നല്ലതാണ്; നമുക്ക് മൂന്നു കൂടാരങ്ങൾ ഉണ്ടാക്കാം, ഒന്ന് അങ്ങേക്കും ഒന്ന് മോശയ്ക്കും ഒന്ന് ഏലിയായ്ക്കും.” ലൂക്കാ 9:33
പത്രോസ് അത്യന്തം ആനന്ദഭരിതനായി; ഒരുപക്ഷേ, അതിനുമുമ്പ് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തത്ര ആനന്ദം. വാസ്തവത്തിൽ, അവൻ ആനന്ദഭരിതനായി എന്നു പറയുന്നത് തീർച്ചയായും ആ അനുഭവത്തെ കുറച്ചുകാണിക്കലായിരിക്കും. ആനന്ദത്താൽ അവൻ മതിമറന്നുപോയി എന്നു പറയുന്നതാകും കൂടുതൽ ഉചിതം! എന്തുകൊണ്ടായിരുന്നു അത്? കാരണം, ദൈവത്തിന്റെ മഹത്വത്തിന്റെയും പ്രഭയുടെയും വളരെ ചെറിയൊരു ദർശനം അപ്പോൾ അവനു ലഭിച്ചിരുന്നു!
ഇതാണ് രൂപാന്തരീകരണം. യേശു പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലയിലേക്കു കയറി. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഈ മൂന്ന് അപ്പസ്തോലന്മാർക്കും യാതൊരു ധാരണയുമില്ലായിരുന്നു. എന്തിനാണ് മല കയറേണ്ടതെന്നു ചിന്തിച്ച്, വഴിയിൽ അവർ ഉള്ളിൽ പിറുപിറുത്തിരിക്കാനാണ് ഏറെ സാധ്യത. എന്നാൽ, സ്വർഗത്തിലേക്കുള്ള നമ്മുടെ ആരോഹണയാത്രയുടെ പ്രതീകമാണ് ഈ മല. അവിടെയെത്താൻ ഏകാഗ്രതയും ഉത്സാഹവും സമർപ്പണവും ദൃഢനിശ്ചയവും ആവശ്യമാണ്. ജീവിതത്തിലെ പതിവു സംഭവങ്ങളിൽനിന്ന് അകന്നുനിൽക്കുന്ന ഒരു ഉന്നതസ്ഥാനമാണത്.
അങ്ങനെ ദുഷ്കരമായ ആ മലകയറ്റത്തിനിടയിൽ, പെട്ടെന്ന് അവർ വിസ്മയഭരിതരായി, ഭയാദരവോടെ നിന്നുപോയി. തങ്ങളുടെ കൺമുന്നിൽ യേശു മഹിമാപൂർണനായി രൂപാന്തരപ്പെടുന്നത് അവർ കണ്ടു. അവിടുത്തെ വസ്ത്രങ്ങൾ അവർ അതുവരെ കണ്ടിട്ടുള്ള ഏതൊരു വെണ്മയെക്കാളും വെണ്മയുള്ളവയായി. മഹാനായ നിയമദാതാവ് മോശയും മഹാനായ പ്രവാചകൻ ഏലിയായും യേശുവിനോടു സംസാരിച്ചുകൊണ്ട് അവരുടെ മുമ്പിൽ ഉണ്ടായിരുന്നു.
പത്രോസിന്റെ മനസ്സിലൂടെ എന്തൊക്കെയായിരുന്നു കടന്നുപോയിരുന്നത്? അദ്ദേഹം എന്താണ് അനുഭവിച്ചുകൊണ്ടിരുന്നത്? ദൈവത്തിന്റെ മഹിമയുടെയും തേജസ്സിന്റെയും ഒരു ചെറിയ ദർശനമാണ് അദ്ദേഹത്തിനു ലഭിച്ചുകൊണ്ടിരുന്നത്. ഈ നിമിഷംവരെ തന്റെ ദൈവത്വം മറച്ചുവച്ചിരുന്ന യേശു ആ തിരശ്ശീല അല്പമൊന്ന് ഉയർത്തി. ആ തിരശ്ശീല ഉയർന്നപ്പോൾ, ഈ ലോകത്തിന് ഉൾക്കൊള്ളാനാകുന്ന എന്തിനെക്കാളും ഉജ്ജ്വലമായി അവിടുത്തെ ദൈവത്വം പ്രകാശിച്ചു. എന്തു ചിന്തിക്കണമെന്ന് പത്രോസിനും യാക്കോബിനും യോഹന്നാനും അറിയില്ലായിരുന്നു. എന്നാൽ, മൂന്നു കൂടാരങ്ങൾ പണിയാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പത്രോസ് വിളിച്ചുപറഞ്ഞു: ഒന്ന് യേശുവിനും ഒന്ന് മോശയ്ക്കും ഒന്ന് ഏലിയായ്ക്കും! കാരണം, ക്ഷണനേരം മാത്രം നീണ്ട ആ അനുഭവത്തിനിടയിൽ, എന്നേക്കും അവിടെത്തന്നെ കഴിയാനുള്ള ആഗ്രഹം അദ്ദേഹത്തിൽ ഉണർന്നു.
അപ്പോൾ, യേശു ഈ അപ്പസ്തോലന്മാർക്ക് തന്റെ മഹത്വത്തിന്റെ വളരെ ഹ്രസ്വമായ ഈ അനുഭവം നൽകിയത് എന്തുകൊണ്ടാണ്? മുന്നിലുള്ള യാത്രയിൽ അവിടുത്തെ നന്മയുടെ ആ ആസ്വാദനം അവർക്ക് ആവശ്യമായിരുന്നു. തങ്ങളുടെ ആത്യന്തിക ലക്ഷ്യം എന്താണെന്ന് അവർ എന്നും ഓർക്കേണ്ടതുണ്ടായിരുന്നു. മുന്നിലുള്ള അനേകം കുരിശുകളും സഹനങ്ങളും ഏറ്റെടുക്കുമ്പോൾ ഈ അനുഭവം അവർ ഹൃദയത്തോടു ചേർത്തുപിടിക്കേണ്ടതുണ്ടായിരുന്നു. ജീവിതമാകുന്ന മല കയറുന്ന യാത്രയിൽ എന്തെല്ലാം സഹിക്കേണ്ടിവന്നാലും അതിനെല്ലാം അർഥമുണ്ടെന്ന് തങ്ങളെത്തന്നെ ഓർമ്മിപ്പിക്കാൻ ഈ അനുഭവം അവർക്ക് ഉപകരിക്കുമായിരുന്നു. കാരണം, ആ മലമുകളിൽ കാത്തിരിക്കുന്ന മഹത്വം അത്ര വലുതാണ്; അതിനോടു താരതമ്യം ചെയ്യുമ്പോൾ അവർ സഹിക്കേണ്ടിവരുന്ന ഒരു കഷ്ടതയും ഒരിക്കലും അതിരുകടന്നതാകില്ല.
അവരിലൂടെ ആ സന്ദേശം നമുക്കു നൽകാൻ ദൈവം ആഗ്രഹിക്കുന്നു. അവർക്കുണ്ടായ ഈ അനുഭവത്തെക്കുറിച്ച് നാം ധ്യാനിക്കണമെന്നും അതിലേക്ക് പ്രവേശിക്കാൻ ശ്രമിക്കണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു; അങ്ങനെ, നമ്മുടെ യാത്രയിൽ നമുക്കും മനസ്സോടെ മുന്നേറാൻ കഴിയും.
ഇന്ന്, നോമ്പുകാലത്തിന്റെ ആരംഭത്തിൽ, നാം ഏറ്റെടുക്കുന്ന കുരിശുകളെയെല്ലാം അർഥവത്താക്കുന്ന ദൈവമഹത്വത്തെക്കുറിച്ച് ധ്യാനിക്കുക. പത്രോസിനും യാക്കോബിനും യോഹന്നാനും ലഭിച്ച ഈ അനുഭവത്തിൽനിന്ന് പ്രയോജനം നേടുകയും അത് നിങ്ങളുടെ സ്വന്തം അനുഭവമാക്കാൻ ശ്രമിക്കുകയും ചെയ്യുക. ദൈവത്തിന്റെ മഹത്വത്തിൽ ആശ്വാസം കണ്ടെത്തുക. മുന്നേറുന്ന എല്ലാവർക്കും അവിടുന്ന് നൽകുന്ന ആത്യന്തിക വാഗ്ദാനം ഇതാണെന്ന് ഒരിക്കലും മറക്കരുത്.
കർത്താവേ, അങ്ങയുടെ മഹിമയും തേജസ്സും എനിക്ക് ആശ്വാസമാകണമേ. ഞാൻ നേരിടുന്ന കഷ്ടതകളിലൂടെയും വെല്ലുവിളികളിലൂടെയും മുന്നേറുമ്പോൾ, ഈ മഹിമയിൽ വിശ്വസിക്കാനും അത് എപ്പോഴും മനസ്സിൽ സൂക്ഷിക്കാനും എനിക്കു കഴിയണമേ. എനിക്കു മുമ്പേ അങ്ങ് വഴിനടക്കുന്നു; ഞാൻ അങ്ങയിൽ വിശ്വസിക്കുകയാണെങ്കിൽ, എന്റെ യാത്രയിൽ അങ്ങ് എന്നെ നയിക്കും. ഈശോയേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു!
കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ – പതിനൊന്നാം വിചിന്തനം – പ്രവാസജീവിതം
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തിനായി കൂടുതൽ വിഭവങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ പാട്രിക്
പ്രാർത്ഥന – വിശുദ്ധ പാട്രിക്കിന്റെ കവചപ്രാർത്ഥന




