2019 മേയ് 23, വ്യാഴാഴ്ച
ഉയിർപ്പുകാലം അഞ്ചാം ആഴ്ചയിലെ വ്യാഴാഴ്ച

“പിതാവ് എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു.” യോഹന്നാൻ 15:9
ഈ വചനഭാഗത്തിൽനിന്ന് നാം ഉൾക്കൊള്ളേണ്ട മനോഹരമായ മൂന്ന് ഉൾക്കാഴ്ചകളുണ്ട്.
ഒന്നാമതായി, പുത്രനോടുള്ള പിതാവിന്റെ സ്നേഹം എല്ലാ വിധത്തിലും പരിപൂർണ്ണമാണ്. അത് ഉപാധികളില്ലാത്തതും ഒരുവന്റെ മുഴുവൻ അസ്തിത്വത്തെയും നിറയ്ക്കുന്നതുമാണ്. അത് സമ്പൂർണ്ണവും നിസ്വാർത്ഥവുമാണ്. പിതാവിന്റെ സ്നേഹം സ്വീകരിക്കുന്നതിലൂടെ ഈശോ തനിക്കാവശ്യമായതെല്ലാം സ്വീകരിക്കുന്നു.
രണ്ടാമതായി, പിതാവിൽനിന്ന് ഈശോ സ്വീകരിക്കുന്ന സ്നേഹത്തെ ഒതുക്കിനിർത്താനാവില്ല. അത് തനിക്കുമാത്രമായി സൂക്ഷിക്കാനാവില്ല. ഈശോയുടെ ഹൃദയത്തിൽനിന്ന് നിറഞ്ഞൊഴുകുന്നതാണ് പിതാവിന്റെ സ്നേഹം. നിറഞ്ഞൊഴുകുന്ന ഈ സ്നേഹമാണ് ഈശോയിൽനിന്ന് നമ്മിലേക്കു പകരുന്നത്.
മൂന്നാമതായി, ഇതിൽ നാം ധ്യാനിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്: ഇപ്പോൾ നമുക്കു നൽകപ്പെട്ടിരിക്കുന്ന, നിറഞ്ഞൊഴുകുന്ന ഈ സ്നേഹത്തെ നമ്മുടെ ഉള്ളിലും ഒതുക്കിനിർത്താനാവില്ല. അത് നമ്മുടെ ഹൃദയങ്ങളിൽനിന്ന് മറ്റുള്ളവരിലേക്ക് ഒഴുകണം. അതിനാൽ, പിതാവിന്റെയും പുത്രന്റെയും സ്നേഹം യഥാർഥമായി സ്വീകരിക്കുന്നവരാകണമെങ്കിൽ, ആ സ്നേഹം നമ്മിലൂടെ മറ്റുള്ളവരിലേക്ക് “അതിരുകളില്ലാതെയും” “നിരുപാധികമായും” ഒഴുകാൻ നാം അനുവദിക്കണം.
ഇതിനെക്കുറിച്ച് ചിന്തിക്കുക. “അതിരുകളില്ലാത്തത്.” “ഉപാധികളില്ലാത്തത്.” ഇത് യഥാർത്ഥത്തിൽ സാധ്യമാണോ? മറ്റുള്ളവരോടുള്ള നമ്മുടെ സ്നേഹം ഇത്രമേൽ സമൂലവും സമ്പൂർണ്ണവുമാകാൻ കഴിയുമോ? അതെ, നാം പറയുന്ന സ്നേഹം പിതാവിന്റെ ഹൃദയത്തിൽ ഉത്ഭവിച്ച്, പുത്രനു നൽകപ്പെട്ട്, നമുക്ക് ഉദാരമായി പങ്കുവയ്ക്കാനായി നമ്മുടെമേൽ ചൊരിയപ്പെടുന്നതാണെങ്കിൽ മാത്രമേ അതു സാധ്യമാകൂ.
മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്ന സ്നേഹം സ്വർഗസ്ഥനായ പിതാവിന്റെ ഹൃദയത്തിൽനിന്നാണ് ഉത്ഭവിക്കുന്നതെന്ന സത്യം ഇന്ന് ധ്യാനിക്കുക. പിതാവിന്റെ ഹൃദയത്തോടെ സ്നേഹിക്കാൻ പഠിക്കുന്നതിലെ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ പടി, നിങ്ങളെ സ്നേഹിക്കാൻ ദൈവത്തെ അനുവദിക്കുക എന്നതാണ്. ഇതു ചെയ്യുക വളരെ പ്രയാസമായിരിക്കാം. നിങ്ങളെ സ്നേഹിക്കാൻ ദൈവത്തെ അനുവദിക്കുന്നതും, ആ സ്നേഹം സ്വീകരിക്കുന്നതും, അത് നിങ്ങളുടെ ഉള്ളിൽ ആഴത്തിൽ സ്വാധീനം ചെലുത്താൻ അനുവദിക്കുന്നതും പ്രയാസമായിരിക്കാം. എന്നാൽ, തന്റെ പരിപൂർണ സ്നേഹത്താൽ നിങ്ങളെ സ്നേഹിക്കാൻ ദൈവത്തെ നിരന്തരം അനുവദിക്കാൻ നിങ്ങൾക്കു കഴിഞ്ഞാൽ, കൃപയുടെയും കരുണയുടെയും നിറഞ്ഞൊഴുകുന്ന ഒരു നദിപോലെ ഈ സ്നേഹം സ്വാഭാവികമായി നിങ്ങളിൽനിന്ന് ഒഴുകുന്നതായി നിങ്ങൾ കണ്ടുതുടങ്ങും.
കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; അങ്ങ് എന്നെ സ്നേഹിക്കുന്നുവെന്ന് ഞാൻ അറിയുകയും ചെയ്യുന്നു. അങ്ങയുടെ സ്നേഹം സ്വീകരിക്കാൻ എന്റെ ഹൃദയം തുറക്കണമേ. ആ സ്നേഹം എന്റെ ഉള്ളിൽ ആഴ്ന്നിറങ്ങാൻ എന്നെ സഹായിക്കണമേ; അങ്ങനെ അത് എന്റെ ഹൃദയത്തിൽനിന്ന് മറ്റുള്ളവരിലേക്കും നിറഞ്ഞൊഴുകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ




