മലയാളം

നിങ്ങളുടെ ഭാരങ്ങൾ ഇറക്കിവയ്ക്കുക

2019 ജൂലൈ 18, വ്യാഴാഴ്ച

ആണ്ടുവട്ടക്കാലത്തിലെ പതിനഞ്ചാം വാരത്തിലെ വ്യാഴാഴ്ച

ഇന്നത്തെ വായനകൾ

വിശുദ്ധ കമില്ലസ് ഡി ലെല്ലിസ്, പുരോഹിതൻ – യു.എസ്.എ.യിൽ ഐച്ഛിക അനുസ്മരണം

ഈശോ പറഞ്ഞു: “അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്ക് വിശ്രമം നൽകാം.”  മത്തായി 11:28

ഈശോയുടെ ഈ ക്ഷണം നാം കരുതുന്നതിലും എത്രയോ കൂടുതലായി കേൾക്കേണ്ടതുണ്ടാകാം.  നമ്മുടെ അനുദിനഭാരം ലഘൂകരിക്കാനും നമ്മുടെ ആകുലതകളും മാനസികസമ്മർദവും ആശങ്കകളും നമ്മെ ഞെരുക്കുന്ന സകലതും അകറ്റാനും നമ്മുടെ കർത്താവിനെ അനുവദിക്കാനുള്ള സൗമ്യമായ ക്ഷണമാണിത്.  സ്നേഹത്തിന്റെയും കരുണയുടെയും ക്ഷണമാണിത്; നാം എല്ലായ്പ്പോഴും അത് സ്വീകരിക്കണം.

എന്താണ് നിങ്ങൾക്ക് ഭാരമായിരിക്കുന്നത്?  എന്താണ് നിങ്ങളെ തളർത്തുന്നതും വിഷാദത്തിലേക്കോ ദുഃഖത്തിലേക്കോ, നിരാശയിലേക്കുപോലുമോ വീഴാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതും?  എന്തിനെക്കുറിച്ചെങ്കിലും നിങ്ങൾ അമിതമായി ചിന്തിച്ചുകൊണ്ടിരിക്കാറുണ്ടോ?  വിട്ടുമാറാത്ത ഏതെങ്കിലും ആശങ്ക നിങ്ങളെ അലട്ടുന്നുണ്ടോ?  നിങ്ങളുടെ ഹൃദയത്തെ അസ്വസ്ഥമാക്കുന്നത് എന്തുതന്നെയായാലും, അത് നീക്കിക്കളയാൻ ഈശോ ആഗ്രഹിക്കുന്നു.

ചിലപ്പോഴൊക്കെ, വിട്ടുകളയാൻ നമുക്കു ഭയമുള്ള കനത്ത ഭാരങ്ങളും പേറി നാം ജീവിതത്തിലൂടെ കടന്നുപോകാറുണ്ട്. ഈശോയുടെ അടുത്തേക്കു വരാനും അവിടുത്തെ നമ്മുടെ ഉള്ളിലേക്കു സ്വീകരിക്കാനും നമുക്കു ഭയമുണ്ടാകാം. ഈശോയുടെ അടുത്തേക്കു വരുക എന്നതിനർഥം, നമ്മെ ഭാരപ്പെടുത്തുന്നത് എന്തുതന്നെയായാലും അതിനെ സത്യസന്ധതയോടും തുറന്ന മനസ്സോടും കൂടി നാം അഭിമുഖീകരിക്കണം എന്നാണ്; ഈ ഭാരങ്ങളെ നാം അഭിമുഖീകരിക്കേണ്ടത് ഈശോയുടെ സാന്നിധ്യത്തിലാണ്.

എന്നാൽ നാം അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം ഇതാണ്: ഈശോ സൗമ്യനും കരുണയുള്ളവനുമാണ്; ക്ഷമയും കൃപയും ഉദാരമായി നൽകുന്നവനാണ്.  നമ്മുടെ ഭാരങ്ങൾ നീങ്ങിപ്പോകാൻ നാം ആഗ്രഹിക്കുന്നതിനെക്കാൾ എത്രയോ അധികമായി അവ നീക്കിത്തരാൻ അവിടുന്ന് ആഗ്രഹിക്കുന്നു.  അനേകർ അനുഭവിക്കുന്ന ഞെരുക്കം അവിടുന്ന് കാണുന്നു; ആ ഞെരുക്കം ഇല്ലാതാകണമെന്ന് അവിടുന്ന് അതിയായി ആഗ്രഹിക്കുന്നു.

“എന്റെ അടുക്കൽ വരുവിൻ” എന്ന ഈശോയുടെ സൗമ്യമായ ക്ഷണത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക.  ഭയമോ മടിയോ കൂടാതെ അവിടുത്തെ അടുക്കൽ വരുക.  എല്ലാം അവിടുത്തെ കരങ്ങളിൽ ഏൽപ്പിച്ച്, കാര്യങ്ങൾ ക്രമപ്പെടുത്താൻ അവിടുത്തെ അനുവദിക്കുക.  നിങ്ങൾ അറിയുന്നതിലുമധികമായി അവിടുന്ന് നിങ്ങളെ സ്നേഹിക്കുന്നു; അവിടുന്ന് നിങ്ങളുടെ പാദങ്ങളെ ശരിയായ പാതയിൽ ഉറപ്പിക്കും.

കർത്താവേ, ഞാൻ അങ്ങയുടെ അടുക്കൽ വരുന്നു; എന്റെ ജീവിതവും എല്ലാ ഭാരങ്ങളും അങ്ങയുടെ മുമ്പിൽ ഇറക്കിവയ്ക്കുന്നു.  എന്റെ ജീവിതവും പ്രത്യാശകളും ഭയങ്ങളും ഭൂതകാലവും ഭാവികാലവും എന്നെ ആകുലപ്പെടുത്തുന്ന സകലതും ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു.  ഈശോയേ, ഞാൻ എല്ലാം അങ്ങേക്കു സമർപ്പിക്കുന്നു.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധൻ-വിശുദ്ധ കമില്ലസ് ഡി ലെല്ലിസ്