2019 ഓഗസ്റ്റ് 18, ഞായറാഴ്ച
പൊതുകാലത്തിലെ ഇരുപതാം ഞായർ, വർഷം C

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “ഭൂമിയിൽ തീ കൊളുത്താനാണ് ഞാൻ വന്നത്. അത് ഇതിനകം ജ്വലിച്ചിരുന്നെങ്കിൽ എന്ന് ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നു!” ലൂക്കാ 12:49
ഈ വചനഭാഗം രണ്ടു കാര്യങ്ങൾ നമുക്കു വെളിപ്പെടുത്തുന്നു. ഒന്നാമതായി, “ഭൂമിയിൽ തീ കൊളുത്താനുള്ള” യേശുവിന്റെ ഉദ്ദേശ്യം ഇത് വെളിപ്പെടുത്തുന്നു. രണ്ടാമതായി, “അത് ഇതിനകം ജ്വലിച്ചിരുന്നെങ്കിൽ” എന്ന് അവിടുന്ന് ആഗ്രഹിക്കുന്നുവെന്നും ഇത് വെളിപ്പെടുത്തുന്നു.
ലോകത്തിൽ തീ കൊളുത്താനാണ് താൻ വന്നതെന്ന് യേശു പറയുമ്പോൾ അതിന്റെ അർഥമെന്താണ്? ക്രൈസ്തവജീവിതത്തെക്കുറിച്ച് ആഴമായ ഉൾക്കാഴ്ച നൽകുന്ന ശക്തമായ ഒരു പ്രതീകമാണ് അഗ്നി. ഒന്നാമതായി, അഗ്നി ദഹിപ്പിക്കുന്നു. ക്രിസ്തുവിന്റെ കാര്യത്തിലും അങ്ങനെതന്നെ. നമ്മെ ദഹിപ്പിക്കാനാണ് അവിടുന്ന് വന്നത്. നമ്മുടെ കൊച്ചുജീവിതങ്ങളെ ജ്വലിക്കുന്ന അഗ്നിയായി രൂപാന്തരപ്പെടുത്താനാണ് അവിടുന്ന് വന്നത്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ വലിയ സാധ്യതകളുണ്ടെന്ന് ഇത് വെളിപ്പെടുത്തുന്നു. കൃപയുടെ തീപ്പൊരി നമ്മുടെ ആത്മാക്കളെ ജ്വലിപ്പിക്കാൻ നാം അനുവദിച്ചാൽ, തികച്ചും പുതിയവരായിത്തീരാൻ നമുക്കു കഴിയും.
മാറ്റം വരുത്താനുള്ള കഴിവും അഗ്നിക്കുണ്ട്. അതിന്റെ ചൂട് നമുക്ക് ഊഷ്മളത നൽകുന്നു; അതിന്റെ വെളിച്ചം ഇരുട്ടിൽ കാണാൻ നമ്മെ സഹായിക്കുന്നു; അതിന്റെ ഊർജം നമ്മുടെ ദൈനംദിനജീവിതത്തിൽ സഹായകമാകുന്ന വിധത്തിൽ പലതരത്തിലുള്ള ശക്തി ഉത്പാദിപ്പിക്കുന്നു. കൃപയുടെ കാര്യത്തിലും അങ്ങനെതന്നെ. ദൈവകൃപ നമ്മുടെ തണുത്തുറഞ്ഞ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുകയും ജീവിതത്തിന്റെ അന്ധകാരത്തിലൂടെ നമ്മെ നയിക്കുകയും ഫലദായകമായ ജീവിതം നയിക്കാൻ ആവശ്യമായതെല്ലാം നമുക്കു നൽകുകയും ചെയ്യുന്നു.
ലോകത്തിൽ തീ കൊളുത്താനാണ് താൻ വന്നതെന്നു മാത്രമല്ല യേശു പറഞ്ഞത് എന്നത് ശ്രദ്ധേയമാണ്; അത് ഇതിനകം ജ്വലിച്ചിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിക്കുന്നുവെന്നും അവിടുന്ന് പറഞ്ഞു. നമ്മുടെ കർത്താവിന്റെ ഈ ആഗ്രഹം, സാധാരണനിലയിൽ ഒതുങ്ങിക്കൂടുന്ന, തീക്ഷ്ണതയില്ലാത്ത ഒരു ജീവിതത്തിൽനിന്ന് അടിമുടി ക്രൈസ്തവമായ ഒരു ജീവിതത്തിലേക്കു കടന്നുവരാനുള്ള ക്ഷണമാണ്. ഭാഗികമായി രൂപാന്തരപ്പെടാനോ, ഏറിയ പങ്കും രൂപാന്തരപ്പെടാൻപോലുമോ അല്ല നാം വിളിക്കപ്പെട്ടിരിക്കുന്നത്. അല്ല, ലോകത്തിൽ യഥാർഥമായ മാറ്റം വരുത്തുന്നതിനായി ദൈവത്താൽ രൂപാന്തരപ്പെട്ട്, വിശ്വാസത്തിന്റെ ജ്വലിക്കുന്ന അഗ്നിയായിത്തീരാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്!
ഇന്ന് നിങ്ങളുടെ സ്വന്തം ആത്മാവിനുള്ളിലെ അഗ്നിയെക്കുറിച്ച് ധ്യാനിക്കുക. എത്ര ശോഭയോടെയാണ് ആ അഗ്നി ജ്വലിക്കുന്നത്? പൂർണമായ സമർപ്പണത്തോടെ അതിനെ ഊതിജ്വലിപ്പിച്ചുകൊണ്ട്, ഓരോ ദിവസവും ആ അഗ്നിക്ക് ഇന്ധനം നൽകേണ്ടതുണ്ട്. നിങ്ങൾ ആയിത്തീരണമെന്ന് കർത്താവ് ആഗ്രഹിക്കുന്ന ആ ജ്വലിക്കുന്ന അഗ്നിയായിത്തീരാൻ പരിശ്രമിക്കുക. അപ്പോൾ കൃപയാൽ എത്ര പൂർണമായി രൂപാന്തരപ്പെടാൻ നിങ്ങൾക്കു കഴിയുമെന്നതിൽ നിങ്ങൾ വിസ്മയിക്കും.
കർത്താവേ, അങ്ങയുടെ സ്നേഹത്തിന്റെയും കരുണയുടെയും പ്രഭയാൽ എന്റെ ഹൃദയത്തെ ജ്വലിപ്പിക്കണമേ. അങ്ങ് എന്നിൽ ആഗ്രഹിക്കുന്ന സമ്പൂർണ ജീവിതപരിവർത്തനത്തിനായി ഹൃദയം തുറക്കാൻ എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, ഒന്നും മാറ്റിവയ്ക്കാതെ എന്നെത്തന്നെ ഞാൻ അങ്ങയ്ക്കു സമർപ്പിക്കുന്നു. അങ്ങയുടെ ഇഷ്ടമനുസരിച്ച് എന്നെ ഉപയോഗിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ




