2019 ഓഗസ്റ്റ് 31, ശനിയാഴ്ച
ആണ്ടുവട്ടക്കാലം ഇരുപത്തിയൊന്നാം ആഴ്ചയിലെ ശനിയാഴ്ച

“അവന്റെ യജമാനൻ അവനോടു പറഞ്ഞു: ‘നല്ലവനും വിശ്വസ്തനുമായ ദാസാ, നീ നന്നായി ചെയ്തു. ചെറിയ കാര്യങ്ങളിൽ നീ വിശ്വസ്തനായിരുന്നതിനാൽ ഞാൻ നിന്നെ വലിയ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കും. വരിക, നിന്റെ യജമാനന്റെ സന്തോഷത്തിൽ പങ്കുചേരുക.’” മത്തായി 25:23
ഈ കഥ രണ്ടു കാര്യങ്ങളെക്കുറിച്ചാണ്. ഒന്നാമതായി, ഈ ജീവിതത്തിൽ ദൈവഹിതം നിറവേറ്റുന്നതിനായി സേവനമനുഷ്ഠിക്കുമ്പോൾ നാം പുലർത്താൻ വിളിക്കപ്പെട്ടിരിക്കുന്ന വിശ്വസ്തതയെക്കുറിച്ചുള്ള കഥയാണിത്. രണ്ടാമതായി, ഇവിടെ ഭൂമിയിലും, ആത്യന്തികമായി നമ്മുടെ മരണസമയത്ത് യേശുവിനെ കണ്ടുമുട്ടുമ്പോഴും, അവിടുന്ന് തിരികെ നമ്മോടു പുലർത്തുന്ന വിശ്വസ്തതയെക്കുറിച്ചുള്ള ഒരു വാഗ്ദാനമാണിത്.
ഈ ഭൂമിയിലെ നമ്മുടെ ജീവിതം പൂർത്തിയാകുമ്പോൾ യേശു നമ്മോട് ആ വാക്കുകൾ പറയുന്നതു കേൾക്കാൻ കഴിയുന്നത് എത്ര വലിയ അനുഗ്രഹമായിരിക്കും! “നല്ലവനും വിശ്വസ്തനുമായ ദാസാ, നീ നന്നായി ചെയ്തു… വരിക, നിന്റെ യജമാനന്റെ സന്തോഷത്തിൽ പങ്കുചേരുക.” ഇത് ഒരു ചോദ്യം ഉയർത്തുന്നു: നിങ്ങൾ ഇന്ന് മരിക്കുകയാണെങ്കിൽ, നമ്മുടെ കർത്താവ് നിങ്ങളോട് എന്തു പറയും? അവിടുത്തെ കരുണയാൽ മുകളിൽ പറഞ്ഞ ഈ വാക്കുകൾ അവിടുന്ന് നിങ്ങളോടു പറയുമെന്ന് ഉടനടി ഉറപ്പോടെ പറയാൻ നിങ്ങൾക്കു കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്താൻ ഇന്ന് നല്ലൊരു ദിവസമാണ്.
യേശുവുമായുള്ള ആ മഹത്വപൂർണ്ണമായ കൂടിക്കാഴ്ചയ്ക്കായി ബോധപൂർവം തയ്യാറെടുക്കുന്ന വിധത്തിൽ ഇന്ന് ജീവിക്കുന്നത് നല്ലൊരു ആത്മീയ അഭ്യാസമാണ്. ഈ ജീവിതത്തിൽ എന്തെല്ലാം “ഉത്തരവാദിത്വങ്ങളാണ്” അവിടുന്ന് നിങ്ങളെ ഏൽപ്പിച്ചിരിക്കുന്നത്? അവ നിങ്ങൾ എങ്ങനെയാണ് നിർവഹിക്കുന്നത്? നിങ്ങളുടെ എല്ലാ ദാനങ്ങളും സുവിശേഷത്തിന്റെ സേവനത്തിനും ഉപവിയുടെ വ്യാപനത്തിനുമായി വിനിയോഗിക്കാൻ നിങ്ങൾ പരിശ്രമിക്കുന്നുണ്ടോ? ദൈവത്തിനും അവിടുത്തെ വിശുദ്ധ ഹിതത്തിനുമായി നിങ്ങളെത്തന്നെ സമർപ്പിക്കുന്നതിൽ നിങ്ങൾ ഉത്സാഹം പുലർത്തുന്നുണ്ടോ? നിങ്ങളുടെ ഉത്തരത്തിൽ യാതൊരു മടിയും ഉണ്ടാകില്ലെന്നു പ്രത്യാശിക്കുന്നു. മടിയുണ്ടെങ്കിൽ, ഇവിടെയും ഇപ്പോഴും ദൈവം നിങ്ങളിൽനിന്ന് കൂടുതൽ ആഗ്രഹിക്കുന്നുണ്ടാകാം എന്നതിന്റെ സൂചനയാണത്.
ഈ ലോകത്തിൽ നമുക്കു പോരാടേണ്ടിവരാവുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്, സ്വർഗ്ഗീയ നിക്ഷേപം സമ്പാദിക്കുന്നതിനെ അവഗണിച്ച് ഇവിടെയും ഇപ്പോഴും ലൗകിക സംതൃപ്തി തേടാനുള്ള പ്രലോഭനമാണ്. എന്നാൽ എന്തുകൊണ്ട്? ഇവിടെയും ഇപ്പോഴും ക്ഷണികവും ഉപരിപ്ലവവുമായ സംതൃപ്തി തേടി നിത്യസന്തോഷം നഷ്ടപ്പെടാനുള്ള അപകടത്തിലേക്ക് എന്തിനു പോകണം?
ജീവിതത്തിൽ നിങ്ങൾക്കുണ്ടായിരിക്കേണ്ട പരമമായ ലക്ഷ്യത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുക. ഈ ജീവിതത്തിൽനിന്ന് പരലോകജീവിതത്തിലേക്ക് കടക്കുമ്പോൾ നമ്മുടെ കർത്താവുമായുള്ള ആ മഹത്വപൂർണ്ണമായ കൂടിക്കാഴ്ചയ്ക്കായി പൂർണ്ണമായി ഒരുങ്ങിയിരിക്കുക എന്നതാണ് ആ ലക്ഷ്യം. ഇപ്പോൾ സ്വർഗ്ഗം അത്ര മൂർത്തമായി അനുഭവപ്പെടുന്നില്ലായിരിക്കാം. എന്നാൽ യേശുവിനെ മുഖാമുഖം കാണാനുള്ള സമയം വരുമ്പോൾ, അത് അല്പംപോലും അമൂർത്തമായിരിക്കില്ല. പകരം, ഈ ഭൂമിയിലെ നിങ്ങളുടെ ജീവിതത്തിന്റെ ഓരോ വിശദാംശവും ഉടൻതന്നെ നിങ്ങൾക്കു ബോധ്യമാകും. അനുദിനം നിങ്ങൾ പുലർത്തിയ വിശ്വസ്തതയോ, അനുദിനം നിങ്ങളിൽ ഉണ്ടായിരുന്ന വിശ്വസ്തതയുടെ അഭാവമോ, ഒന്നുകിൽ നിങ്ങളുടെ നിത്യസന്തോഷത്തിന്റെ ഉറവിടമോ അല്ലെങ്കിൽ നിത്യമായ ഖേദത്തിന്റെ ഉറവിടമോ ആയിത്തീരും.
കർത്താവേ, അങ്ങയിലും അങ്ങയുടെ വിശുദ്ധ തിരുഹിതത്തിലും എന്റെ ദൃഷ്ടി ഉറപ്പിച്ചുനിർത്താൻ എന്നെ സഹായിക്കണമേ. അങ്ങയുടെ ഹൃദയത്തിന് ആനന്ദം പകരുന്ന വിധത്തിൽ മാത്രം അങ്ങയെ സേവിക്കാൻ ഞാൻ പരിശ്രമിക്കേണ്ടതിന്, ജീവിതത്തിലെ സ്വാർഥവും ക്ഷണികവുമായ ലക്ഷ്യങ്ങളിൽനിന്ന് എന്നെ മോചിപ്പിക്കണമേ. സ്വർഗത്തിൽ ദൃഷ്ടി ഉറപ്പിച്ചുനിർത്താനും അങ്ങയുമായുള്ള ആ നിത്യസമാഗമത്തിനായി അനുദിനം ഒരുങ്ങാനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ




