മലയാളം

വിശുദ്ധമായ ജിജ്ഞാസ

2019 സെപ്റ്റംബർ 26, വ്യാഴാഴ്ച

ആണ്ടുവട്ടക്കാലം ഇരുപത്തിയഞ്ചാം ആഴ്ചയിലെ വ്യാഴാഴ്ച

ഇന്നത്തെ വായനകൾ

രക്തസാക്ഷികളായ വിശുദ്ധ കോസ്മാസും ദമിയാനും – ഐച്ഛിക അനുസ്മരണം

എന്നാൽ ഹേറോദേസ് പറഞ്ഞു: “യോഹന്നാനെ ഞാൻ ശിരച്ഛേദം ചെയ്യിച്ചു. അപ്പോൾ, ഇങ്ങനെയെല്ലാം ഞാൻ കേൾക്കുന്ന ഇയാൾ ആരാണ്?” അവിടുത്തെ കാണാൻ അവൻ ശ്രമിച്ചുകൊണ്ടിരുന്നു. ലൂക്കാ 9:9

ഹേറോദേസിൽനിന്ന് ചില ദുർഗുണങ്ങളെക്കുറിച്ചും ചില നല്ല ഗുണങ്ങളെക്കുറിച്ചും നമുക്കു പഠിക്കാനുണ്ട്. ദുർഗുണങ്ങൾ വളരെ വ്യക്തമാണ്. ഹേറോദേസ് ഏറെ പാപപങ്കിലമായ ജീവിതമാണ് നയിച്ചിരുന്നത്. ഒടുവിൽ, അവന്റെ ക്രമരഹിതമായ ജീവിതം വിശുദ്ധ സ്നാപകയോഹന്നാനെ ശിരച്ഛേദം ചെയ്യിക്കുന്നതിലേക്ക് അവനെ നയിച്ചു. എന്നാൽ മുകളിലെ തിരുവചനഭാഗം, നാം അനുകരിക്കാൻ ശ്രമിക്കേണ്ട രസകരമായ ഒരു ഗുണവും വെളിപ്പെടുത്തുന്നുണ്ട്.

ഹേറോദേസിന് യേശുവിൽ താത്പര്യമുണ്ടായിരുന്നു. “അവിടുത്തെ കാണാൻ അവൻ ശ്രമിച്ചുകൊണ്ടിരുന്നു” എന്ന് തിരുവചനം പറയുന്നു. സ്നാപകയോഹന്നാൻ ആദ്യം നൽകിയ സന്ദേശം സ്വീകരിച്ച് മാനസാന്തരപ്പെടുന്നതിലേക്ക് ഇത് ഒടുവിൽ ഹേറോദേസിനെ നയിച്ചില്ലെങ്കിലും, കുറഞ്ഞപക്ഷം അതൊരു ആദ്യചുവടായിരുന്നു.

കൂടുതൽ അനുയോജ്യമായ ഒരു പദമില്ലാത്തതിനാൽ, ഹേറോദേസിന്റെ ഈ ആഗ്രഹത്തെ ഒരുപക്ഷേ നമുക്ക് “വിശുദ്ധമായ ജിജ്ഞാസ” എന്നു വിളിക്കാം. യേശുവിൽ സവിശേഷമായ എന്തോ ഒന്നുണ്ടെന്ന് അവന് അറിയാമായിരുന്നു; അത് മനസ്സിലാക്കാൻ അവൻ ആഗ്രഹിച്ചു. യേശു ആരാണെന്ന് അറിയാൻ അവൻ ആഗ്രഹിച്ചു; അവിടുത്തെ സന്ദേശം അവനിൽ ജിജ്ഞാസ ഉണർത്തുകയും ചെയ്തു.

സത്യാന്വേഷണത്തിൽ ഹേറോദേസിനെക്കാൾ ഏറെ മുന്നോട്ടുപോകാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെങ്കിലും, നമ്മുടെ സമൂഹത്തിലെ പലരുടെയും മനോഭാവം ഹേറോദേസിൽ നന്നായി പ്രതിഫലിക്കുന്നുണ്ടെന്ന് നമുക്കു തിരിച്ചറിയാം. സുവിശേഷവും നമ്മുടെ വിശ്വാസം അവതരിപ്പിക്കുന്ന എല്ലാ കാര്യങ്ങളും അനേകരിൽ ജിജ്ഞാസ ഉണർത്തുന്നു. മാർപാപ്പ പറയുന്നതും ലോകത്തിലെ അനീതികളോട് സഭ എങ്ങനെ പ്രതികരിക്കുന്നുവെന്നതും അവർ ജിജ്ഞാസയോടെ ശ്രദ്ധിക്കുന്നു. കൂടാതെ, സമൂഹം മൊത്തത്തിൽ പലപ്പോഴും നമ്മെയും നമ്മുടെ വിശ്വാസത്തെയും കുറ്റപ്പെടുത്തുകയും വിമർശിക്കുകയും ചെയ്യുന്നു. എങ്കിലും, ദൈവം പറയാനുള്ളത്, പ്രത്യേകിച്ച് നമ്മുടെ സഭയിലൂടെ പറയാനുള്ളത്, കേൾക്കാൻ സമൂഹത്തിനുള്ള താത്പര്യത്തിന്റെയും ആഗ്രഹത്തിന്റെയും ഒരു അടയാളമാണ് ഇതും വെളിപ്പെടുത്തുന്നത്.

ഇന്ന് രണ്ടു കാര്യങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യുക. ഒന്നാമതായി, കൂടുതൽ അറിയാനുള്ള നിങ്ങളുടെ സ്വന്തം ആഗ്രഹത്തെക്കുറിച്ച് ചിന്തിക്കുക. ആ ആഗ്രഹം കണ്ടെത്തുമ്പോൾ അവിടെത്തന്നെ നിന്നുപോകരുത്. നമ്മുടെ കർത്താവിന്റെ സന്ദേശത്തിലേക്ക് നിങ്ങളെ അടുപ്പിക്കാൻ അതിനെ അനുവദിക്കുക. രണ്ടാമതായി, നിങ്ങൾക്കു ചുറ്റുമുള്ളവരുടെ “വിശുദ്ധമായ ജിജ്ഞാസ” ശ്രദ്ധിക്കുക. ഒരുപക്ഷേ, നിങ്ങളുടെ വിശ്വാസത്തിനും നമ്മുടെ സഭയ്ക്കും പറയാനുള്ള കാര്യങ്ങളിൽ ഒരു അയൽക്കാരനോ കുടുംബാംഗമോ സഹപ്രവർത്തകനോ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടാകാം. അതു കാണുമ്പോൾ അവർക്കുവേണ്ടി പ്രാർഥിക്കുക. തന്റെ സന്ദേശം അന്വേഷിക്കുന്ന എല്ലാവരിലേക്കും അത് എത്തിക്കാൻ, സ്നാപകയോഹന്നാനെ ഉപയോഗിച്ചതുപോലെ നിങ്ങളെയും ഉപയോഗിക്കണമേ എന്ന് ദൈവത്തോട് അപേക്ഷിക്കുക.

കർത്താവേ, എല്ലാ കാര്യങ്ങളിലും എല്ലാ സമയത്തും അങ്ങയെ അന്വേഷിക്കാൻ എന്നെ സഹായിക്കണമേ. അന്ധകാരം ചുറ്റും നിറയുമ്പോൾ, അങ്ങ് വെളിപ്പെടുത്തിയ പ്രകാശം കണ്ടെത്താൻ എന്നെ സഹായിക്കണമേ. തുടർന്ന്, ആ പ്രകാശം ഏറെ ആവശ്യമുള്ള ലോകത്തിലേക്ക് അതു കൊണ്ടുചെല്ലാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

അന്നത്തെ വിശുദ്ധർ – വിശുദ്ധ കോസ്മാസും ദമിയാനും