2019 ഒക്ടോബർ 1, ചൊവ്വാഴ്ച
ആണ്ടുവട്ടത്തിലെ ഇരുപത്തിയാറാം ആഴ്ചയിലെ ചൊവ്വാഴ്ച
ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യ, കന്യകയും വേദപാരംഗതയും – അനുസ്മരണം

“കർത്താവേ, ഇവരെ നശിപ്പിക്കാൻ ആകാശത്തുനിന്ന് അഗ്നി ഇറങ്ങിവരണമെന്ന് ഞങ്ങൾ പറയണമെന്നാണോ അങ്ങ് ആഗ്രഹിക്കുന്നത്?” യേശു തിരിഞ്ഞ് അവരെ ശാസിച്ചു; അവർ മറ്റൊരു ഗ്രാമത്തിലേക്കു യാത്രയായി. ലൂക്കാ 9:54-56
യാക്കോബും യോഹന്നാനും പറഞ്ഞ ഈ വാക്കുകൾ, ജീവിതത്തിലെ പല സന്ദർഭങ്ങളിലും പറയാൻ പലർക്കും തോന്നുന്നവയാണ്. ഒരുപക്ഷേ നിങ്ങൾക്കും അങ്ങനെ തോന്നിയിട്ടുണ്ടാകാം. തങ്ങൾ പ്രവേശിച്ച സമരിയാക്കാരുടെ ഒരു പട്ടണത്തിൽ യേശുവിന് സ്വീകരണം ലഭിക്കാതിരുന്നതിനാലാണ് ഈ അപ്പസ്തോലന്മാർ ഇങ്ങനെ സംസാരിച്ചത്. അവിടെ ഭക്ഷണം കഴിക്കാൻ അവിടുന്ന് ആഗ്രഹിച്ചു; എന്നാൽ പട്ടണവാസികൾ അവിടുത്തെയും അവിടുത്തെ അപ്പസ്തോലന്മാരെയും നിരസിച്ചു. തന്മൂലം യാക്കോബും യോഹന്നാനും മനസ്സു നൊന്ത് കോപിക്കുകയും ആ ഗ്രാമത്തിന്മേൽ ദൈവക്രോധം ഇറങ്ങിവരണമെന്ന് ആഗ്രഹിക്കുകയും ചെയ്തു.
ജീവിതത്തിൽ മുറിവേൽക്കുമ്പോഴെല്ലാം നമുക്ക് ഇങ്ങനെ തോന്നുന്നത് മനസ്സിലാക്കാവുന്നതാണ്. നീതിയും പ്രതികാരവും നാം ആഗ്രഹിക്കുകയും നമ്മെ വേദനിപ്പിച്ചവർ തങ്ങളുടെ പാപത്തിന് വില നൽകണമെന്ന് മോഹിക്കുകയും ചെയ്യാറുണ്ട്. എന്നാൽ യേശുവിന്റെ മനോഭാവം തികച്ചും വ്യത്യസ്തമായിരുന്നു. ദൈവക്രോധം വരുത്താനുള്ള ആഗ്രഹത്തിന്റെ പേരിൽ അവിടുന്ന് തന്റെ അപ്പസ്തോലന്മാരെ ശാസിക്കുകയും ഈ തിരസ്കാരം തന്നെ ബാധിക്കാൻ അനുവദിക്കാതെ മുന്നോട്ടുപോകുകയും ചെയ്തു.
മറ്റുള്ളവരിൽനിന്നുണ്ടാകുന്ന തിരസ്കാരവും മറ്റു തരത്തിലുള്ള മനോവേദനകളും വിട്ടുകളയുക പ്രയാസമായിരിക്കാം. സാവധാനം വളർന്നു പടർന്നുപിടിക്കുന്ന പൂപ്പൽപോലെ അവ എളുപ്പത്തിൽ നമ്മുടെ ഹൃദയത്തിൽ തങ്ങിനിൽക്കാം. അങ്ങനെ സംഭവിക്കുമ്പോൾ, ക്ഷമിക്കാനും മനസ്സിലെ മുറിവ് വിട്ടുകളയാനും നിങ്ങൾക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.
മറ്റൊരാൾ ഏൽപ്പിച്ച മനസ്സിലെ മുറിവിനെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം നമ്മുടെ കർത്താവ് ചെയ്തതുപോലെ ഉടൻതന്നെ പ്രവർത്തിക്കുക എന്നതാണ്. അത് ഉടൻതന്നെ വിട്ടുകളഞ്ഞ് നിങ്ങൾ മുന്നോട്ടുപോകണം. പ്രതികാരം ചെയ്യാനുള്ള അധികാരം ദൈവത്തിനു മാത്രമാണ്, നമുക്കല്ല. ഇങ്ങനെ ചെയ്യാതെ നാം മനോവേദനകൾ ഉള്ളിൽ സൂക്ഷിക്കുമ്പോൾ, ഒടുവിൽ മറ്റാരെക്കാളും കൂടുതൽ ദോഷം അവ നമുക്കുതന്നെ വരുത്തിവയ്ക്കുന്നു.
നിങ്ങളുടെ ഹൃദയത്തിൽ ഇപ്പോഴും സൂക്ഷിക്കുന്ന ഏതെങ്കിലും കോപമോ മനോവേദനയോ ഉണ്ടെങ്കിൽ അതിനെക്കുറിച്ച് ഇന്ന് ചിന്തിക്കുക. ക്ഷമിച്ച് മുന്നോട്ടുപോകാൻ ബോധപൂർവം തീരുമാനിക്കുക. ക്ഷമിക്കുക എന്നതിന്റെ അർഥം നിങ്ങളെ വേദനിപ്പിച്ചത് തെറ്റല്ലെന്ന മട്ടിൽ പെരുമാറുക എന്നല്ല. മറിച്ച്, മറ്റൊരാളോടു ക്ഷമിക്കുന്നത് തെറ്റു സംഭവിച്ചുവെന്ന അംഗീകാരം കൂടിയാണ്. ആ മുറിവ് നിങ്ങൾക്ക് അനാവശ്യമായി കൂടുതൽ ദോഷം വരുത്താതിരിക്കാൻ ക്ഷമ നിങ്ങളെ സഹായിക്കുന്നു. ആത്യന്തികമായി, പശ്ചാത്തപിച്ച് നിങ്ങളുമായി അനുരഞ്ജനത്തിലാകാൻ മറ്റേയാൾക്കുള്ള ഒരു തുറന്ന ക്ഷണം കൂടിയാണത്. പ്രതികാരവും ക്രോധവും കർത്താവിനു വിട്ടുകൊടുത്ത് നിങ്ങളുടെ ഹൃദയം സമാധാനത്തിൽ നിലനിർത്താൻ പരിശ്രമിക്കുക.
കർത്താവേ, ക്ഷമിക്കാനുള്ള കൃപയ്ക്കായി ഞാൻ പ്രാർഥിക്കുന്നു. എന്നെ ഏറ്റവും അധികം വേദനിപ്പിച്ചവരോട് ഞാൻ പ്രത്യേകമായി ക്ഷമിക്കുകയും അവരെ അങ്ങേക്ക് സമർപ്പിക്കുകയും ചെയ്യുന്നു. ഞാൻ ഉള്ളിൽ കൊണ്ടുനടക്കുന്ന പ്രതികാരവികാരങ്ങളിൽനിന്നെല്ലാം എന്നെ മോചിപ്പിക്കുകയും അങ്ങയുടെ നിർമ്മലവും കരുണാർദ്രവുമായ ഹൃദയത്തോടെ സ്നേഹിക്കാൻ എന്നെ സഹായിക്കുകയും ചെയ്യണമേ. പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങ് സ്നേഹിക്കുന്നതുപോലെ മറ്റുള്ളവരെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധ – ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യ
വിശുദ്ധ കൊച്ചുത്രേസ്യയിൽനിന്നുള്ള പാഠങ്ങൾ:
ദൈവത്തിന്റെ ചെറുപുഷ്പത്തിന്റെ ജ്ഞാനം
Amazon പേപ്പർബാക്ക് – Amazon Kindle – Google Play – iTunes – Barnes & Noble





