മലയാളം

ഈ ആഗമനകാലത്ത് നിങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിക്കൂ

2019 ഡിസംബർ 14
ആഗമനകാലത്തിലെ രണ്ടാം ആഴ്ചയിലെ ശനിയാഴ്ച 
ഇന്നത്തെ വായനകൾ

കുരിശിന്റെ വിശുദ്ധ യോഹന്നാൻ, വൈദികനും വേദപാരംഗതനും—ഓർമ്മ

“ഞാൻ നിങ്ങളോടു പറയുന്നു: ഏലിയാ ഇതിനകം വന്നുകഴിഞ്ഞു. എന്നാൽ അവർ അവനെ തിരിച്ചറിഞ്ഞില്ല; തങ്ങൾക്കു തോന്നിയതെല്ലാം അവനോടു ചെയ്തു. അതുപോലെ മനുഷ്യപുത്രനും അവരുടെ കൈകളാൽ പീഡയനുഭവിക്കും.” അപ്പോൾ, സ്നാപകയോഹന്നാനെക്കുറിച്ചാണ് അവൻ തങ്ങളോടു സംസാരിച്ചതെന്ന് ശിഷ്യന്മാർക്കു മനസ്സിലായി. മത്തായി 17:12-13

വിശുദ്ധ സ്നാപകയോഹന്നാനെക്കുറിച്ചുള്ള വിചിന്തനം തുടരുമ്പോൾ, ഏലിയായായി വന്ന അവന്റെ ദൗത്യം നിയമജ്ഞർ തിരിച്ചറിഞ്ഞില്ലെന്നു നാം കാണുന്നു. കർത്താവിനു വഴിയൊരുക്കുക എന്ന ഏലിയായുടെ ദൗത്യം അവൻ നിറവേറ്റുന്നതായി കാണാൻ അവർക്കു കഴിഞ്ഞില്ല.

ക്രിസ്തുവിന്റെ വരവിനു വഴിയൊരുക്കുന്നതിൽ യോഹന്നാന് സവിശേഷവും നിർണായകവുമായ ഒരു ദൗത്യമുണ്ടായിരുന്നു. അതുപോലെ, ക്രിസ്തുവിന്റെ തുടർച്ചയായ വരവിനു വഴിയൊരുക്കുന്നതിൽ നമ്മിൽ ഓരോരുത്തർക്കും ഒരു ദൗത്യമുണ്ട്. അനേകവർഷങ്ങൾക്കുമുമ്പ് യേശു ഒരിക്കൽ വന്നു. എന്നാൽ നമ്മുടെ ജീവിതത്തിലേക്ക് തുടർന്നും വരാൻ അവിടുന്ന് ആഗ്രഹിക്കുന്നു. നാം അവിടുത്തെ സ്വീകരിക്കാൻ ഉചിതമായി ഒരുങ്ങിയാൽ മാത്രമേ അവിടുത്തേക്കു വരാൻ കഴിയൂ.

നിങ്ങൾ എങ്ങനെയാണ് “കർത്താവിന്റെ വഴി ഒരുക്കുന്നത്?” സ്നാപകയോഹന്നാന്റെ പ്രവർത്തനം നിങ്ങൾ എങ്ങനെയാണ് തുടരുന്നത്? പ്രത്യേകിച്ച് ആഗമനകാലത്ത്, യോഹന്നാന്റെ മുഖ്യസന്ദേശത്തിനു ചെവികൊടുത്തുകൊണ്ടാണ് നിങ്ങൾ അതു ചെയ്യുന്നത്. എന്തായിരുന്നു അവന്റെ മുഖ്യസന്ദേശം? നമ്മുടെ പാപങ്ങളെക്കുറിച്ച് അനുതപിക്കുക എന്നതായിരുന്നു അവന്റെ സന്ദേശം.

പതിതമായ മനുഷ്യസ്വഭാവത്തിന്റെ ഫലമായി നാമെല്ലാവരും പാപത്തോടു പോരാടുന്നുണ്ടെങ്കിലും, പൂർണതയിലേക്കാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നു നാം ഒരിക്കലും മറക്കരുത്. സ്വർഗസ്ഥനായ പിതാവ് പൂർണനായിരിക്കുന്നതുപോലെ പൂർണരാകാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ പാപങ്ങൾ തിരിച്ചറിയാനും അവ കുമ്പസാരിക്കാനും അവയോടുള്ള ആസക്തിയിൽനിന്നു മോചിതരാകാൻ പരിശ്രമിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു.

ഇതു ചെയ്യാൻ വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലങ്ങളിൽ ഒന്നാണ് ആഗമനകാലം. ഈ വിശുദ്ധകാലത്ത് അനുരഞ്ജന കൂദാശയുടെ കൃപ തേടുന്നത് വിശേഷാൽ പ്രധാനമാണ്.

നിങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിക്കേണ്ടതിന്റെ പ്രാധാന്യം സ്വന്തം ആത്മാവിനോടു പ്രഘോഷിക്കാൻ നിങ്ങൾ എത്രമാത്രം സന്നദ്ധരും മനസ്സുള്ളവരുമാണെന്ന് ഇന്ന് ചിന്തിക്കുക. ഈ വിശുദ്ധകാലത്ത് അനുതാപം സ്വീകരിക്കുന്നതാണ് നിങ്ങളുടെ ജീവിതത്തിലേക്കുള്ള ക്രിസ്തുവിന്റെ തുടർച്ചയായ വരവിനായി ഒരുങ്ങാനുള്ള ഏറ്റവും നല്ല മാർഗം.

കർത്താവേ, ഈ ആഗമനകാലത്തിലേക്ക് കൂടുതൽ ആഴത്തിൽ പ്രവേശിക്കുമ്പോൾ, എന്റെ പാപം കാണാൻ എന്നെ സഹായിക്കണമേ. അങ്ങയിൽനിന്ന് എന്നെ അകറ്റിനിർത്തുന്ന അനേകം കാര്യങ്ങളെക്കുറിച്ച് ബോധ്യമുള്ളവനാകാനും പൂർണഹൃദയത്തോടെ അവയിൽനിന്നു പിന്തിരിയാനും എന്നെ സഹായിക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ആഗമനകാല സഹായവിഭവങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ