മലയാളം

അപ്പസ്തോലനും സുവിശേഷകനുമായ വിശുദ്ധ യോഹന്നാൻ

ഡിസംബർ 27, 2019
അപ്പസ്തോലനും സുവിശേഷകനുമായ വിശുദ്ധ യോഹന്നാൻ—തിരുനാൾ
ക്രിസ്തുമസ് അഷ്ടദിനാഘോഷത്തിന്റെ മൂന്നാം ദിവസം
ഇന്നത്തെ വായനകൾ

പ്രിയപ്പെട്ടവരേ: ആദിമുതൽ ഉണ്ടായിരുന്നതും ഞങ്ങൾ കേട്ടതും സ്വന്തം കണ്ണുകളാൽ കണ്ടതും സൂക്ഷിച്ചുനോക്കിയതും കൈകളാൽ സ്പർശിച്ചതും ജീവന്റെ വചനത്തെക്കുറിച്ചാണ്—എന്തെന്നാൽ, ആ ജീവൻ ദൃശ്യമായി; ഞങ്ങൾ അതു കാണുകയും അതിനു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. പിതാവിനോടുകൂടെ ഉണ്ടായിരുന്നതും ഞങ്ങൾക്കു ദൃശ്യമായതുമായ നിത്യജീവനെ ഞങ്ങൾ നിങ്ങളോടു പ്രഘോഷിക്കുന്നു—നിങ്ങൾക്കും ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്, ഞങ്ങൾ കണ്ടതും കേട്ടതും ഇപ്പോൾ നിങ്ങളോടു പ്രഘോഷിക്കുന്നു; ഞങ്ങളുടെ കൂട്ടായ്മയാകട്ടെ, പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുമാണ്. ഞങ്ങളുടെ സന്തോഷം പൂർണമാകേണ്ടതിനാണ് ഞങ്ങൾ ഇതെഴുതുന്നത്. 1 യോഹന്നാൻ 1:1-4

ക്രിസ്തുമസ് അഷ്ടദിനാഘോഷത്തിന്റെ മൂന്നാം ദിവസമായ ഇന്ന് വിശുദ്ധ യോഹന്നാനു സമർപ്പിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ദൈവമായ കർത്താവിനെക്കുറിച്ച് നമുക്കറിയാവുന്ന കാര്യങ്ങളിൽ വളരെയേറെ അദ്ദേഹത്തിൽനിന്നു ലഭിച്ചതിനാൽ, ക്രിസ്തുമസ് കാലത്ത് വിശുദ്ധ യോഹന്നാനെ വണങ്ങുന്നതിനു പ്രത്യേക പ്രാധാന്യമുണ്ട്. നാലു സുവിശേഷങ്ങളിൽ ഒന്ന് എഴുതിയതിനു പുറമേ, ഇന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്ന വിവിധ ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. മുകളിൽ നൽകിയിരിക്കുന്ന ലേഖനഭാഗം ഇന്നത്തെ വിശുദ്ധ കുർബാനയിലെ ഒന്നാം വായനയിൽനിന്നുള്ളതാണ്.

ആദിമുതൽ നിലനിൽക്കുന്ന നിത്യവചനം മാംസം ധരിച്ചതിനെക്കുറിച്ച് തന്റെ സുവിശേഷത്തിന്റെ ഒന്നാം അധ്യായത്തിൽ എഴുതിയ കാര്യം യോഹന്നാൻ ഈ ലേഖനത്തിൽ വീണ്ടും പ്രതിധ്വനിപ്പിക്കുന്നു. “ആദിമുതൽ ഉണ്ടായിരുന്നത്…ഞങ്ങൾക്കു ദൃശ്യമായി” എന്ന് ഇവിടെ അദ്ദേഹം ആവർത്തിക്കുന്നു. അതായത്, പിതാവിന്റെ നിത്യപുത്രൻ നമുക്കു കാണാനാകുന്നവിധം മാംസം ധരിച്ചു. യോഹന്നാൻ ഇതിനു സാക്ഷിയായിരുന്നു.

വിശുദ്ധ യോഹന്നാനെ വണങ്ങുമ്പോൾ, അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലൂടെ ക്രിസ്തുമസിനെ നോക്കിക്കാണാൻ ശ്രമിക്കുന്നതു നല്ലതാണ്. ദൈവത്തിന്റെ മനുഷ്യാവതാരമെന്ന മഹാരഹസ്യത്തെക്കുറിച്ച് ജീവിതകാലം മുഴുവൻ ധ്യാനിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടാകും. താൻ വ്യക്തിപരമായും അടുത്തും അറിഞ്ഞ ഈ മനുഷ്യൻ കാലത്തിനുമുമ്പേ നിലനിന്നിരുന്നുവെന്നും പരിശുദ്ധ ത്രിത്വത്തിലെ ഒരു വ്യക്തിയായിരുന്നുവെന്നുമുള്ള യാഥാർഥ്യത്തെക്കുറിച്ച് അദ്ദേഹം ധ്യാനിച്ചിട്ടുണ്ടാകും. യോഹന്നാനെ സംബന്ധിച്ചിടത്തോളം, മനുഷ്യാവതാരം വ്യക്തിപരമായി അനുഭവവേദ്യവും ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നതുമായ വിധത്തിൽ ഏറെ യാഥാർഥ്യവും വിസ്മയാവഹവുമായിരുന്നിരിക്കണം.

യോഹന്നാന്റെ കാഴ്ചപ്പാടിലൂടെ യേശുവിനെ നോക്കിക്കാണാൻ ശ്രമിക്കുക. എന്നാൽ, പ്രത്യേകിച്ച് യേശു സ്വർഗാരോഹണം ചെയ്ത് പരിശുദ്ധാത്മാവിനെ അയച്ചതിനുശേഷമുള്ള യോഹന്നാന്റെ കാഴ്ചപ്പാടിലൂടെ മനുഷ്യാവതാരത്തെ നോക്കിക്കാണുക. അതിനുശേഷം പതിറ്റാണ്ടുകളോളം യോഹന്നാൻ സദ്‌വാർത്ത പ്രചരിപ്പിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ചു. തന്നോടൊപ്പം നടക്കുകയും സംസാരിക്കുകയും ചെയ്ത ആ മനുഷ്യൻ ദൈവവും മനുഷ്യനുമാണെന്ന് കൂടുതൽ വ്യക്തമായി തിരിച്ചറിയാൻ സ്വയം തുറന്നുകൊടുത്തുകൊണ്ട്, ആ മഹാരഹസ്യത്തെക്കുറിച്ചു ധ്യാനിക്കാൻ അദ്ദേഹം ജീവിതം സമർപ്പിച്ചു. ഈ മഹാരഹസ്യത്തെ പൂർണമായി ഗ്രഹിച്ചുതീർക്കാൻ അദ്ദേഹത്തിന് ഒരിക്കലും കഴിഞ്ഞിരിക്കില്ല; താൻ അനുഭവിച്ച കാര്യങ്ങളെക്കുറിച്ച് അദ്ദേഹം നിരന്തരം വിസ്മയഭരിതനായിരുന്നിരിക്കണം.

മാത്രമല്ല, വിശുദ്ധ കുർബാന അർപ്പിച്ചപ്പോഴെല്ലാം ദൈവവും മനുഷ്യനുമായ ക്രിസ്തുവിന്റെ സാന്നിധ്യം തുടർന്നും “സ്പർശിക്കാൻ” യോഹന്നാന് അനുഗ്രഹം ലഭിച്ചിരുന്നിരിക്കണം. ഈ ദാനത്തിലൂടെ യേശു തനിക്കു പൂർണമായി സന്നിഹിതനാകുന്നുവെന്ന് ക്രമേണ അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടാകും.

ഈ മഹാനായ അപ്പസ്തോലനെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ആഴമായ ഉൾക്കാഴ്ചയുള്ള അദ്ദേഹത്തിന്റെ രചനകൾക്കായി കൃതജ്ഞതാപ്രാർഥന അർപ്പിക്കുക. ജീവിതകാലം മുഴുവൻ യേശുവിനെക്കുറിച്ച് പ്രാർഥനാപൂർവം ധ്യാനിച്ച അദ്ദേഹത്തിന്റെ മനസ്സിലേക്കും ഹൃദയത്തിലേക്കും കടന്നുചെല്ലാൻ ശ്രമിക്കുക. അദ്ദേഹം സഭയ്ക്കു ലഭിച്ച ഒരു ദാനമാണ്; ആ ദാനത്തെ ഓർത്ത് നാം ഇന്ന് കൃതജ്ഞരാകുന്നു.

കർത്താവേ, അങ്ങ് മഹത്വപൂർണനും എന്റെ ഗ്രഹണശക്തിക്ക് അതീതനുമാണ്. ഈ ലോകത്തിലെ അങ്ങയുടെ ദിവ്യസാന്നിധ്യം സത്യമായും രഹസ്യാത്മകവും വിസ്മയജനകവുമാണ്. ഞങ്ങളുടെ ഇടയിലേക്കു വന്നതിന് അങ്ങേക്കു നന്ദി. വിശുദ്ധ യോഹന്നാൻ അപ്പസ്തോലന്റെ രചനകളിലൂടെ അങ്ങയെ ഞങ്ങൾക്കു വെളിപ്പെടുത്തിയതിനും നന്ദി. അദ്ദേഹം എഴുതിയ എല്ലാറ്റിലൂടെയും അങ്ങയെ കൂടുതൽ ആഴത്തിൽ അറിയാൻ എനിക്കു കഴിയുമാറാകട്ടെ. പ്രിയശിഷ്യനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മാതൃക ഞാൻ എപ്പോഴും അനുകരിക്കുമാറാകട്ടെ. വിശുദ്ധ യോഹന്നാനേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ


കൂടുതൽ ക്രിസ്മസ് ധ്യാനചിന്തകൾ:

സമ്പൂർണ്ണ സമർപ്പണം

ആനന്ദത്താൽ കുതിച്ചുചാടിയതിന്റെ ഓർമ

കർത്താവിന്റെ എളിയ ദാസി

എല്ലാ കാര്യങ്ങളിലും വിശ്വസ്തത

ലോകം സ്വാഗതം ചെയ്യാത്തവൻ

വ്യാകുലതയുടെ വാൾ

പ്രവാസജീവിതം

പങ്കുവയ്ക്കപ്പെട്ട സഹനം

ഒരു അമ്മയുടെ ഹൃദയവിചാരങ്ങൾ