2020 ജനുവരി 17
ആണ്ടുവട്ടത്തിലെ ഒന്നാം വാരത്തിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ
ഈജിപ്തിലെ വിശുദ്ധ അന്തോണീസ്, ആശ്രമാധിപൻ—ഓർമ്മ
ക്രിസ്തു രോഗികളെ സുഖപ്പെടുത്തുമ്പോൾ ജനക്കൂട്ടം ഒരുമിച്ചുകൂടുന്നു. ബി. വെസ്റ്റിന്റെ ചിത്രത്തെ ആധാരമാക്കി ടി. ഫിലിബ്രൗൺ തയ്യാറാക്കിയ കൊത്തുചിത്രം. കടപ്പാട്: Wellcome Collection. CC BY
കുറെ ദിവസങ്ങൾക്കുശേഷം യേശു കഫർണാമിൽ തിരിച്ചെത്തിയപ്പോൾ, അവൻ വീട്ടിലുണ്ടെന്ന് അറിവായി. വാതിൽക്കൽപ്പോലും ഇടമില്ലാത്തവിധം അനേകർ അവിടെ ഒരുമിച്ചുകൂടി. അവൻ അവരോടു വചനം പ്രസംഗിച്ചു. മർക്കോസ് 2:1-2
യേശുവിന്റെ അടുക്കലേക്ക് വളരെയധികം ആളുകൾ വന്നുകൊണ്ടിരുന്നതിനാൽ എല്ലാവർക്കും ഇടമുണ്ടായിരുന്നില്ല; അവൻ താമസിച്ചിരുന്ന വീടിന്റെ വാതിൽക്കൽപ്പോലും ഇടമില്ലായിരുന്നു. കൗതുകകരമായ ഒരു സാഹചര്യമാണിത്. പ്രായോഗികമായി ചിന്തിച്ചാൽ, യേശു എന്തുകൊണ്ടാണ് ഈ ബുദ്ധിമുട്ട് ശ്രദ്ധിച്ച് അതിനൊരു പരിഹാരം ചെയ്യാതിരുന്നത്? എല്ലാവർക്കും തന്നെ കാണാനും കേൾക്കാനും കഴിയുന്ന കൂടുതൽ വിശാലമായ ഒരു സ്ഥലത്തേക്ക് അവന് മാറാമായിരുന്നില്ലേ?
ആ ചോദ്യത്തിന് ഉത്തരം പറയുക പ്രയാസമാണ്. എന്നാൽ ഒരു കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാം. അവന്റെ വാക്കുകൾ കേൾക്കാൻ വന്നവർക്ക്, അകത്തു കടക്കാൻ കഴിഞ്ഞില്ലെങ്കിലും, അവരുടെ വിശ്വാസത്തിന് വലിയ പ്രതിഫലം ലഭിച്ചുവെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാം. വളരെ പ്രധാനപ്പെട്ട ഒരു ആത്മീയ തത്ത്വം ഈ ഭാഗം വെളിപ്പെടുത്തുന്നു. യേശുവിന്റെ അടുത്തായിരിക്കാനുള്ള ആത്മീയ അഭിലാഷംതന്നെ അവരിൽ മാറ്റം വരുത്തുന്നതായിരുന്നു എന്ന് ഇത് വെളിപ്പെടുത്തുന്നു.
പലപ്പോഴും നമുക്കും സമാനമായ അനുഭവമുണ്ടാകാം. യേശു നമ്മോടു സംസാരിക്കുന്നതു കേൾക്കാൻ നാം കൊതിക്കുന്നുണ്ടെങ്കിലും, അവന്റെ സ്വരം കേൾക്കാൻ കഴിയുന്നില്ലെന്ന് നമുക്കു തോന്നാം. അവൻ നമ്മോടു മൗനം പാലിക്കുന്നതായി തോന്നുന്നതാകാം; അല്ലെങ്കിൽ അവനെ എവിടെ കണ്ടെത്തണമെന്ന് നമുക്ക് അറിയാത്തതാകാം. എന്നാൽ നിങ്ങളുടെ അനുഭവം ഇതാണെങ്കിൽ നിരാശരാകരുത്. അവനോടൊപ്പം ആയിരിക്കാനുള്ള നിങ്ങളുടെ ആഗ്രഹംതന്നെ ഒരു വലിയ ദാനമാണെന്നും നിങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്താനുള്ള ശക്തി അതിനുണ്ടെന്നുമുള്ളതാണ് യാഥാർഥ്യം.
“ദൈവത്തിന്റെ മൗനം” എന്നു വിളിക്കാവുന്ന അനുഭവത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ദൈവം അകലെയാണെന്നും എവിടെയും അവനെ കണ്ടെത്താൻ കഴിയുന്നില്ലെന്നും തോന്നുന്ന സമയങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായേക്കാം. അങ്ങനെ സംഭവിക്കുമ്പോൾ, തന്നെ കൂടുതൽ അടുത്തനുഗമിക്കാൻ ദൈവം നിങ്ങളെ വിളിക്കുന്ന ഒരു വഴിയാണിതെന്ന് നിങ്ങൾ തിരിച്ചറിയണം. നിങ്ങളുടെ പൂർണ്ണശ്രദ്ധ നേടാനായി ദൈവം മൃദുസ്വരത്തിൽ സംസാരിക്കുന്ന ഒരു വഴിയാണിത്. ഇടയ്ക്കിടെ നിങ്ങൾ അനുഭവിക്കുന്ന ഒരു “പോരാട്ടം” ഇതാണെങ്കിൽ, കൂടുതൽ തീവ്രമായി നമ്മുടെ കർത്താവിലേക്കു ശ്രദ്ധ തിരിക്കുകയും അവനുവേണ്ടിയുള്ള ആഗ്രഹം വളരാൻ അനുവദിക്കുകയും ചെയ്യുക. യേശുവിന്റെ അടുത്തായിരിക്കാനുള്ള ഈ ആഗ്രഹം, അവന്റെ സ്വരം ഉച്ചത്തിലും വ്യക്തമായും കേൾക്കുന്നതിനെക്കാൾ ഏറെ ഫലങ്ങൾ നിങ്ങളുടെ ജീവിതത്തിൽ യഥാർഥത്തിൽ ഉളവാക്കിയേക്കാം.
കർത്താവേ, അങ്ങയുടെ അടുത്തായിരിക്കാനുള്ള ആഗ്രഹം എന്നിൽ വർധിപ്പിക്കണമേ. പൂർണ്ണഹൃദയത്തോടെ അങ്ങേക്കായി കൊതിക്കാൻ എന്നെ സഹായിക്കണമേ. ആ അഭിലാഷത്തിൽ, അങ്ങയുടേതല്ലാത്തതെല്ലാം ഉപേക്ഷിക്കാനും എന്റെ പൂർണ്ണശ്രദ്ധ അങ്ങേക്കു നൽകാനും എന്നെ സഹായിക്കണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ




