മലയാളം

നമ്മുടെ ദൗത്യം നിറവേറ്റുക

ഫെബ്രുവരി 2, 2020
കർത്താവിന്റെ സമർപ്പണം—തിരുനാൾ

ഇന്നത്തെ വായനകൾ

“നാഥാ, അവിടുത്തെ വചനമനുസരിച്ച് ഇപ്പോൾ അവിടുത്തെ ദാസനെ സമാധാനത്തിൽ വിട്ടയച്ചാലും. എന്തെന്നാൽ, സകല ജനതകളുടെയും മുമ്പിൽ അങ്ങ് ഒരുക്കിയിരിക്കുന്ന അവിടുത്തെ രക്ഷ എന്റെ കണ്ണുകൾ കണ്ടിരിക്കുന്നു: വിജാതീയർക്ക് വെളിപാടിന്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന് മഹത്വവുമായ രക്ഷ.” ലൂക്കാ 2:29-32

മറിയവും യൗസേപ്പും ഈശോയെ ദേവാലയത്തിൽ സമർപ്പിച്ച മഹിമാപൂർണമായ സംഭവം നാം ഇന്ന് ആഘോഷിക്കുന്നു. “നീതിമാനും ദൈവഭക്തനുമായ” ശിമയോൻ ജീവിതകാലം മുഴുവൻ ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. ഒടുവിൽ ആ നിമിഷം വന്നെത്തിയപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്.

എളിമയും വിശ്വാസവും നിറഞ്ഞ ഒരു ഹൃദയത്തിൽനിന്ന് ഉയർന്നുവന്ന അഗാധമായ പ്രസ്താവനയാണിത്. ശിമയോൻ പറഞ്ഞതിന്റെ സാരം ഇതായിരുന്നു: “സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥാ, എന്റെ ജീവിതം ഇപ്പോൾ പൂർണമായി. ഞാൻ അവനെ കണ്ടു. ഞാൻ അവനെ കൈകളിൽ എടുത്തു. അവൻതന്നെയാണ് ആ രക്ഷകൻ. അവനാണ് മിശിഹാ. ജീവിതത്തിൽ ഇനി എനിക്ക് മറ്റൊന്നും ആവശ്യമില്ല. എന്റെ ജീവിതം സഫലമായി. മരിക്കാൻ ഞാൻ ഇപ്പോൾ തയ്യാറാണ്. എന്റെ ജീവിതം അതിന്റെ ലക്ഷ്യത്തിലും പൂർണതയിലും എത്തിയിരിക്കുന്നു.”

മറ്റേതൊരു സാധാരണ മനുഷ്യനെയുംപോലെ ശിമയോനും ജീവിതത്തിൽ അനേകം അനുഭവങ്ങൾ ഉണ്ടായിരുന്നിരിക്കണം. അദ്ദേഹത്തിന് പല അഭിലാഷങ്ങളും ലക്ഷ്യങ്ങളും ഉണ്ടായിരുന്നിരിക്കണം. പല കാര്യങ്ങൾക്കായും അദ്ദേഹം കഠിനാധ്വാനം ചെയ്തിട്ടുണ്ടാവും. അതിനാൽ, ഇപ്പോൾ “സമാധാനത്തിൽ പോകാൻ” താൻ തയ്യാറാണെന്ന് അദ്ദേഹം പറയുന്നതിന്റെ അർഥം ഇത്രമാത്രമാണ്: തന്റെ ജീവിതലക്ഷ്യം നിറവേറി; താൻ അധ്വാനിച്ചതും പരിശ്രമിച്ചതുമെല്ലാം ഈ നിമിഷത്തിൽ പൂർണതയിലെത്തി.

എത്ര അർഥവത്തായ വാക്കുകൾ! നമ്മുടെ അനുദിന ജീവിതത്തിന് അതൊരു വലിയ സാക്ഷ്യമാണ്; എന്തിനുവേണ്ടിയാണ് നാം പരിശ്രമിക്കേണ്ടതെന്നതിന് അതൊരു മാതൃകയും നൽകുന്നു. ക്രിസ്തുവിനെ കണ്ടുമുട്ടുകയും ദൈവത്തിന്റെ പദ്ധതിക്കനുസരിച്ച് നമ്മുടെ ജീവിതലക്ഷ്യം നിറവേറ്റുകയും ചെയ്യുന്നതായിരിക്കണം ജീവിതമെന്ന് ശിമയോന്റെ ഈ അനുഭവത്തിൽനിന്ന് നാം മനസ്സിലാക്കുന്നു. വിശ്വാസമെന്ന ദാനത്തിലൂടെ ശിമയോന് വെളിപ്പെടുത്തപ്പെട്ട ആ ലക്ഷ്യം ഇതായിരുന്നു: സമർപ്പണവേളയിൽ ദേവാലയത്തിൽവച്ച് ഉണ്ണിമിശിഹായെ സ്വീകരിക്കുക; തുടർന്ന് നിയമമനുസരിച്ച് ഈ ശിശുവിനെ പിതാവിന് സമർപ്പിക്കുക.

ജീവിതത്തിൽ നിങ്ങളുടെ ദൗത്യവും ലക്ഷ്യവും എന്താണ്? അത് ശിമയോന്റേതുപോലെതന്നെ ആയിരിക്കില്ല; എങ്കിലും സാമ്യങ്ങൾ ഉണ്ടായിരിക്കും. ദൈവത്തിന് നിങ്ങളെക്കുറിച്ച് പരിപൂർണമായ ഒരു പദ്ധതിയുണ്ട്; വിശ്വാസത്തിലൂടെ അവിടുന്ന് അത് നിങ്ങൾക്ക് വെളിപ്പെടുത്തിത്തരും. ആ വിളിയുടെയും ലക്ഷ്യത്തിന്റെയും അന്തിമമായ സാരം, നിങ്ങളുടെ ഹൃദയമാകുന്ന ദേവാലയത്തിൽ ക്രിസ്തുവിനെ സ്വീകരിക്കുകയും തുടർന്ന് എല്ലാവരും കാൺകെ അവിടുത്തെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുക എന്നതായിരിക്കും. നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതമനുസരിച്ച് അതിന് തനതായ ഒരു രൂപം കൈവരും. എന്നാൽ, അത് ശിമയോന്റെ വിളിപോലെതന്നെ അർഥവത്തും പ്രധാനപ്പെട്ടതുമായിരിക്കും; ലോകത്തിന്റെ രക്ഷയ്ക്കായുള്ള ദൈവത്തിന്റെ സമഗ്രമായ പദ്ധതിയുടെ അവിഭാജ്യഘടകവുമായിരിക്കും അത്.

ജീവിതത്തിലെ നിങ്ങളുടെ സ്വന്തം വിളിയെയും ദൗത്യത്തെയുംകുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങളുടെ വിളി നഷ്ടപ്പെടുത്തരുത്. നിങ്ങളുടെ ദൗത്യം നഷ്ടപ്പെടുത്തരുത്. ആ പദ്ധതി ക്രമേണ വെളിവാകുമ്പോൾ വിശ്വാസത്തോടെ ശ്രവിക്കുകയും പ്രതീക്ഷയോടെ കാത്തിരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. അങ്ങനെ, ഈ വിളി നിറവേറിയെന്ന ഉറപ്പോടെ ഒരുനാൾ നിങ്ങൾക്കും ആനന്ദിച്ച് “സമാധാനത്തിൽ പോകാൻ” കഴിയും.

കർത്താവേ, ഞാൻ അങ്ങയുടെ ദാസനാണ്. അങ്ങയുടെ തിരുഹിതം ഞാൻ അന്വേഷിക്കുന്നു. വിശ്വാസത്തോടും തുറന്ന മനസ്സോടുംകൂടെ അങ്ങയോട് പ്രത്യുത്തരിക്കാനും അങ്ങയോട് “അതെ” എന്നു പറയാനും എന്നെ സഹായിക്കണമേ. അങ്ങനെ, എന്നെ സൃഷ്ടിച്ചതിന്റെ ലക്ഷ്യം എന്റെ ജീവിതം നിറവേറ്റട്ടെ. ശിമയോന്റെ സാക്ഷ്യത്തിന് ഞാൻ അങ്ങയോട് നന്ദി പറയുന്നു. എന്റെ ജീവിതം സഫലമായതിൽ ഒരുനാൾ ഞാനും ആനന്ദിക്കാനിടയാകണമേ എന്നു പ്രാർഥിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

കൂടുതൽ വായനയ്ക്ക് – കർത്താവിന്റെ സമർപ്പണം