മലയാളം

യേശുവിൽനിന്നുള്ള അപ്രമാദിത്വമെന്ന ദാനം

2020 ഫെബ്രുവരി 22, ശനിയാഴ്ച
വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിരുനാൾ

ഇന്നത്തെ വായനകൾ

“അതിനാൽ ഞാൻ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേൽ ഞാൻ എന്റെ സഭ സ്ഥാപിക്കും. പാതാളത്തിന്റെ കവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വർഗരാജ്യത്തിന്റെ താക്കോലുകൾ ഞാൻ നിനക്കു നൽകും. നീ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും.” മത്തായി 16:18-19

ഈ വചനഭാഗം നമുക്കു വലിയ ആശ്വാസം നൽകേണ്ടതാണ്. എന്തുകൊണ്ട്? കാരണം, ഈ ഭാഗത്ത് യേശു തന്റെ സഭയ്ക്ക് അടിത്തറയിടുന്നു. അവിടുന്ന് പത്രോസിനു സ്വർഗരാജ്യത്തിന്റെ താക്കോലുകൾ നൽകുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, “അപ്രമാദിത്വം” എന്ന ദാനമായി അറിയപ്പെടുന്നതിനെ അവിടുന്ന് സ്ഥാപിക്കുന്നു.

ഇതിനെക്കുറിച്ച് ചിന്തിക്കുക. “സ്വർഗരാജ്യത്തിന്റെ താക്കോലുകൾ” നൽകപ്പെടുക എന്നതിന്റെ അർഥമെന്താണ്? എത്ര മഹത്തായ ഒരു പ്രസ്താവനയാണിത്! എന്നാൽ വ്യക്തമായും നിർണായകമായും ഇങ്ങനെ പറഞ്ഞതിലൂടെ, യേശു പത്രോസിനെ അത്ഭുതകരമായ ഒരു ആത്മീയശക്തി ഏൽപ്പിച്ചു. അതിന്റെ കൃത്യമായ അർഥം എന്താണെന്ന് ആ സമയത്ത് പത്രോസിനു മനസ്സിലായിരിക്കണമെന്നില്ല. എങ്കിലും, ഇത്തരമൊരു അധികാരം ഏൽപ്പിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിൽ മാറ്റം സംഭവിച്ചിട്ടുണ്ടാകും.

“അപ്രമാദിത്വം” എന്നതുകൊണ്ട് നാം അർഥമാക്കുന്നത്, വിശ്വാസത്തിന്റെയും ധാർമികതയുടെയും മേഖലകളിൽ സത്യമായതു മാത്രം പത്രോസ് പഠിപ്പിക്കുമെന്ന ഉറപ്പു നൽകപ്പെട്ടു എന്നതാണ്. വിശ്വാസവും ധാർമികതയും സ്വർഗരാജ്യത്തിൽ എന്നേക്കും നിലനിൽക്കുന്നവയാണ്. അതിനാൽ, ഈ മേഖലകളിലുള്ള അധികാരമാണ് പത്രോസിനെ ഏൽപ്പിച്ചിരിക്കുന്നത്.

കൂടാതെ, അപ്പസ്തോലന്മാർക്ക് പിൻഗാമികൾ ഉണ്ടായിരുന്നുവെന്ന് നമുക്കറിയാം. പത്രോസ് റോമിലേക്കു പോയി റോമിന്റെ മെത്രാനായി. അദ്ദേഹത്തിനു ശേഷം ലീനൂസ്, തുടർന്ന് ക്ലീറ്റസ്, പിന്നെ ക്ലെമന്റ് എന്നിങ്ങനെ ഇന്നത്തെ റോമിന്റെ മെത്രാൻവരെ പിൻഗാമികൾ ഉണ്ടായി. 2013-ൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ പത്രോസിന്റെ 265-ാം പിൻഗാമിയായി. ഇത് ശ്രദ്ധിക്കേണ്ടതാണ്. കാരണം, യേശു പത്രോസിനു നൽകിയ ഈ ആത്മീയാധികാരം അദ്ദേഹത്തിന്റെ മരണത്തോടെ അവസാനിച്ചില്ല. മറിച്ച്, അത് അദ്ദേഹത്തിന്റെ പിൻഗാമികളിലൂടെ തുടർന്നു; ലോകാവസാനംവരെ തുടരുകയും ചെയ്യും.

ഇന്ന് വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിരുനാൾ ആഘോഷിക്കുമ്പോൾ, നാം മാർപാപ്പയെ ആദരിക്കുക മാത്രമല്ല, പരിശുദ്ധ പിതാവിനെ ഏൽപ്പിച്ചിരിക്കുന്ന ആത്മീയാധികാരത്തിൽ ആനന്ദിക്കുകയും ചെയ്യുന്നു. സ്വർഗത്തിന്റെ താക്കോലുകളുമായി ബന്ധപ്പെട്ട ഉറപ്പുള്ള പ്രബോധനാധികാരത്തിലൂടെ യേശു ഇപ്രകാരം സജീവനായി നിലകൊള്ളുന്നുവെന്നും നരകത്തിന്റെ കവാടങ്ങൾ ഒരിക്കലും സഭയ്ക്കെതിരെ പ്രബലപ്പെടുകയില്ലെന്നും അറിഞ്ഞ് നാം ആശ്വാസവും സമാധാനവും അനുഭവിക്കണം. മാർപാപ്പമാർ പാപികളാണ്. എന്നാൽ, തങ്ങളുടെ പവിത്രമായ ദൗത്യം നിർവഹിക്കുമ്പോഴെല്ലാം അവർ ക്രിസ്തുവിന്റെതന്നെ ദൃശ്യവും അപ്രമാദിത്വമുള്ളതുമായ ഉപകരണങ്ങളുമാണ്.

സഭയിലുള്ള നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. വ്യക്തികളിലല്ല നാം വിശ്വാസമർപ്പിക്കുന്നത്; ക്രിസ്തുവിലും അവിടുത്തെ സഭയിലും സഭയെ ഏൽപ്പിച്ചിരിക്കുന്ന ആത്മീയാധികാരത്തിലുമാണ്. ഇക്കാര്യത്തിൽ നിങ്ങളുടെ സ്വന്തം വിശ്വാസം എങ്ങനെയെന്ന് ചിന്തിക്കുക. ഏതെങ്കിലും വിധത്തിൽ അതിൽ കുറവുണ്ടെങ്കിൽ, വിശുദ്ധ പത്രോസിന്റെ ഈ മഹത്തായ സിംഹാസനത്തിരുനാളിനെ ആദരിച്ചുകൊണ്ട് ആ വിശ്വാസം പുതുക്കുക.

കർത്താവായ യേശുവേ, അങ്ങയുടെ ശക്തിയും അധികാരവും അങ്ങ് വിശുദ്ധ പത്രോസിനെയും അദ്ദേഹത്തിന്റെ എല്ലാ പിൻഗാമികളെയും ഏൽപ്പിച്ചുവല്ലോ. ഞങ്ങളുടെ മാർപാപ്പയെന്ന ദാനത്തിനായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു. അദ്ദേഹത്തിനുവേണ്ടി ഞാൻ പ്രാർഥിക്കുകയും അങ്ങയുടെ വഴിനടത്തലും സംരക്ഷണവും ലഭിക്കാനായി അദ്ദേഹത്തെ അങ്ങേക്കു സമർപ്പിക്കുകയും ചെയ്യുന്നു. പരിശുദ്ധ പിതാവെന്ന ദാനത്തിലും അദ്ദേഹത്തിലൂടെ ഞങ്ങളെ എന്നും നയിക്കുമെന്ന അങ്ങയുടെ വാഗ്ദാനത്തിലുമുള്ള എന്റെ വിശ്വാസം ഞാൻ പുതുക്കുന്നു. ഞങ്ങളുടെ രക്ഷയുടെ ലക്ഷ്യമായ മഹത്ത്വപൂർണമായ സ്വർഗരാജ്യത്തിലേക്ക് ഞങ്ങളെല്ലാവരും മുന്നേറുമ്പോൾ, അങ്ങയുടെ സഭയിലുള്ള എന്റെ വിശ്വാസം എനിക്ക് ആശ്വാസവും പ്രത്യാശയും നൽകുമാറാകട്ടെ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ:
നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽനിന്നുള്ള സ്നേഹനോട്ടം

നോമ്പുകാലത്തിനുള്ള വിഭവങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

കൂടുതൽ വായനയ്ക്ക് – വിശുദ്ധ പത്രോസിന്റെ സിംഹാസനം

വിശുദ്ധ കുർബാന വായനകൾക്കുള്ള മറ്റു സ്രോതസ്സുകൾ
കുറിപ്പ്: ഈ പോസ്റ്റിന്റെ മുകളിൽ ഇപ്പോൾ ഞങ്ങൾ വത്തിക്കാനിൽനിന്നുള്ള അതാതു ദിവസത്തെ വായനകളാണ് ഉപയോഗിക്കുന്നത്. വത്തിക്കാൻ വെബ്‌സൈറ്റ് സാർവത്രികമായി ഉപയോഗിക്കാവുന്നതും മൊബൈലിൽ സൗകര്യപ്രദമായി കാണാവുന്നതും കൂടുതൽ സുരക്ഷിതമായ ബ്രൗസിങ്ങിനായി SSL (സുരക്ഷാ സർട്ടിഫിക്കറ്റ്) ഉപയോഗിക്കുന്നതുമാണ് എന്നതിനാലാണിത്.  മറ്റു സ്രോതസ്സുകളിൽനിന്നുള്ള വായനകൾ കാണാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക (USCCB, iBreviary, Universalis-ൽനിന്നുള്ള ജറുസലേം ബൈബിൾ).


നോമ്പുകാലത്തിനായി ഒരുങ്ങാൻ സമയമായി!