2020 മാർച്ച് 20
നോമ്പുകാലം മൂന്നാം വാരത്തിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

നിയമജ്ഞരിൽ ഒരാൾ യേശുവിന്റെ അടുക്കൽ വന്ന് ചോദിച്ചു: “എല്ലാ കൽപനകളിലും ഒന്നാമത്തേത് ഏതാണ്?” യേശു മറുപടി പറഞ്ഞു: “ഒന്നാമത്തേത് ഇതാണ്: ഇസ്രായേലേ, കേൾക്കുക! നമ്മുടെ ദൈവമായ കർത്താവ് മാത്രമാണ് കർത്താവ്! നിന്റെ ദൈവമായ കർത്താവിനെ നീ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടും പൂർണശക്തിയോടുംകൂടെ സ്നേഹിക്കണം.” മർക്കോസ് 12:28–30
ജീവിതത്തിൽ നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ പ്രവൃത്തി നിങ്ങളുടെ അസ്തിത്വം മുഴുവനുംകൊണ്ട് ദൈവത്തെ സ്നേഹിക്കുക എന്നതാണെന്നു കേൾക്കുമ്പോൾ നിങ്ങൾക്ക് അതിശയം തോന്നേണ്ടതില്ല. അതായത്, പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടും പൂർണശക്തിയോടുംകൂടെ അവിടുത്തെ സ്നേഹിക്കുക. നിങ്ങളുടെ മാനുഷിക കഴിവുകളുടെ മുഴുവൻ ശക്തിയോടുംകൂടെ എല്ലാറ്റിനുമുപരിയായി ദൈവത്തെ സ്നേഹിക്കുക എന്നതായിരിക്കണം ജീവിതത്തിൽ നിങ്ങൾ നിരന്തരം പരിശ്രമിക്കേണ്ട ലക്ഷ്യം. എന്നാൽ അതിന്റെ കൃത്യമായ അർഥമെന്താണ്?
ഒന്നാമതായി, നമ്മുടെ അസ്തിത്വത്തിന്റെ ഓരോ തലവും ദൈവത്തോടുള്ള സമ്പൂർണ സ്നേഹത്തിനായി സമർപ്പിക്കപ്പെടണം എന്നു ഊന്നിപ്പറയുന്നതിനായി, സ്നേഹത്തിന്റെ ഈ കൽപന നാം ആരാണെന്നതിന്റെ വിവിധ വശങ്ങളെ ചൂണ്ടിക്കാണിക്കുന്നു. തത്ത്വചിന്താപരമായി പറഞ്ഞാൽ, നമ്മുടെ സമഗ്രമായ അസ്തിത്വത്തിന്റെ ഈ വിവിധ വശങ്ങളെ ഇപ്രകാരം തിരിച്ചറിയാം: ബുദ്ധി, ഇച്ഛാശക്തി, വികാരാവേശങ്ങൾ, അനുഭൂതികൾ, വികാരങ്ങൾ, ആഗ്രഹങ്ങൾ. ഇവയെല്ലാംകൊണ്ടും നാം എങ്ങനെയാണ് ദൈവത്തെ സ്നേഹിക്കുക?
നമ്മുടെ മനസ്സിൽനിന്നാണ് നാം ആരംഭിക്കുന്നത്. ദൈവത്തെ സ്നേഹിക്കുന്നതിന്റെ ആദ്യപടി അവിടുത്തെ അറിയുക എന്നതാണ്. അതായത്, ദൈവത്തെയും അവിടുത്തെക്കുറിച്ച് നമുക്കു വെളിപ്പെടുത്തപ്പെട്ടിട്ടുള്ള സകലതെയും മനസ്സിലാക്കാനും ഗ്രഹിക്കാനും വിശ്വസിക്കാനും നാം പരിശ്രമിക്കണം. പ്രത്യേകിച്ച് വിശുദ്ധഗ്രന്ഥത്തിലൂടെയും സഭയുടെ ചരിത്രത്തിലുടനീളം നൽകപ്പെട്ടിട്ടുള്ള എണ്ണമറ്റ വെളിപാടുകളിലൂടെയും ദൈവത്തിന്റെ ജീവന്റെ രഹസ്യത്തിലേക്കുതന്നെ ആഴ്ന്നിറങ്ങാൻ നാം പരിശ്രമിച്ചിട്ടുണ്ടാകണം എന്നാണ് അതിനർഥം.
രണ്ടാമതായി, ദൈവത്തെയും അവിടുന്ന് വെളിപ്പെടുത്തിയിട്ടുള്ള സകലതെയും കുറിച്ച് കൂടുതൽ ആഴത്തിൽ മനസ്സിലാക്കുമ്പോൾ, അവിടുത്തിൽ വിശ്വസിക്കാനും അവിടുത്തെ വഴികൾ പിന്തുടരാനും നാം സ്വതന്ത്രമായി തീരുമാനിക്കുന്നു. ഈ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് അവിടുത്തെക്കുറിച്ചുള്ള നമ്മുടെ അറിവിൽനിന്ന് ഉരുത്തിരിയേണ്ടതും അവിടുത്തിലുള്ള വിശ്വാസത്തിന്റെ ഒരു പ്രവൃത്തിയായി മാറേണ്ടതുമാണ്.
മൂന്നാമതായി, ദൈവത്തിന്റെ ജീവന്റെ രഹസ്യത്തിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങുകയും അവിടുത്തിലും അവിടുന്ന് വെളിപ്പെടുത്തിയിട്ടുള്ള സകലതിലും വിശ്വസിക്കാൻ തീരുമാനിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ ജീവിതം മാറുന്നതു നാം കാണും. നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു പ്രത്യേക മാറ്റം ഇതായിരിക്കും: നമ്മുടെ ജീവിതത്തിൽ ദൈവത്തെയും അവിടുത്തെ തിരുഹിതത്തെയും നാം ആഗ്രഹിക്കും; അവിടുത്തെ കൂടുതൽ അന്വേഷിക്കാൻ നമുക്കു താത്പര്യമുണ്ടാകും; അവിടുത്തെ അനുഗമിക്കുന്നതിൽ നാം സന്തോഷം കണ്ടെത്തും; നമ്മുടെ മാനുഷിക ആത്മാവിന്റെ എല്ലാ ശക്തികളും ക്രമേണ അവിടുത്തോടും അവിടുത്തെ വഴികളോടുമുള്ള സ്നേഹത്താൽ നിറഞ്ഞ് അതിൽ മുഴുകുന്നതായി നാം കണ്ടെത്തും.
ദൈവത്തെ സ്നേഹിക്കുന്നതിന്റെ ആദ്യ വശത്തെക്കുറിച്ച് ഇന്ന് പ്രത്യേകമായി ധ്യാനിക്കുക. അവിടുത്തെയും അവിടുന്ന് വെളിപ്പെടുത്തിയിട്ടുള്ള സകലതെയും അറിയാനും മനസ്സിലാക്കാനും നിങ്ങൾ എത്രമാത്രം ഉത്സാഹത്തോടെ പരിശ്രമിക്കുന്നുവെന്ന് ചിന്തിക്കുക. നിങ്ങളുടെ അസ്തിത്വം മുഴുവനുംകൊണ്ടുള്ള സ്നേഹത്തിന്റെ അടിത്തറയായി ഈ അറിവ് മാറണം. അവിടെനിന്ന് ആരംഭിക്കുക; മറ്റെല്ലാം അതിനെത്തുടർന്ന് വളരാൻ അനുവദിക്കുക. ഇതിനുള്ള ഒരു മാർഗം നമ്മുടെ കത്തോലിക്കാ വിശ്വാസത്തെ അതിന്റെ സമഗ്രതയിൽ പഠിക്കാൻ തുടങ്ങുക എന്നതാണ് (കാണുക: www.mycatholic.life).
കർത്താവേ, എല്ലാറ്റിനുമുപരിയായി അങ്ങയെ സ്നേഹിക്കണമെങ്കിൽ ഞാൻ അങ്ങയെ അറിയണമെന്ന് ഞാൻ തിരിച്ചറിയുന്നു. അങ്ങയെ അറിയാനുള്ള എന്റെ പ്രതിബദ്ധതയിൽ ഉത്സാഹത്തോടെ നിലനിൽക്കാനും അങ്ങയുടെ ജീവന്റെ മഹിമയാർന്ന സത്യങ്ങളെല്ലാം കണ്ടെത്താൻ പരിശ്രമിക്കാനും എന്നെ സഹായിക്കണമേ. അങ്ങ് എനിക്കു വെളിപ്പെടുത്തിയിട്ടുള്ള സകലത്തിനും ഞാൻ നന്ദി പറയുന്നു. അങ്ങയുടെ ജീവനെയും വെളിപാടിനെയും കൂടുതൽ സമഗ്രമായി കണ്ടെത്തുന്നതിനായി ഇന്ന് ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ – ഇരുപത്തിമൂന്നാം ധ്യാനം – വധശിക്ഷാവിധി
കൊറോണവൈറസ് മഹാമാരിയെ നേരിടാനുള്ള ഒരു പ്രാർഥന
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ


