2020 ഏപ്രിൽ 6
വിശുദ്ധവാരത്തിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ

മറിയം യഥാർഥ സുഗന്ധജടാമാംസിയിൽനിന്നുണ്ടാക്കിയ വിലയേറിയ സുഗന്ധതൈലം ഒരു ലിറ്റർ എടുത്ത് യേശുവിന്റെ പാദങ്ങളിൽ പൂശുകയും തന്റെ തലമുടികൊണ്ട് അവ തുടയ്ക്കുകയും ചെയ്തു; തൈലത്തിന്റെ സുഗന്ധംകൊണ്ട് വീടു നിറഞ്ഞു. യോഹന്നാൻ 12:3
യേശുവിനോടുള്ള എത്ര വിനീതവും മനോഹരവുമായ സ്നേഹപ്രവൃത്തി! ഈ സുഗന്ധതൈലത്തിന് 300 ദിവസത്തെ കൂലിയുടെ വിലയുണ്ടായിരുന്നു. അതൊരു വലിയ തുകയാണ്! ഇത് വിറ്റ് പണം ദരിദ്രർക്കു നൽകണമായിരുന്നു എന്നു താൻ കരുതുന്നതായി പറഞ്ഞുകൊണ്ട് യൂദാസ് ഈ പ്രവൃത്തിയെ എതിർത്തു എന്നത് ശ്രദ്ധേയമാണ്. എന്നാൽ, പണസഞ്ചിയിൽനിന്ന് മോഷ്ടിക്കാറുണ്ടായിരുന്ന യൂദാസിന് യഥാർഥത്തിൽ പണത്തിൽ മാത്രമായിരുന്നു താത്പര്യമെന്ന് സുവിശേഷം വ്യക്തമായി പറയുന്നു. അതിലും ശ്രദ്ധേയമാണ് യൂദാസിനോടുള്ള യേശുവിന്റെ മറുപടി. യേശു യൂദാസിനെ ശാസിച്ചുകൊണ്ടു പറയുന്നു: “അവളെ വെറുതെ വിടുക. എന്റെ സംസ്കാരദിനത്തിനായി അവൾ ഇത് സൂക്ഷിക്കട്ടെ. ദരിദ്രർ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്; എന്നാൽ ഞാൻ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല.”
മറ്റാരെങ്കിലും ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ അത് സ്വാർഥത നിറഞ്ഞതായി തോന്നുമായിരുന്നു. എന്നാൽ ഇതു പറഞ്ഞത് യേശുവാണ്; അവിടുത്തെ സ്നേഹമാകട്ടെ പൂർണമായും നിസ്വാർഥമായിരുന്നു. അപ്പോൾ ഇതിന്റെ അർഥമെന്താണ്? മറിയത്തിന് എന്താണ് ആവശ്യമെന്ന് യേശുവിന് അറിയാമായിരുന്നു എന്നതാണ് ഇതിന്റെ കാതൽ. അങ്ങനെ പറഞ്ഞതിലൂടെ നമ്മിൽ ഓരോരുത്തർക്കും എന്താണ് ആവശ്യമെന്ന് അവിടുന്ന് വെളിപ്പെടുത്തി. നാം അവിടുത്തെ ആരാധിക്കുകയും ബഹുമാനിക്കുകയും നമ്മുടെ ജീവിതത്തിന്റെ കേന്ദ്രമാക്കുകയും വേണം. അവിടുത്തെ മുമ്പിൽ നാം നമ്മെത്തന്നെ താഴ്ത്തുകയും അവിടുത്തെ സേവിക്കുകയും വേണം. നാം അവിടുത്തോട് ഇങ്ങനെ പെരുമാറേണ്ടത് അവിടുത്തെ ആവശ്യമായതുകൊണ്ടല്ല, മറിച്ച് അത് നമ്മുടെ ആവശ്യമായതുകൊണ്ടാണ്. നമ്മുടെ സ്വന്തം വിശുദ്ധിക്കും സന്തോഷത്തിനുമായി നാം ചെയ്യേണ്ടത് വിനയത്തോടും സ്നേഹത്തോടുംകൂടെ അവിടുത്തെ ബഹുമാനിക്കുക എന്നതാണ്. യേശുവിന് ഇത് അറിയാമായിരുന്നു; അതുകൊണ്ട് ഈ സ്നേഹപ്രവൃത്തിയുടെ പേരിൽ അവിടുന്ന് മറിയത്തെ ആദരിച്ചു.
ഇതേ കാര്യം ചെയ്യാൻ ഈ സംഭവം നമ്മെ ക്ഷണിക്കുന്നു. യേശുവിലേക്കു നോക്കാനും അവിടുത്തെ നമ്മുടെ ആരാധനയുടെയും സ്നേഹത്തിന്റെയും കേന്ദ്രമാക്കാനും ഇത് നമ്മെ ക്ഷണിക്കുന്നു. നമ്മുടെ അധ്വാനഫലമത്രയും മനസ്സോടെ അവിടുത്തെക്കായി പകർന്നുകൊടുക്കാൻ ഇത് നമ്മെ ക്ഷണിക്കുന്നു (300 ദിവസത്തെ കൂലി വിലയുള്ള സുഗന്ധതൈലം ഇതിന്റെ പ്രതീകമാണ്). യേശുവിനുവേണ്ടി നൽകാൻ കഴിയാത്തത്ര വിലയേറിയതായി ഒന്നുമില്ല. നമ്മുടെ ഒരു ആരാധനാപ്രവൃത്തിയെക്കാൾ മൂല്യമുള്ളതായി ഒന്നുമില്ല.
ദൈവത്തെ ആരാധിക്കുന്നത് ഉചിതമാണ്. അതിലും പ്രധാനമായി, നിങ്ങൾ എങ്ങനെയുള്ള വ്യക്തിയായിരിക്കാനാണോ സൃഷ്ടിക്കപ്പെട്ടത്, അങ്ങനെയുള്ള വ്യക്തിയായി നിങ്ങളെ രൂപാന്തരപ്പെടുത്തുന്ന ഒരു പ്രവൃത്തിയാണത്. ദൈവത്തെ ആരാധിക്കുന്നതിനും വണങ്ങുന്നതിനുമായാണ് നിങ്ങൾ സൃഷ്ടിക്കപ്പെട്ടത്; നിങ്ങളുടെ മുഴുവൻ സത്തയോടുംകൂടെ നമ്മുടെ കർത്താവിനെ വിനയപൂർവം ബഹുമാനിക്കുമ്പോൾ ഈ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നു.
നമ്മുടെ കർത്താവിനോടുള്ള നിങ്ങളുടെ ആരാധനയുടെ ആഴത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങളുടെ ഉപജീവനമാർഗം മുഴുവൻ അവിടുത്തെമേൽ “പകർന്നൊഴിക്കാൻ” നിങ്ങൾ സന്നദ്ധരാണോ? 300 ദിവസത്തെ കൂലിയെക്കാൾ അവിടുന്ന് നിങ്ങൾക്കു വിലപ്പെട്ടവനാണോ? നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും കേന്ദ്രസ്ഥാനമുള്ളത് അവിടുത്തേക്കാണോ? ദിവസവും നിങ്ങൾ അവിടുത്തെ മുമ്പിൽ നിങ്ങളെത്തന്നെ താഴ്ത്തുകയും പ്രാർഥനയിൽ നിങ്ങളുടെ ഹൃദയം അവിടുത്തെ മുമ്പിൽ തുറന്നുവയ്ക്കുകയും ചെയ്യുന്നുണ്ടോ? മറിയം യേശുവിന് അർപ്പിക്കുന്ന ഈ വിനീതമായ ആരാധനാപ്രവൃത്തിയെക്കുറിച്ച് ധ്യാനിക്കുകയും അവളുടെ മനോഹരമായ മാതൃക അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
കർത്താവേ, വിശുദ്ധയായ ഈ സ്ത്രീയുടെ, മറിയത്തിന്റെ, മാതൃക ഞാൻ പിന്തുടരട്ടെ. അങ്ങയുടെ മുമ്പിൽ എന്നെത്തന്നെ താഴ്ത്താനും എന്റെ ജീവിതം മുഴുവൻകൊണ്ട് അങ്ങയെ ബഹുമാനിക്കാനും എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, അങ്ങയെക്കാളും അങ്ങയോടുള്ള എന്റെ സമ്പൂർണ ആരാധനയെക്കാളും പ്രധാനമായി ജീവിതത്തിൽ മറ്റൊന്നുമില്ല. പ്രിയ കർത്താവേ, എന്നെ അങ്ങയിലേക്കു ചേർത്തണയ്ക്കണമേ; അങ്ങയുടെ മഹിമയ്ക്കുമുമ്പിൽ എന്നെ വിനീതനാക്കുകയും എന്റെ മുഴുവൻ സത്തയോടുംകൂടെ അങ്ങയെ സ്നേഹിക്കാനും ആരാധിക്കാനും എന്നെ സഹായിക്കുകയും ചെയ്യണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ – നാല്പതാം ധ്യാനം – കല്ലറയുടെ നിശ്ശബ്ദത
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




