മലയാളം

ഒരു സുവിശേഷപ്രഘോഷകനായിരിക്കുക

2020 ഏപ്രിൽ 25, ശനിയാഴ്ച

വിശുദ്ധ മർക്കോസിന്റെ തിരുനാൾ

ഇന്നത്തെ വായനകൾ

“വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങൾ ഉണ്ടായിരിക്കും: എന്റെ നാമത്തിൽ അവർ പിശാചുക്കളെ പുറത്താക്കും; അവർ പുതിയ ഭാഷകൾ സംസാരിക്കും. അവർ കൈകൊണ്ട് സർപ്പങ്ങളെ എടുക്കും; മാരകമായ എന്തെങ്കിലും കുടിച്ചാലും അത് അവർക്കു ദോഷം ചെയ്യുകയില്ല. അവർ രോഗികളുടെമേൽ കൈകൾ വയ്ക്കും; അവർ സുഖം പ്രാപിക്കും.” മർക്കോസ് 16:17–18

യേശു ഇത് അക്ഷരാർഥത്തിൽത്തന്നെയാണോ ഉദ്ദേശിച്ചത്? അതെ. തീർച്ചയായും അങ്ങനെതന്നെയാണ്. സഭയുടെ ചരിത്രത്തിലുടനീളം, വിവിധ കാലങ്ങളിലും സ്ഥലങ്ങളിലും ദൈവം തിരുമനസ്സായതനുസരിച്ച്, അവിടുത്തെ അനുയായികൾ അവിടുത്തെ നാമത്തിൽ വലിയ അത്ഭുതങ്ങളും ശക്തമായ പ്രവൃത്തികളും ചെയ്തതായി നാം കണ്ടിട്ടുണ്ട്. അതിനാൽ, അതെ, അവിടുന്ന് പറഞ്ഞത് അങ്ങനെതന്നെ ഉദ്ദേശിച്ചാണ്.

എന്നാൽ നാം കാണാതെ പോകരുതാത്ത മറ്റൊരു അർഥതലംകൂടി ഇതിലുണ്ട്. വിശ്വസിക്കുന്ന എല്ലാവരുടെയും ജീവിതത്തിൽ ഇത് അക്ഷരാർഥത്തിൽ സംഭവിക്കുകയില്ലെങ്കിലും, കൂടുതൽ ആഴമേറിയ ആത്മീയ അർഥത്തിൽ ഇത് അവരുടെ ജീവിതത്തിൽ സാക്ഷാത്കരിക്കപ്പെടും.

ഇവിടെ അടിസ്ഥാനപരമായ നാല് കാര്യങ്ങൾ സംഭവിക്കുമെന്ന് യേശു വാഗ്ദാനം ചെയ്യുന്നു. വിശ്വാസമുള്ളവർ: 1) ദുഷ്ടന്റെമേൽ വിജയം നേടും, 2) പുതിയ രീതിയിൽ ആശയവിനിമയം നടത്തും, 3) ലോകത്തിലെ അപകടങ്ങളെ നേരിടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യും, 4) മറ്റുള്ളവർക്ക് സൗഖ്യത്തിന്റെ ഉറവിടമായിത്തീരും എന്നാണ് അവിടുന്ന് വാഗ്ദാനം ചെയ്യുന്നത്.

ഒന്നാമതായി, ദുഷ്ടൻ യഥാർഥത്തിൽ ഉണ്ട്; നമ്മെ ഭയപ്പെടുത്താനും കീഴടക്കാനും അവൻ നിരന്തരം ശ്രമിക്കുന്നു. എന്നാൽ ഒരു ഉപമയിലൂടെ പറഞ്ഞാൽ, ഭയങ്കരവും അസഹ്യവുമായി കുരയ്ക്കുകയും കടിക്കാൻ തീരെ ശേഷിയില്ലാതിരിക്കുകയും ചെയ്യുന്ന, 3 പൗണ്ട് തൂക്കമുള്ള ഒരു നായയെപ്പോലെയാണ് ദുഷ്ടൻ. ആ “കുര” ചിലപ്പോൾ ഭയപ്പെടുത്തുന്നതായിരിക്കാം. എന്നാൽ ക്രിസ്തുവിന്റെ ശക്തി, ഈ ഭീഷണിയെ എളുപ്പത്തിൽ നേരിടാൻ കഴിയുന്ന ഉരുക്കുകൊണ്ട് മുൻഭാഗം ബലപ്പെടുത്തിയ ഒരു ബൂട്ടുപോലെയാണ്.

രണ്ടാമതായി, നമ്മുടെ സ്വാഭാവിക കഴിവുകൾക്കതീതമായ രീതിയിൽ ദൈവത്തിന്റെ വചനങ്ങളും സത്യവും പകർന്നുനൽകാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു എന്ന അർഥത്തിലാണ് നാം “പുതിയ ഭാഷകൾ സംസാരിക്കാൻ” വിളിക്കപ്പെട്ടിരിക്കുന്നത്. ദൈവത്തിന്റെ ഭാഷയിൽ സംസാരിക്കാനും ആശയവിനിമയം നടത്താനും, സഹായം ആവശ്യമുള്ള ഒരു ലോകത്തിനുവേണ്ടി അവിടുത്തെ നാവായിത്തീരാനും നാം വിളിക്കപ്പെട്ടിരിക്കുന്നു.

മൂന്നാമതായി, ഈ ജീവിതത്തിൽ നമുക്ക് അനേകം പോരാട്ടങ്ങൾ നേരിടേണ്ടിവരും. അവ ദുഷ്ടനിൽനിന്നു മാത്രമല്ല, ലോകത്തിൽനിന്നും നമ്മുടെതന്നെ വികലമായ സംഘർഷങ്ങളിൽനിന്നും ഉണ്ടാകും. ഇവിടെയും, നാം അവിടുത്തെ അനുവദിച്ചാൽ മാത്രം മതി, ജീവിതത്തിൽ നാം നേരിടുന്ന അനേകം അപകടങ്ങളെയും പോരാട്ടങ്ങളെയും അതിജീവിക്കാനുള്ള കൃപ യേശു വാഗ്ദാനം ചെയ്യുന്നു.

അവസാനമായി, യേശു വന്നത് സൗഖ്യം നൽകാനാണ്, പ്രത്യേകിച്ച് നമ്മുടെ ആത്മാക്കൾക്ക്. നാം ദിവസവും കണ്ടുമുട്ടുന്നവർക്ക് സൗഖ്യം പകരാനുള്ള ഉപകരണങ്ങളായി നാം മാറണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.

ഇന്ന് നാം ആദരിക്കുന്ന വിശുദ്ധ മർക്കോസ്, ക്രിസ്തുവിനുവേണ്ടിയുള്ള ഒരു മഹാനായ സുവിശേഷപ്രഘോഷകനായിരുന്നു. സുവിശേഷവത്കരണ ദൗത്യത്തിൽ പങ്കുചേരാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുതയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. മുകളിൽ വിവരിച്ച ജീവിതത്തിലെ ഈ വിളികളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുക. അവയിൽ ഏതെങ്കിലും ഒന്ന് പ്രത്യേകമായി നിങ്ങളുടെ ശ്രദ്ധയാകർഷിക്കുകയും അതുല്യമായ രീതിയിൽ നിങ്ങളോടു സംസാരിക്കുകയും ചെയ്യുന്നുവെങ്കിൽ, അതിനു ശ്രദ്ധയോടെ ചെവികൊടുക്കുക. തന്റെ ദൈവിക ദൗത്യത്തിൽ കൂടുതൽ പൂർണമായി പങ്കുചേരാൻ ദൈവം നിങ്ങളെ വിളിക്കുന്നതായിരിക്കാം അത്.

കർത്താവേ, ഞാൻ വിശ്വസിക്കുന്നു; അങ്ങയുടെ കൃപയുടെ ഉപകരണമായി എന്നെ ഉപയോഗിക്കാൻ അങ്ങയെ അനുവദിക്കുവാൻ ഞാൻ മനസ്സോടെ തീരുമാനിക്കുന്നു. അങ്ങ് എനിക്കു നൽകിയ വിശ്വാസം, സഹായം ആവശ്യമുള്ള ഒരു ലോകത്തിനു കൃപയുടെ ഉറവിടംകൂടിയായിത്തീരട്ടെ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

ചിത്രം: ദുച്ചോ – മലമുകളിലെ പ്രലോഭനം