2020 മേയ് 9
ഉയിർപ്പുകാലം നാലാം വാരത്തിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

“ഞാൻ നിങ്ങളോടു പറയുന്ന വാക്കുകൾ സ്വമേധയാ പറയുന്നതല്ല.” യോഹന്നാൻ 14:10
ഈശോയുടെ ഈ വാക്കുകൾ, പിതാവുമായി അവിടുത്തേക്കുള്ള ഗാഢമായ ഐക്യം ഒരിക്കൽക്കൂടി വെളിപ്പെടുത്തുന്നു. അവിടുന്നും പിതാവും ഒന്നാണ്; അവിടുന്ന് പറയുന്നതും പിതാവിൽനിന്നു വരുന്നതാണ്. അവരുടെ പൂർണ്ണമായ ഐക്യം എടുത്തുകാണിക്കാൻ യോഹന്നാന്റെ സുവിശേഷത്തിൽ ഉടനീളം ഇത്തരത്തിലുള്ള ഭാഷ ഉപയോഗിച്ചിരിക്കുന്നു.
പിതാവിന്റെയും പുത്രന്റെയും ഐക്യത്തെക്കുറിച്ച് നമുക്കു പലതും പറയാനുണ്ടെങ്കിലും, ഈശോ പറഞ്ഞ ഈ വാക്കുകൾ നമ്മുടെ വാക്കുകളുമാകേണ്ടതാണ് എന്ന് നമ്മെത്തന്നെ ഓർമ്മിപ്പിക്കേണ്ടത് പ്രധാനമാണ്. നാമും സ്വമേധയാ സംസാരിക്കുന്നില്ലെന്നും പിതാവാണ് നമ്മിലൂടെ സംസാരിക്കുന്നതെന്നും പറയാൻ കഴിയുന്നത് എത്രയോ അത്ഭുതകരമാണ്. ഇതായിരിക്കണം നമ്മുടെ നിരന്തരമായ ലക്ഷ്യം.
നമ്മുടെ സ്വന്തം ജ്ഞാനത്തിലും ഉൾക്കാഴ്ചകളിലും ആശ്രയിച്ച്, നാം സ്വമേധയാ മറ്റുള്ളവരോടു സംസാരിക്കുകയാണെങ്കിൽ, നമ്മുടെ വാക്കുകൾക്ക് അത്ര ശക്തിയുണ്ടാകില്ലെന്നും നാം വിനയത്തോടെ സമ്മതിക്കണം. ഇതു സമ്മതിക്കാൻ പ്രയാസമാണെങ്കിലും സത്യമതാണ്. നമ്മുടെ അഭിപ്രായങ്ങളാണ് ശരിയെന്നും മറ്റുള്ളവർ നമ്മെ കേൾക്കേണ്ടതുണ്ടെന്നും ചിന്തിക്കുന്ന കെണിയിൽ നാം എളുപ്പം വീണുപോകാം.
മറിച്ച്, പിതാവിന്റെ പിന്തുണയുള്ള വാക്കുകൾ, അവിടുത്തെ ഹൃദയത്തിൽനിന്നു വരുന്ന വാക്കുകൾ, സംസാരിക്കാൻ നമുക്കു കഴിയുന്നെങ്കിൽ, ആ വാക്കുകൾ മറ്റുള്ളവരുടെ ജീവിതത്തിൽ യഥാർത്ഥമായ മാറ്റം വരുത്തുന്നതായി നാം കണ്ടുതുടങ്ങും. വാക്കുകൾ പ്രധാനമാണ്; എന്തു പറയുന്നു എന്നതിലും എങ്ങനെ പറയുന്നു എന്നതിലും നാം എപ്പോഴും വളരെ ശ്രദ്ധാലുക്കളായിരിക്കണം.
നമ്മിലും നമ്മിലൂടെയും സംസാരിക്കാൻ പിതാവിനെ അനുവദിക്കുമ്പോൾ, നമ്മുടെ വാക്കുകൾക്ക് പെട്ടെന്നുതന്നെ പുതിയ ഉറപ്പും ശക്തിയും കൈവരുന്നു. അവ ദൈവം മറ്റുള്ളവരോടു സംസാരിക്കുന്ന വാക്കുകളായിത്തീരുന്നു; അവരുടെ ജീവിതത്തിൽ മാറ്റം വരുത്താൻ ദൈവത്തിന് ഇടം നൽകുന്ന വാക്കുകളായിത്തീരുന്നു.
നിങ്ങളുടെ ദൈനംദിന സംസാരത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ചിലപ്പോഴൊക്കെ എന്തു പറയണമെന്നോ എങ്ങനെ പറയണമെന്നോ അറിയാതെ നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ, പിതാവ് പറയാൻ നൽകുന്നതുമാത്രം സംസാരിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുന്നത് നല്ലതാണ്; അതിൽ കൂടുതലോ കുറവോ ഒന്നും പറയാതിരിക്കാൻ. ആ പ്രാർത്ഥന ചൊല്ലുക; നിങ്ങളിലൂടെ ദൈവത്തിന് ഒട്ടേറെ പറയാനുണ്ടെന്ന് ഉറച്ചു വിശ്വസിക്കുക.
കർത്താവേ, സംസാരിക്കാൻ അങ്ങയുടെ വാക്കുകൾ എനിക്കു നൽകണമേ. എല്ലാ സത്യത്തിന്റെയും നന്മയുടെയും ഉറവിടം അങ്ങായിരിക്കേണ്ടതിന്, എന്റെ ഹൃദയത്തിൽ എപ്പോഴും വിശ്വാസത്തോടെ അങ്ങയിലേക്കു തിരിയാൻ എന്നെ സഹായിക്കണമേ. ആ സത്യവും നന്മയും ഓരോ ദിവസവും എന്നിൽനിന്നു പുറപ്പെടട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
ചിത്രം: അന്റോണിയോ ദെ പെരേദയുടെ പരിശുദ്ധ ത്രിത്വം




