2020 മേയ് 11
ഉയിർപ്പുകാലം അഞ്ചാം ആഴ്ചയിലെ തിങ്കളാഴ്ച
ഇന്നത്തെ വായനകൾ

“എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പാലിക്കും. എന്റെ പിതാവ് അവനെ സ്നേഹിക്കും. ഞങ്ങൾ അവന്റെ അടുക്കൽ വന്ന് അവനോടുകൂടെ വസിക്കും.” യോഹന്നാൻ 14:23
കുട്ടികൾക്ക് ഇത് മനസ്സിലാകുന്നുണ്ടെന്നു തോന്നുന്നു. ദൈവം തങ്ങളുടെ ഹൃദയങ്ങളിൽ വസിക്കുന്നുവെന്ന് അവർ മനസ്സിലാക്കുന്നതായി തോന്നുന്നു. തീർച്ചയായും, ഇത് എങ്ങനെ അറിയാമെന്ന് അവരോടു ചോദിച്ചാൽ, എന്തു മറുപടി പറയണമെന്നറിയാതെ അവർ അമ്പരപ്പോടെ നിങ്ങളെ നോക്കിയേക്കാം. എങ്കിലും, ഏതോ വിധത്തിൽ, ദൈവം തങ്ങളുടെ ഉള്ളിൽ വസിക്കുന്നുവെന്ന് അവർ മനസ്സിലാക്കുന്നുണ്ട്.
അപ്പോൾ, “ദൈവം വന്ന് നിങ്ങളുടെ ഉള്ളിൽ വസിക്കുന്നുവെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം?” എന്ന് ആരെങ്കിലും ചോദിച്ചാൽ നിങ്ങൾ എന്തു പറയും? നമ്മുടെ വിശ്വാസത്തിലെ വിസ്മയകരമായ ഈ രഹസ്യം വിവരിക്കാൻ നിങ്ങളും വാക്കുകൾ കിട്ടാതെ വിഷമിച്ചേക്കാം. ഇത് സത്യമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? നിങ്ങളുടെ ഹൃദയത്തെയും ആത്മാവിനെയും തന്റെ വാസസ്ഥലമാക്കാൻ ദൈവം ആഗ്രഹിക്കുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ, ഇത് എങ്ങനെയാണ് സംഭവിക്കുന്നത്?
ദൈവം നമ്മുടെ ഉള്ളിൽ വസിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിശ്വാസമെന്ന ദാനത്തിലൂടെ, കൊച്ചുകുട്ടികളെപ്പോലെ, നമുക്കു സ്വാഭാവികമായി അറിയാം. നമ്മുടെ ആത്മാക്കളെ സ്വന്തമാക്കാനും നമ്മോടു സംസാരിക്കാനും നമ്മെ ശക്തിപ്പെടുത്താനും നയിക്കാനും വഴികാട്ടാനും അവിടുന്ന് ആഗ്രഹിക്കുന്നുവെന്ന് നമുക്കറിയാം. ദൈവം യഥാർഥത്തിൽ ഉണ്ടെന്നും നമ്മോട് ഏറ്റവും ആഴമേറിയതും ഉറ്റതുമായ ബന്ധം ആഗ്രഹിക്കുന്നുവെന്നും വിശ്വാസമെന്ന ദാനത്തിലൂടെ നമുക്കറിയാം. നമുക്ക് അത് അറിയാം.
വിശ്വാസം ഗ്രാഹ്യത്തിലേക്കു നയിക്കുന്നു എന്നതാണ് സന്തോഷവാർത്ത. അതായത്, നമ്മുടെ ഉള്ളിൽ സംസാരിക്കുകയും നമ്മെ നയിക്കുകയും വഴികാട്ടുകയും ചെയ്യുന്ന ദൈവത്തിന്റെ സ്വരം നാം എത്രയധികം ശ്രദ്ധിക്കുന്നുവോ, അത്രയധികം അവിടുത്തെ അന്തർവാസസാന്നിധ്യം നാം മനസ്സിലാക്കിത്തുടങ്ങും. വിശുദ്ധ അഗസ്തീനോസ് പറഞ്ഞതുപോലെ, “നിങ്ങൾ കാണാത്തതിൽ വിശ്വസിക്കുന്നതാണ് വിശ്വാസം. നിങ്ങൾ വിശ്വസിക്കുന്നത് കാണുന്നതാണ് വിശ്വാസത്തിന്റെ പ്രതിഫലം.” ദൈവത്തിന്റെ അന്തർവാസസാന്നിധ്യത്തിലുള്ള വിശ്വാസം മുകളിലെ ചോദ്യത്തിന്റെ ഉത്തരത്തിലേക്കു നമ്മെ നയിക്കുന്നു. ദൈവത്തിനു മാത്രമേ ആ ഉത്തരം നമുക്കു നൽകാൻ കഴിയൂ. നമ്മുടെ വിശ്വാസം മറ്റുള്ളവരുമായി പങ്കുവയ്ക്കാനും നമ്മുടെ ജീവിതത്തിലെ അവിടുത്തെ സാന്നിധ്യത്തിനു സാക്ഷ്യം വഹിക്കാനും വിശ്വാസത്തിലൂടെ നമുക്കു ചുറ്റുമുള്ളവർക്ക് ആ ചോദ്യത്തിന്റെ ഉത്തരം നൽകാനും നമുക്കു കഴിയും. ദൈവം എന്റെ ഉള്ളിൽ വസിക്കുന്നുവെന്ന് എനിക്ക് എങ്ങനെ അറിയാം? ഉത്തരം ഇതാണ്: കാരണം, ഞാൻ അവിടുത്തെ അവിടെ കാണുന്നു; ഞാൻ അവിടുത്തോട് അവിടെ സംസാരിക്കുന്നു; അവിടുന്ന് എന്നോടും സംസാരിക്കുന്നു.
നിങ്ങളുടെ ഉള്ളിൽ വസിക്കുന്ന കർത്താവിനെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങളോടു സംസാരിക്കാൻ അവിടുത്തെ അനുവദിക്കുക. അനുദിനം ആഴമേറുന്ന ആ സംഭാഷണത്തിൽ, അവിടുത്തെ അന്തർവാസസാന്നിധ്യം വളരാനും മറ്റുള്ളവർക്ക് വെളിപ്പെടാനും ഇടനൽകുക. നിങ്ങളുടെ ഉള്ളിൽ വസിക്കാൻ മാത്രമല്ല, നിങ്ങളിലൂടെ പ്രകാശിക്കാനും ദൈവം ആഗ്രഹിക്കുന്നു.
കർത്താവേ, എന്റെ ഹൃദയത്തിൽ വന്നു വസിക്കണമേ. എന്റെ ഹൃദയത്തെ അങ്ങയുടെ വാസസ്ഥലമാക്കണമേ. അവിടെ അങ്ങയെ കാണാനും കണ്ടുമുട്ടാനും അങ്ങയോടു സംഭാഷിക്കാനും എന്റെ ആത്മാവിൽ അങ്ങയെ സ്നേഹിക്കാനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
ചിത്രം: ഗ്വെർചീനോയുടെ ‘പിതാവായ ദൈവവും മാലാഖയും’
ദൈവൈക്യത്തിലേക്കുള്ള മൗതികയാത്ര:
കുരിശിന്റെ വിശുദ്ധ യോഹന്നാനിൽനിന്നുള്ള ആത്മീയജ്ഞാനം





