2020 മേയ് 16
ഉത്ഥാനകാലം അഞ്ചാം ആഴ്ചയിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

“‘ഒരു ദാസനും തന്റെ യജമാനനെക്കാൾ വലിയവനല്ല’ എന്നു ഞാൻ നിങ്ങളോടു പറഞ്ഞ വചനം ഓർക്കുവിൻ. അവർ എന്നെ പീഡിപ്പിച്ചെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും.” യോഹന്നാൻ 15:20
ഈശോയെപ്പോലെയാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ, അതിന്റെ അർഥമെന്താണെന്ന് കരുതലോടെ മനസ്സിലാക്കുക. നാം ക്രിസ്തുവിനോട് എത്രയധികം അടുക്കുന്നുവോ അത്രയധികം ലോകം നമ്മെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുമെന്ന് കരുതാൻ എളുപ്പമാണ്. എല്ലാവരും നമ്മുടെ വിശുദ്ധി കണ്ട് അതിനെ ആദരിക്കുമെന്നും ജീവിതത്തിൽ എല്ലാം നല്ലതും എളുപ്പവുമായിരിക്കുമെന്നും നാം ചിന്തിച്ചേക്കാം.
എന്നാൽ, അങ്ങനെയല്ലെന്ന് അറിയാൻ ക്രിസ്തുവിന്റെ ജീവിതത്തിലേക്കു നോക്കിയാൽ മാത്രം മതി. അവിടുന്ന് എല്ലാ വിധത്തിലും പരിപൂർണനായിരുന്നു എന്നത് വ്യക്തമാണ്. അതിന്റെ ഫലമായി, കടുത്ത ദുഷ്ടതയോടും പീഡനത്തോടും കൂടിയാണ് ആളുകൾ അവിടുത്തോട് പെരുമാറിയത്. അവർ യഥാർഥത്തിൽ അവിടുത്തെ കൊന്നുകളഞ്ഞു എന്ന ഇരുളടഞ്ഞ സത്യം ഉൾക്കൊള്ളാൻ പ്രയാസമാണ്. രാത്രിയുടെ ഇരുട്ടിൽ അവിടുന്ന് അറസ്റ്റ് ചെയ്യപ്പെട്ടു; ഒരു പ്രഹസനവിചാരണയ്ക്കു വിധേയനാക്കപ്പെട്ടു; കുറ്റക്കാരനെന്നു കണ്ടെത്തി വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. തുടർന്ന് അവിടുത്തെ ശിക്ഷ ഉടൻതന്നെ നടപ്പാക്കി.
എന്തുകൊണ്ടാണ് അവർ ദൈവപുത്രനോട് ഇങ്ങനെ ചെയ്തത്? എല്ലാ വിധത്തിലും ഇത്രയധികം പരിപൂർണനും കരുണാമയനുമായ ഒരാളോട് എന്തുകൊണ്ടാണ് ഇത്ര ക്രൂരമായി പെരുമാറിയത്?
അവിടുത്തെ ആദ്യ അനുയായികളായി നാം അവിടെ ഉണ്ടായിരുന്നെങ്കിൽ, മിക്കവാറും നാം ഞെട്ടിപ്പോകുകയും ഭയപ്പെടുകയും ഇടറിപ്പോകുകയും ആശയക്കുഴപ്പത്തിലാകുകയും ചെയ്യുമായിരുന്നു. ഈശോയ്ക്ക് പിഴവു പറ്റിയെന്ന് നാം കരുതുകയും അവിടുന്നിലുള്ള പ്രത്യാശ നഷ്ടപ്പെടുത്തുകയും ചെയ്തേക്കാം. എന്നാൽ അവിടുത്തെ പദ്ധതി എല്ലാ വിധത്തിലും പരിപൂർണമായിരുന്നു; വ്യാജാരോപണങ്ങളും ദുഷ്ടമായ പീഡനങ്ങളും അവിടുന്ന് സഹിക്കുക എന്നത് ആ പദ്ധതിയുടെ കേന്ദ്രഭാഗമായിരുന്നു. ഈ ക്രൂരമായ പെരുമാറ്റം സ്വമനസ്സാലെ സ്വീകരിച്ചുകൊണ്ട് അവിടുന്ന് ലോകത്തെ വീണ്ടെടുത്തു.
അതിനാൽ ആദ്യത്തെ ചോദ്യത്തിലേക്കു മടങ്ങാം: “ഈശോയെപ്പോലെയാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?” അവിടുത്തേക്ക് സംഭവിച്ചതിന്റെ വെളിച്ചത്തിൽ നോക്കുമ്പോൾ ഇത് പ്രയാസമേറിയ ഒരു ചോദ്യമാണ്. “ഒരു ദാസനും തന്റെ യജമാനനെക്കാൾ വലിയവനല്ല.” “അവർ എന്നെ പീഡിപ്പിച്ചെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും.” സ്വീകരിക്കാനും സമ്മതിക്കാനും പ്രയാസമുള്ള വാക്കുകളാണിവ.
പീഡനത്തിൽനിന്ന് നാം ഓടിയകലരുത്. അതു സംഭവിച്ചാൽ നാം നിരാശരാകരുത്; തല താഴ്ത്തുകയും അരുത്. എന്തുകൊണ്ട്? കാരണം, നാം നമ്മുടെ യജമാനന്റെ കാൽച്ചുവടുകൾ പിന്തുടരുന്നു എന്നതിന്റെ വ്യക്തമായ അടയാളമാണ് പീഡനം. പീഡനത്തിന്റെ ഫലമായി, നമുക്ക് ഒരിക്കലും ഗ്രഹിക്കാനാകുന്നതിലും ആഴത്തിൽ നാം ക്രിസ്തുവിനോട് ഐക്യപ്പെടുന്നു.
നാം അനുവദിച്ചാൽ, നമ്മോടുള്ള എല്ലാ മോശമായ പെരുമാറ്റവും നന്മയ്ക്കായി ഉപയോഗിക്കാൻ ദൈവം ആഗ്രഹിക്കുന്നു എന്ന് അറിയുകയാണ് പ്രധാനം. അത് അവിടുത്തേക്കു സമർപ്പിക്കുകയും മനസ്സില്ലാമനസ്സോടെയല്ലാതെ സ്വമനസ്സാലെ സ്വീകരിക്കുകയും ചെയ്യുമ്പോൾ, അതിനെ നന്മയ്ക്കായി ഉപയോഗിക്കാൻ നാം അവിടുത്തെ അനുവദിക്കുന്നു. നമ്മുടെ ദിവ്യനാഥന്റെ കാൽച്ചുവടുകൾ പിന്തുടരാൻ നാം യോഗ്യരായി എണ്ണപ്പെട്ടു എന്നതിൽ “ആനന്ദിക്കുകയും സന്തോഷിക്കുകയും” ചെയ്യുന്നതായിരിക്കണം നമ്മുടെ പ്രതികരണം.
നിങ്ങളുടെ വിശ്വാസത്തിന്റെയും സുവിശേഷം സ്വീകരിച്ചതിന്റെയും പേരിൽ നിങ്ങൾ അനുഭവിക്കുന്ന ഏതെങ്കിലും തരത്തിലുള്ള പീഡനത്തെയോ അനീതിയെയോ കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങൾ അനുവദിച്ചാൽ അത് ഉപയോഗിക്കാൻ കർത്താവ് ആഗ്രഹിക്കുന്നു.
കർത്താവേ, എന്നെ ഭാരപ്പെടുത്തുന്നതെല്ലാം ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. അങ്ങയുടെ അനുയായിയായിരിക്കുന്നതിന്റെ പേരിൽ എനിക്കുണ്ടാകുന്ന ഏതു സഹനവും ഞാൻ അങ്ങേക്കു നൽകുന്നു. അങ്ങയുടെ സഹനത്തിൽ മാത്രമല്ല, അതിനെ സ്വമനസ്സാലെ സ്വീകരിക്കുന്നതിലും ഞാൻ അങ്ങയെ അനുകരിക്കട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
ചിത്രം: നിക്കോള ഗ്രാസി വരച്ച ‘ക്രിസ്തുവിനെ ചമ്മട്ടിയടിക്കുന്നു’

കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ:
നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽനിന്ന് ഒരു സ്നേഹനോട്ടം




