മലയാളം

വ്യക്തമായി സംസാരിക്കുക

മേയ് 23, 2020
ഉയിർപ്പുകാലം ആറാം ആഴ്ചയിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

“ഞാൻ ഇക്കാര്യങ്ങൾ നിങ്ങളോട് ആലങ്കാരികമായി പറഞ്ഞിരിക്കുന്നു. ഇനി ആലങ്കാരികമായി സംസാരിക്കാതെ, പിതാവിനെക്കുറിച്ച് നിങ്ങളോടു വ്യക്തമായി പറയുന്ന സമയം വരുന്നു.”  യോഹന്നാൻ 16:25

വ്യക്തമായി സംസാരിക്കുന്നതിനുപകരം യേശു “ആലങ്കാരികമായി” സംസാരിക്കുന്നത് എന്തുകൊണ്ടാണ്?  നല്ല ചോദ്യം.

യേശു പറഞ്ഞ അനേകം ഉപമകളിലും ഇതേ കാര്യം നാം കാണുന്നു.  അവിടുത്തെ ഉപമകൾ കേട്ടുകഴിഞ്ഞ് ആളുകൾ മടങ്ങിപ്പോകുമ്പോൾ, “അവിടുന്ന് അതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് നിങ്ങൾക്കു തോന്നുന്നു?” എന്ന് പരസ്പരം ചോദിച്ചിട്ടുണ്ടാകാം.  അപ്പോൾ, വ്യക്തമായും നേരിട്ടും സംസാരിക്കുന്നതിനുപകരം യേശു പരോക്ഷമായ ഭാഷയിൽ സംസാരിക്കുന്നത് എന്തുകൊണ്ടാണ്?

അതിനുള്ള ഉത്തരം നമ്മോടും സത്യം സ്വീകരിക്കാനുള്ള നമ്മുടെ തുറവിയുടെ കുറവിനോടും ബന്ധപ്പെട്ടിരിക്കുന്നു.  നാം സത്യത്തോടു പൂർണമായി തുറവുള്ളവരായിരിക്കുകയും, ആ സത്യം എന്തുതന്നെയായാലും അതു സ്വീകരിക്കാൻ തികച്ചും സന്നദ്ധരായിരിക്കുകയും ചെയ്തിരുന്നെങ്കിൽ, യേശുവിന് നമ്മോടു വ്യക്തമായി സംസാരിക്കാൻ കഴിയുമായിരുന്നു; നാം ഉടൻതന്നെ പ്രതികരിക്കുകയും ചെയ്യുമായിരുന്നു.  എന്നാൽ ഇങ്ങനെ സംഭവിക്കുന്നത് വളരെ അപൂർവമാണ്.  ദൈവഹിതം അറിയുന്നതും ആ ഹിതം ഉടൻതന്നെ നിറവേറ്റാനുള്ള സന്നദ്ധതയും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതാണ് ഇതു ഗ്രഹിക്കാനുള്ള താക്കോൽ.

യേശു തന്റെ ഹിതം നമ്മോടു പറയണമെന്നും, അതിനെക്കുറിച്ച് ആലോചിക്കുകയും വിലയിരുത്തുകയും ചെയ്തശേഷം നമ്മുടെ മറുപടിയുമായി അവിടുത്തെ സമീപിക്കാമെന്നുമാണ് പലപ്പോഴും നാം ആഗ്രഹിക്കുന്നത്.  എന്നാൽ അത് അങ്ങനെയല്ല സംഭവിക്കുന്നത്.  മറിച്ച്, യേശു നമ്മോടു വ്യക്തമായി സംസാരിക്കണമെന്നു നാം ആഗ്രഹിക്കുന്നെങ്കിൽ, അവിടുന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയുന്നതിനുമുമ്പുതന്നെ നാം അവിടുത്തോട് “അതെ” എന്നു പറയണം.  അവിടുത്തെ ഹിതം മനസ്സിലാക്കുന്നതിന് മുന്നോടിയായി വേണ്ടത്, ആ ഹിതം സ്വീകരിക്കാനുള്ള സന്നദ്ധതയാണ്.

തീർച്ചയായും, നമ്മുടെ പരിശുദ്ധ അമ്മയുടെ സമ്മതവാക്ക് ഇതിന്റെ ഉത്തമ മാതൃകയാണ്.  ദൈവദൂതൻ തന്റെ അടുക്കൽ വരുന്നതിനുമുമ്പുതന്നെ, അവൾ ദൈവഹിതത്തോട് നിരന്തരം “അതെ” എന്നു പറഞ്ഞിരുന്നു.  പിന്നീട് ദൈവദൂതൻ അവളുടെ അടുക്കൽ വന്ന് സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ അറിയിച്ചപ്പോൾ, അവൾ കൂടുതൽ വ്യക്തത തേടി.  അവളുടെ ചോദ്യത്തിനുള്ള നേരിട്ടുള്ള മറുപടിയായി ആ വ്യക്തത അവൾക്കു ലഭിക്കുകയും ചെയ്തു.  “പരിശുദ്ധാത്മാവ് നിന്റെമേൽ നിഴൽവിരിക്കും; അത്യുന്നതന്റെ ശക്തി നിന്റെമേൽ വരും…” എന്നു ദൈവദൂതൻ പറഞ്ഞു.  എന്നാൽ ദൈവത്തിന്റെ സന്ദേശവാഹകനായ ദൂതൻ ഇത്ര വ്യക്തമായി സംസാരിച്ചതിന്റെ ഏക കാരണം, ദൈവത്തിന്റെ പദ്ധതി എന്തുതന്നെയായാലും അതിനു പൂർണമായി വിധേയപ്പെടുന്ന ഒരു ഹൃദയമാണ് തന്റേതെന്ന് അവൾ ഇതിനകം തെളിയിച്ചിരുന്നു എന്നതാണ്.

ദൈവം നിങ്ങളോടു സംസാരിക്കുന്നത് എത്ര വ്യക്തമായി നിങ്ങൾ കേൾക്കുന്നുവെന്ന് ഇന്ന് വിചിന്തനം ചെയ്യുക.  അവിടുന്ന് പറയുന്നത് നിങ്ങൾക്കു കൂടുതൽ വ്യക്തമാകണമെന്ന് ആഗ്രഹിക്കുന്നുണ്ടോ?  അവിടുന്ന് നിങ്ങളോടു കൂടുതൽ വ്യക്തതയോടെ സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ?  അങ്ങനെയെങ്കിൽ, എന്താണെന്നുപോലും നിങ്ങൾക്ക് അറിയാത്ത ആ ഹിതത്തിനു നിങ്ങളുടെ ഇഷ്ടം കൂടുതൽ പൂർണമായി സമർപ്പിക്കാൻ പരിശ്രമിക്കുക.  നാളെ ദൈവം നിങ്ങളിൽനിന്ന് ആഗ്രഹിക്കുന്ന കാര്യത്തോട് “അതെ” എന്നു പറയുക; അതിനോട് ഇന്നുതന്നെ “അതെ” എന്നു പറയുക.  ഉടൻതന്നെ സമ്മതം പറയുന്ന ഈ ശീലം വളർത്തുന്നത്, ദൈവം പറയാൻ ആഗ്രഹിക്കുന്നതെല്ലാം കൂടുതൽ വ്യക്തമായി ഗ്രഹിക്കാനുള്ള വാതിൽ തുറക്കും.

കർത്താവേ, എന്റെ മറുപടി “അതെ” എന്നാണ്.  ഇന്നും നാളെയും എപ്പോഴും ഞാൻ അങ്ങയുടെ ഹിതം തിരഞ്ഞെടുക്കുന്നു.  അങ്ങയുടെ ഹിതമല്ലാതെ മറ്റൊന്നും ഞാൻ തിരഞ്ഞെടുക്കുന്നില്ല.  ഞാൻ അങ്ങയോട് “അതെ” എന്നു പറയുമ്പോൾ, അങ്ങ് എന്നോട് ആവശ്യപ്പെടുന്നതെല്ലാം കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ എന്നെ സഹായിക്കണമേ.  ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

പരിശുദ്ധാത്മാവിനോടുള്ള നൊവേന
പന്തക്കുസ്തായ്ക്കുള്ള ഒരുക്കമായി ചൊല്ലുന്നത്
രണ്ടാം ദിവസം – ശനിയാഴ്ച, മേയ് 23

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

ചിത്രം: ജെയിംസ് ടിസോയുടെ ‘അപ്പസ്തോലന്മാർക്കുള്ള പ്രബോധനം’