2020 മേയ് 27
ഉയിർപ്പുകാലം ഏഴാം ആഴ്ചയിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ
കാന്റർബറിയിലെ വിശുദ്ധ അഗസ്റ്റിൻ, മെത്രാൻ—ഐച്ഛിക അനുസ്മരണം

“ഞാൻ അവർക്ക് അങ്ങയുടെ വചനം നൽകി. ലോകം അവരെ വെറുത്തു; കാരണം, ഞാൻ ലോകത്തിന്റേതല്ലാത്തതുപോലെ അവരും ലോകത്തിന്റേതല്ല. അവരെ ലോകത്തിൽനിന്ന് എടുത്തുമാറ്റണമെന്നല്ല, ദുഷ്ടനിൽനിന്ന് കാത്തുസൂക്ഷിക്കണമെന്നാണ് ഞാൻ അപേക്ഷിക്കുന്നത്. ഞാൻ ലോകത്തിന്റേതല്ലാത്തതുപോലെ അവരും ലോകത്തിന്റേതല്ല. സത്യത്തിൽ അവരെ വിശുദ്ധീകരിക്കണമേ. അങ്ങയുടെ വചനം സത്യമാണ്.” യോഹന്നാൻ 17:14–17
“സത്യത്തിൽ അവരെ വിശുദ്ധീകരിക്കണമേ. അങ്ങയുടെ വചനം സത്യമാണ്.” അതിജീവനത്തിന്റെ താക്കോൽ ഇതാണ്!
ജീവിതത്തിൽ നാം നേരിടുന്ന മൂന്നു പ്രധാന പ്രലോഭനങ്ങളെ വിശുദ്ധഗ്രന്ഥം വെളിപ്പെടുത്തുന്നു: ജഡം, ലോകം, പിശാച്. ഇവ മൂന്നും നമ്മെ വഴിതെറ്റിക്കാൻ പ്രവർത്തിക്കുന്നു. എന്നാൽ ഒരേയൊരു കാര്യത്താൽ ഇവ മൂന്നിനെയും ജയിക്കാനാകും…സത്യത്താൽ.
മുകളിൽ നൽകിയിരിക്കുന്ന സുവിശേഷഭാഗം പ്രത്യേകമായി “ലോക”ത്തെയും “ദുഷ്ടനെയും” കുറിച്ചാണ് സംസാരിക്കുന്നത്. പിശാചായ ദുഷ്ടൻ യഥാർഥത്തിൽ ഉണ്ട്. അവൻ നമ്മെ വെറുക്കുകയും നമ്മെ വഴിതെറ്റിക്കാനും നമ്മുടെ ജീവിതം നശിപ്പിക്കാനും തന്നാലാവുന്നതെല്ലാം ചെയ്യുകയും ചെയ്യുന്നു. പൊള്ളയായ വാഗ്ദാനങ്ങളാൽ നമ്മുടെ മനസ്സ് നിറയ്ക്കാൻ അവൻ ശ്രമിക്കുന്നു; ക്ഷണികമായ സുഖങ്ങൾ വാഗ്ദാനം ചെയ്യുകയും സ്വാർഥമായ അഭിലാഷങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആദിമുതലേ അവൻ നുണയനായിരുന്നു; ഇന്നും നുണയനായി തുടരുന്നു.
തന്റെ പരസ്യശുശ്രൂഷയുടെ ആരംഭത്തിൽ യേശു നാല്പതു ദിവസം ഉപവസിച്ചപ്പോൾ പിശാച് അവിടുത്തെ നേരെ പ്രയോഗിച്ച പ്രലോഭനങ്ങളിലൊന്ന്, ലോകം നൽകുന്നതെല്ലാം സ്വന്തമാക്കാനുള്ള പ്രലോഭനമായിരുന്നു. പിശാച് ഭൂമിയിലെ എല്ലാ രാജ്യങ്ങളും യേശുവിന് കാണിച്ചുകൊടുത്തുകൊണ്ട് പറഞ്ഞു: “നീ സാഷ്ടാംഗം വീണ് എന്നെ ആരാധിച്ചാൽ ഇവയെല്ലാം ഞാൻ നിനക്കു നൽകാം.”
ഒന്നാമതായി, യേശു സകലത്തിന്റെയും സ്രഷ്ടാവായിരുന്നു എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ഇതൊരു വിഡ്ഢിത്തമായ പ്രലോഭനമായിരുന്നു. എന്നിരുന്നാലും, ഈ ലൗകിക ആകർഷണത്താൽ തന്നെ പ്രലോഭിപ്പിക്കാൻ അവിടുന്ന് പിശാചിനെ അനുവദിച്ചു. എന്തുകൊണ്ടാണ് അവിടുന്ന് ഇങ്ങനെ ചെയ്തത്? ലോകത്തിന്റെ അനേകം ആകർഷണങ്ങളാൽ നാമെല്ലാവരും പ്രലോഭിപ്പിക്കപ്പെടുമെന്ന് യേശുവിന് അറിയാമായിരുന്നു. “ലോകം” എന്നതുകൊണ്ട് നാം പല കാര്യങ്ങളും അർഥമാക്കുന്നു. നമ്മുടെ ഈ കാലഘട്ടത്തിൽ മനസ്സിലേക്കു വരുന്ന ഒരു കാര്യം ലോകത്തിന്റെ അംഗീകാരം നേടാനുള്ള ആഗ്രഹമാണ്. ഇത് വളരെ സൂക്ഷ്മമായി പ്രവർത്തിക്കുന്ന ഒരു ബാധയാണ്; എന്നാൽ നമ്മുടെ സഭയെപ്പോലും ഉൾപ്പെടെ അനേകരെ ഇത് ബാധിക്കുന്നു.
മാധ്യമങ്ങളുടെയും ആഗോള രാഷ്ട്രീയ സംസ്കാരത്തിന്റെയും ശക്തമായ സ്വാധീനംമൂലം, ക്രൈസ്തവരായ നാം നമ്മുടെ കാലഘട്ടത്തിന് അനുസൃതമായി മാത്രം ജീവിക്കണമെന്ന സമ്മർദം ഇന്ന് മുമ്പെന്നത്തേക്കാളും ശക്തമാണ്. ജനപ്രിയവും സമൂഹത്തിന് സ്വീകാര്യവുമായ കാര്യങ്ങൾ ചെയ്യാനും വിശ്വസിക്കാനും നാം പ്രലോഭിപ്പിക്കപ്പെടുന്നു. നാം കേൾക്കാൻ സ്വയം അനുവദിക്കുന്ന “സുവിശേഷ”മാകട്ടെ, ധാർമ്മിക കാര്യങ്ങളോടുള്ള ഉദാസീനത നിറഞ്ഞ മതേതര ലോകത്തിന്റേതാണ്.
എന്തും ഏതും സ്വീകരിക്കാൻ സന്നദ്ധരായ ആളുകളായിത്തീരാനുള്ള ശക്തമായ ഒരു സാംസ്കാരിക പ്രവണതയുണ്ട് (ഇന്റർനെറ്റും മാധ്യമങ്ങളും മൂലം ഇതൊരു ആഗോള പ്രവണതയാണ്). ധാർമ്മിക നിഷ്ഠയെയും സത്യത്തെയും കുറിച്ചുള്ള നമ്മുടെ ബോധം നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അതിനാൽ, യേശുവിന്റെ വാക്കുകൾ മുമ്പെന്നത്തേക്കാളും കൂടുതലായി ഇന്ന് നാം ഹൃദയത്തിൽ സ്വീകരിക്കേണ്ടതുണ്ട്. “അങ്ങയുടെ വചനം സത്യമാണ്.” ദൈവവചനവും സുവിശേഷവും നമ്മുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നതെല്ലാം നമ്മുടെ വിശ്വാസം വെളിപ്പെടുത്തുന്നതെല്ലാം സത്യമാണ്. ഈ സത്യം മാത്രമായിരിക്കണം നമ്മെ നയിക്കുന്ന പ്രകാശം; മറ്റൊന്നുമല്ല.
മതേതര സംസ്കാരം നിങ്ങളെ എത്രമാത്രം സ്വാധീനിക്കുന്നുവെന്ന് ഇന്ന് ചിന്തിക്കുക. മതേതര സമ്മർദത്തിനോ നമ്മുടെ കാലഘട്ടത്തിലെ മതേതര “സുവിശേഷങ്ങൾ”ക്കോ നിങ്ങൾ വഴങ്ങിയിട്ടുണ്ടോ? ഈ നുണകളെ ചെറുത്തുനിൽക്കാൻ കരുത്തുള്ള ഒരാളാകണം. സത്യത്തിൽ വിശുദ്ധീകരിക്കപ്പെട്ടവരായി നിലനിന്നാൽ മാത്രമേ നാം അവയെ ചെറുത്തുനിൽക്കുകയുള്ളൂ.
കർത്താവേ, ഞാൻ എന്നെത്തന്നെ അങ്ങേക്ക് സമർപ്പിക്കുന്നു. അങ്ങാണ് സത്യം. ലക്ഷ്യത്തിൽനിന്ന് വ്യതിചലിക്കാതിരിക്കാനും എനിക്കു ചുറ്റുമുള്ള അനേകം നുണകൾക്കിടയിലൂടെ വഴികണ്ടെത്താനും എനിക്ക് വേണ്ടത് അങ്ങയുടെ വചനമാണ്. ദുഷ്ടനിൽനിന്ന് അകന്ന്, എപ്പോഴും അങ്ങയുടെ സംരക്ഷണത്തിൽ നിലനിൽക്കാൻ എനിക്ക് ശക്തിയും ജ്ഞാനവും നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
പരിശുദ്ധാത്മാവിനോടുള്ള നൊവേന
പന്തക്കുസ്തായ്ക്കുള്ള ഒരുക്കമായി പ്രാർഥിക്കുന്നത്
ആറാം ദിവസം – മേയ് 27, ബുധനാഴ്ച
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – കാന്റർബറിയിലെ വിശുദ്ധ അഗസ്റ്റിൻ, മെത്രാൻ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
ചിത്രം: കാൾ ഹൈൻറിച്ച് ബ്ലോക്ക് വരച്ച ‘യേശു പ്രലോഭിപ്പിക്കപ്പെടുന്നു’





