2020 ജൂൺ 2
ആണ്ടുവട്ടക്കാലം ഒൻപതാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ
രക്തസാക്ഷികളായ വിശുദ്ധ മർസെല്ലിനൂസും പത്രോസും—ഐച്ഛിക അനുസ്മരണം

“ഗുരോ, അങ്ങ് സത്യസന്ധനാണെന്നും ആരുടെയും അഭിപ്രായത്തെക്കുറിച്ച് ആകുലപ്പെടുന്നില്ലെന്നും ഞങ്ങൾ അറിയുന്നു. അങ്ങ് ഒരാളുടെ പദവി നോക്കാതെ സത്യത്തിനനുസൃതമായി ദൈവത്തിന്റെ വഴി പഠിപ്പിക്കുന്നു.” മർക്കോസ് 12:14a
യേശുവിനെ അവിടുത്തെ വാക്കുകളിൽ “കുടുക്കാൻ” അയയ്ക്കപ്പെട്ട ചില ഫരിസേയരും ഹേറോദേസ് പക്ഷക്കാരുമാണ് ഇങ്ങനെ പറഞ്ഞത്. യേശുവിനെ കെണിയിൽ വീഴ്ത്താൻ അവർ ഒളിഞ്ഞും കൗശലത്തോടെയും പ്രവർത്തിക്കുന്നു. സീസറിനെതിരെ എന്തെങ്കിലും പറയിക്കാൻ ശ്രമിച്ച്, അവിടുത്തെ റോമൻ അധികാരികളുമായി കുഴപ്പത്തിലാക്കുകയാണ് അവരുടെ ലക്ഷ്യം. എന്നാൽ ശ്രദ്ധേയമായ കാര്യം, യേശുവിനെക്കുറിച്ച് അവർ പറയുന്നത് തികച്ചും സത്യവും ഒരു മഹത്തായ സദ്ഗുണത്തെക്കുറിച്ചുള്ള പ്രസ്താവനയുമാണ് എന്നതാണ്.
യേശുവിന്റെ എളിമയും ആത്മാർഥതയും എടുത്തുകാട്ടുന്ന രണ്ടു കാര്യങ്ങളാണ് അവർ പറയുന്നത്: 1) “അങ്ങ് ആരുടെയും അഭിപ്രായത്തെക്കുറിച്ച് ആകുലപ്പെടുന്നില്ല;” 2) “അങ്ങ് ഒരാളുടെ പദവി നോക്കുന്നില്ല.” തീർച്ചയായും, അതിനുശേഷം റോമൻ നിയമം ലംഘിക്കാൻ അവിടുത്തെ കൗശലപൂർവം പ്രേരിപ്പിക്കാനാണ് അവർ ശ്രമിച്ചത്. യേശു അവരുടെ തന്ത്രത്തിൽ വീഴുന്നില്ല; ഒടുവിൽ അവിടുന്ന് അവരെ ബുദ്ധിപൂർവം പരാജയപ്പെടുത്തുകയും ചെയ്യുന്നു.
എന്നിരുന്നാലും, ഈ സദ്ഗുണങ്ങളെക്കുറിച്ച് ധ്യാനിക്കുന്നത് നമുക്ക് നല്ലതാണ്; കാരണം, നമ്മുടെ ജീവിതത്തിലും അവ സജീവമായിരിക്കാൻ നാം പരിശ്രമിക്കണം. ഒന്നാമതായി, മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കുറിച്ച് നാം ആകുലപ്പെടരുത്. എന്നാൽ ഇത് ശരിയായി മനസ്സിലാക്കണം. തീർച്ചയായും, മറ്റുള്ളവരെ കേൾക്കുന്നതും അവരോട് ആലോചിക്കുന്നതും തുറന്ന മനസ്സുള്ളവരായിരിക്കുന്നതും പ്രധാനമാണ്. ജീവിതത്തിൽ നല്ല തീരുമാനങ്ങളെടുക്കാൻ മറ്റുള്ളവരുടെ ഉൾക്കാഴ്ചകൾ നിർണായകമായേക്കാം. എന്നാൽ ഭയംമൂലം നമ്മുടെ പ്രവൃത്തികൾ നിയന്ത്രിക്കാൻ മറ്റുള്ളവരെ അനുവദിക്കുന്ന അപകടമാണ് നാം ഒഴിവാക്കേണ്ടത്. ചിലപ്പോൾ മറ്റുള്ളവരുടെ “അഭിപ്രായങ്ങൾ” നിഷേധാത്മകവും തെറ്റുമായിരിക്കും. പലവിധത്തിൽ സമപ്രായക്കാരിൽനിന്നോ ഒപ്പമുള്ളവരിൽനിന്നോ ഉള്ള സമ്മർദം നമുക്കെല്ലാവർക്കും അനുഭവപ്പെടാം. യേശു ഒരിക്കലും മറ്റുള്ളവരുടെ തെറ്റായ അഭിപ്രായങ്ങൾക്കു വഴങ്ങിയില്ല; ആ അഭിപ്രായങ്ങളുടെ സമ്മർദം തന്റെ പ്രവർത്തനരീതി മാറ്റാൻ അവിടുന്ന് അനുവദിച്ചതുമില്ല.
രണ്ടാമതായി, മറ്റൊരാളുടെ “പദവി” തന്നെ സ്വാധീനിക്കാൻ യേശു അനുവദിക്കുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇതും ഒരു സദ്ഗുണമാണ്. ദൈവത്തിന്റെ ദൃഷ്ടിയിൽ എല്ലാ മനുഷ്യരും തുല്യരാണെന്ന് നാം മനസ്സിലാക്കണം. അധികാരമോ സ്വാധീനമോ ഉള്ള ഒരു സ്ഥാനത്തായിരിക്കുന്നതുകൊണ്ടുമാത്രം ഒരാൾ മറ്റൊരാളെക്കാൾ കൂടുതൽ ശരിയായിരിക്കണമെന്നില്ല. ഓരോ വ്യക്തിയുടെയും ആത്മാർഥതയും സത്യനിഷ്ഠയും സത്യസന്ധതയുമാണ് പ്രധാനം. യേശു ഈ സദ്ഗുണം പരിപൂർണമായി അനുഷ്ഠിച്ചു.
ഈ വാക്കുകൾ നിങ്ങളെക്കുറിച്ചും പറയാനാകുമോ എന്ന് ഇന്ന് ചിന്തിക്കുക. ഈ ഫരിസേയരുടെയും ഹേറോദേസ് പക്ഷക്കാരുടെയും പ്രസ്താവനയിൽനിന്ന് പഠിക്കാൻ പരിശ്രമിക്കുക; സത്യനിഷ്ഠയും എളിമയുമുള്ള ഒരു ജീവിതം നയിക്കാൻ പരിശ്രമിക്കുക. അങ്ങനെ ചെയ്താൽ, ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ കെണികളെ അതിജീവിക്കാൻ യേശുവിന്റെ ജ്ഞാനത്തിൽ ഒരു പങ്ക് നിങ്ങൾക്കും നൽകപ്പെടും.
കർത്താവേ, സത്യസന്ധതയും സത്യനിഷ്ഠയുമുള്ള ഒരു വ്യക്തിയായിരിക്കാൻ ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു. മറ്റുള്ളവരുടെ നല്ല ഉപദേശങ്ങൾ കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു; എന്നാൽ എന്റെ വഴിയിൽ വന്നേക്കാവുന്ന തെറ്റുകളോ സമ്മർദങ്ങളോ എന്നെ സ്വാധീനിക്കരുത്. എല്ലാ കാര്യങ്ങളിലും എപ്പോഴും അങ്ങയെയും അങ്ങയുടെ സത്യത്തെയും അന്വേഷിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ മർസെല്ലിനൂസും പത്രോസും
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
ചിത്രം: യേശുവിനെ പരീക്ഷിക്കാൻ വരുന്ന ഫരിസേയരും സദുക്കായരും — ജെയിംസ് ടിസോയുടെ രചന




