മലയാളം

സൂക്ഷ്മാംശങ്ങളിലാണ് സ്നേഹം

ജൂൺ 10, 2020
ആണ്ടുവട്ടത്തിലെ പത്താം വാരത്തിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

“സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, എല്ലാം സംഭവിച്ചുതീരുവോളം, നിയമത്തിലെ ഏറ്റവും ചെറിയ അക്ഷരമോ അക്ഷരത്തിന്റെ ഏറ്റവും ചെറിയ അംശമോ പോലും നീങ്ങിപ്പോകുകയില്ല.” മത്തായി 5:18

ഈശോയുടെ ഈ പ്രസ്താവന ശ്രദ്ധേയമാണ്. നിയമത്തെക്കുറിച്ചും ഈശോ നിയമത്തെ പൂർത്തീകരിക്കുന്നതിനെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട് ഏറെ പറയാനുണ്ട്. എന്നാൽ ധ്യാനിക്കേണ്ട ഒരു കാര്യമുണ്ട്: നിയമത്തിലെ ഒരക്ഷരത്തിന്റെ മാത്രമല്ല, അതിലും കൃത്യമായി പറഞ്ഞാൽ, ഒരക്ഷരത്തിന്റെ ഏറ്റവും ചെറിയ അംശത്തിന്റെപോലും പ്രാധാന്യം വ്യക്തമാക്കാൻ ഈശോ എത്രമാത്രം ശ്രദ്ധിക്കുന്നു എന്നത്.

ഈശോമിശിഹായിൽ പൂർത്തീകരിക്കപ്പെട്ട ദൈവത്തിന്റെ പരമമായ നിയമം സ്നേഹമാണ്. “നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും കൂടെ നീ സ്നേഹിക്കണം.” അതുപോലെ, “നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ നീ സ്നേഹിക്കണം.” ഇതാണ് ദൈവനിയമത്തിന്റെ പരമമായ പൂർത്തീകരണം.

സ്നേഹനിയമത്തിന്റെ പൂർണ്ണതയുടെ വെളിച്ചത്തിൽ മുകളിലെ ഈ വചനഭാഗത്തെ നോക്കിയാൽ, സ്നേഹത്തിന്റെ സൂക്ഷ്മാംശങ്ങൾക്ക്, ഏറ്റവും ചെറിയ കാര്യത്തിനുപോലും, അതീവ പ്രാധാന്യമുണ്ടെന്ന് ഈശോ പറയുന്നതായി നമുക്കു കേൾക്കാം. വാസ്തവത്തിൽ, ഈ സൂക്ഷ്മാംശങ്ങളാണ് സ്നേഹത്തെ അനേകമടങ്ങായി വളർത്തുന്നത്. ദൈവസ്നേഹത്തിലും അയൽസ്നേഹത്തിലും ഒരാൾ ശ്രദ്ധിക്കുന്ന കാര്യം എത്ര ചെറുതാകുന്നുവോ, അത്രയധികം പൂർണ്ണമായ അളവിൽ സ്നേഹനിയമം നിറവേറുന്നു.

നിങ്ങൾ സ്നേഹിക്കേണ്ടതിനായി ദൈവം നിങ്ങളുടെ ജീവിതത്തിൽ നൽകിയിരിക്കുന്നവരെക്കുറിച്ച് ഇന്ന് ചിന്തിക്കുക. ഇത് പ്രത്യേകിച്ചും കുടുംബാംഗങ്ങൾക്കും, അതിൽത്തന്നെ ജീവിതപങ്കാളികൾക്കും ബാധകമാണ്. ദയയും അനുകമ്പയും പ്രകടിപ്പിക്കുന്ന ഓരോ ചെറിയ പ്രവൃത്തിയിലും നിങ്ങൾ എത്രമാത്രം ശ്രദ്ധാലുക്കളാണ്? പ്രോത്സാഹനം നൽകുന്ന ഒരു വാക്കു പറയാനുള്ള അവസരങ്ങൾ നിങ്ങൾ പതിവായി അന്വേഷിക്കാറുണ്ടോ? നിങ്ങൾ കരുതുന്നുണ്ടെന്നും കൂടെയുണ്ടെന്നും അവരുടെ കാര്യങ്ങളിൽ താത്പര്യമുണ്ടെന്നും ഏറ്റവും ചെറിയ കാര്യങ്ങളിലൂടെപോലും പ്രകടിപ്പിക്കാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടോ? സൂക്ഷ്മാംശങ്ങളിലാണ് സ്നേഹം; ദൈവത്തിന്റെ സ്നേഹനിയമത്തിന്റെ മഹത്വപൂർണ്ണമായ ഈ പൂർത്തീകരണത്തെ അവ കൂടുതൽ ഉജ്ജ്വലമാക്കുന്നു.

കർത്താവേ, അങ്ങയെയും മറ്റുള്ളവരെയും സ്നേഹിക്കാൻ ഞാൻ വിളിക്കപ്പെട്ടിരിക്കുന്ന വലിയ വഴികളിലും ചെറുതായ അനേകം വഴികളിലും ശ്രദ്ധയുള്ളവനായിരിക്കാൻ എന്നെ സഹായിക്കണമേ. ഈ സ്നേഹം പ്രകടിപ്പിക്കാനും അങ്ങനെ അങ്ങയുടെ നിയമം നിറവേറ്റാനും ലഭിക്കുന്ന ഏറ്റവും ചെറിയ അവസരങ്ങൾപോലും അന്വേഷിക്കാൻ എന്നെ പ്രത്യേകമായി സഹായിക്കണമേ. ഈശോയേ, അങ്ങയിൽ ഞാൻ വിശ്വസിക്കുന്നു.

തിരുഹൃദയ നൊവേന
നൊവേന തീയതികൾ:2020 ജൂൺ 10-18
2020 ജൂൺ 19: തിരുഹൃദയത്തിന്റെ മഹോത്സവം

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

ചിത്രം: സർവാധിപനായ ക്രിസ്തു