മലയാളം

മറ്റുള്ളവർക്കു ചെയ്തുകൊടുക്കുക…

ജൂൺ 23, 2020
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

“മറ്റുള്ളവർ നിങ്ങൾക്കു ചെയ്തുതരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്കും ചെയ്തുകൊടുക്കുവിൻ. ഇതാണ് നിയമവും പ്രവാചകന്മാരും.”  മത്തായി 7:12

പരിചിതമായ ഈ വാക്യം പഴയനിയമത്തിൽ ദൈവം നൽകിയ ഒരു കല്പനയായിരുന്നു.  ജീവിതത്തിൽ പിന്തുടരാൻ പറ്റിയ നല്ലൊരു പ്രായോഗിക മാർഗ്ഗനിർദേശമാണിത്.

മറ്റുള്ളവർ “നിങ്ങൾക്കു ചെയ്തുതരണമെന്ന്” നിങ്ങൾ ആഗ്രഹിക്കുന്നത് എന്താണ്?  അതിനെക്കുറിച്ച് ചിന്തിക്കുക; സത്യസന്ധരായിരിക്കാൻ ശ്രമിക്കുക.  സത്യസന്ധമായി പറഞ്ഞാൽ, മറ്റുള്ളവർ നമുക്കുവേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യണമെന്ന് നാം ആഗ്രഹിക്കുന്നുണ്ടെന്ന് സമ്മതിക്കേണ്ടിവരും.  നമ്മെ ബഹുമാനിക്കണമെന്നും മാന്യതയോടും നീതിയോടും കൂടി നമ്മോടു പെരുമാറണമെന്നും മറ്റും നാം ആഗ്രഹിക്കുന്നു.  എന്നാൽ, അതിലും ആഴത്തിൽ, മറ്റുള്ളവർ നമ്മെ സ്നേഹിക്കണമെന്നും മനസ്സിലാക്കണമെന്നും അടുത്തറിയണമെന്നും കരുതണമെന്നും നാം ആഗ്രഹിക്കുന്നു.

മറ്റുള്ളവരുമായി സ്നേഹബന്ധം പങ്കിടാനും ദൈവത്താൽ സ്നേഹിക്കപ്പെടാനും ദൈവം നമുക്കു നൽകിയിരിക്കുന്ന സ്വാഭാവികമായ അഭിലാഷത്തെ നമ്മുടെ ഉള്ളിന്റെ ആഴങ്ങളിൽ തിരിച്ചറിയാൻ നാമെല്ലാവരും ശ്രമിക്കണം.  മനുഷ്യനായിരിക്കുക എന്നതിന്റെ അർത്ഥത്തിന്റെ കാതലിലേക്കാണ് ഈ ആഗ്രഹം കടന്നുചെല്ലുന്നത്.  മനുഷ്യരായ നാം ആ സ്നേഹത്തിനുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.  നാം സ്വീകരിക്കാൻ ആഗ്രഹിക്കുന്നത് മറ്റുള്ളവർക്കു നൽകാൻ സന്നദ്ധരും മനസ്സുള്ളവരുമായിരിക്കണമെന്ന് മുകളിൽ നൽകിയ തിരുവചനഭാഗം വെളിപ്പെടുത്തുന്നു.  സ്നേഹം ലഭിക്കാനുള്ള സ്വാഭാവികമായ ആഗ്രഹങ്ങൾ നമ്മുടെ ഉള്ളിൽ തിരിച്ചറിയാൻ കഴിയുന്നുവെങ്കിൽ, സ്നേഹിക്കാനുള്ള ആഗ്രഹം വളർത്തിയെടുക്കാനും നാം പരിശ്രമിക്കണം.  നമുക്കുവേണ്ടി സ്നേഹം തേടുന്ന അതേ അളവിൽത്തന്നെ സ്നേഹിക്കാനുള്ള ആഗ്രഹവും നാം വളർത്തിയെടുക്കണം.

കേൾക്കുമ്പോൾ തോന്നുന്നതിനെക്കാൾ പ്രയാസമുള്ള കാര്യമാണിത്.  മറ്റുള്ളവരിൽനിന്ന് സ്നേഹവും കരുണയും ആവശ്യപ്പെടുകയും പ്രതീക്ഷിക്കുകയും ചെയ്യുമ്പോൾത്തന്നെ, നാം എത്രമാത്രം നൽകുന്നു എന്ന കാര്യത്തിൽ വളരെ കുറഞ്ഞൊരു മാനദണ്ഡം സ്വീകരിക്കാനാണ് നമ്മുടെ സ്വാർത്ഥപ്രവണത നമ്മെ പ്രേരിപ്പിക്കുന്നത്.  ആദ്യം നമ്മുടെ കടമയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് പ്രധാനം.  എന്തു ചെയ്യാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും എങ്ങനെ സ്നേഹിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും മനസ്സിലാക്കാൻ നാം പരിശ്രമിക്കണം.  ഇതിനെ നമ്മുടെ പ്രഥമ കടമയായി കാണുകയും അതനുസരിച്ച് ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ, സ്വീകരിക്കാൻ ശ്രമിക്കുന്നതിനെക്കാൾ വളരെ വലിയ സംതൃപ്തി നൽകുന്നതിൽ കണ്ടെത്താനാകുമെന്ന് നാം തിരിച്ചറിയും.  മറ്റുള്ളവർ “നമുക്ക് എന്തു ചെയ്തുതരുന്നു” എന്നതിനെ ആശ്രയിക്കാതെ, “അവർക്കു ചെയ്തുകൊടുക്കുന്നതിലാണ്” യഥാർത്ഥത്തിൽ നമുക്ക് സാഫല്യം ലഭിക്കുന്നതെന്ന് നാം കണ്ടെത്തും.

മറ്റുള്ളവരുടെ സ്നേഹവും ബഹുമാനവും ലഭിക്കാൻ നിങ്ങളുടെ ഹൃദയത്തിലുള്ള സ്വാഭാവികമായ ആഗ്രഹത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക.  തുടർന്ന്, നിങ്ങളുടെ ചുറ്റുമുള്ളവരോടു പെരുമാറുമ്പോൾ ഈ ആഗ്രഹം മനസ്സിൽ മുൻനിർത്തുക.

കർത്താവേ, മറ്റുള്ളവർ എനിക്കു ചെയ്തുതരണമെന്ന് ഞാൻ ആഗ്രഹിക്കുന്നത് അവർക്കു ചെയ്തുകൊടുക്കാൻ എന്നെ സഹായിക്കണമേ.  സ്നേഹം ലഭിക്കാനുള്ള എന്റെ ഹൃദയത്തിലെ ആഗ്രഹം മറ്റുള്ളവരെ സ്നേഹിക്കുന്നതിനുള്ള പ്രചോദനമാക്കാൻ എന്നെ സഹായിക്കണമേ.  എന്നെത്തന്നെ നൽകുമ്പോൾ, ആ ദാനത്തിൽ സാഫല്യവും സംതൃപ്തിയും കണ്ടെത്താൻ എന്നെ സഹായിക്കണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

ചിത്രം: രൂപാന്തരീകരണം — ദുച്ചോ ദി ബുവോണിൻസെന


എന്റെ കത്തോലിക്കാ ജീവിതം! ഗ്രന്ഥപരമ്പര
കത്തോലിക്കാ വിശ്വാസത്തിന്റെ സമ്പൂർണ്ണ സംഗ്രഹം!