2020 ജൂലൈ 3, വെള്ളിയാഴ്ച
വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ

പന്ത്രണ്ടുപേരിൽ ഒരുവനും ദിദിമോസ് എന്നു വിളിക്കപ്പെടുന്നവനുമായ തോമസ്, യേശു വന്നപ്പോൾ അവരോടുകൂടെ ഉണ്ടായിരുന്നില്ല. അതിനാൽ മറ്റു ശിഷ്യന്മാർ അവനോടു പറഞ്ഞു: “ഞങ്ങൾ കർത്താവിനെ കണ്ടു.” എന്നാൽ തോമസ് അവരോടു പറഞ്ഞു: “അവന്റെ കൈകളിൽ ആണികളുടെ പാട് കാണുകയും ആ പാടുകളിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്യാതെ ഞാൻ വിശ്വസിക്കുകയില്ല.” യോഹന്നാൻ 20:24-25
മുകളിൽ പറഞ്ഞ വാക്കുകളിൽ പ്രകടമാകുന്ന വിശ്വാസക്കുറവിന്റെ പേരിൽ വിശുദ്ധ തോമാശ്ലീഹായെ വിമർശിക്കാൻ എളുപ്പമാണ്. എന്നാൽ അദ്ദേഹത്തെക്കുറിച്ച് മോശമായി ചിന്തിക്കുന്നതിനുമുമ്പ്, നിങ്ങൾ എങ്ങനെയായിരിക്കും പ്രതികരിച്ചിരിക്കുക എന്നു ചിന്തിക്കുക. സംഭവത്തിന്റെ അവസാനം എന്താണെന്ന് നമുക്കു വ്യക്തമായി അറിയാവുന്നതിനാൽ ഇങ്ങനെ ചിന്തിക്കുക പ്രയാസമാണ്. യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റുവെന്നും ഒടുവിൽ തോമാശ്ലീഹാ “എന്റെ കർത്താവേ, എന്റെ ദൈവമേ!” എന്ന് ഏറ്റുപറഞ്ഞുകൊണ്ട് വിശ്വസിച്ചുവെന്നും നമുക്കറിയാം. എങ്കിലും, അദ്ദേഹത്തിന്റെ സാഹചര്യത്തിൽ നിങ്ങളെത്തന്നെ സങ്കൽപ്പിക്കാൻ ശ്രമിക്കുക.
ഒന്നാമതായി, തോമാശ്ലീഹായുടെ സംശയത്തിന് ഒരു പരിധിവരെയെങ്കിലും കാരണം അതീവ ദുഃഖവും നിരാശയുമായിരുന്നിരിക്കാം. യേശുവാണ് മിശിഹാ എന്ന് അദ്ദേഹം പ്രത്യാശിച്ചിരുന്നു; തന്റെ ജീവിതത്തിലെ കഴിഞ്ഞ മൂന്നു വർഷങ്ങൾ അവിടുത്തെ അനുഗമിക്കാൻ സമർപ്പിച്ചിരുന്നു; ഇപ്പോഴിതാ യേശു മരിച്ചിരിക്കുന്നു… കുറഞ്ഞപക്ഷം അദ്ദേഹം അങ്ങനെയാണ് കരുതിയത്. ഇത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. കാരണം, ജീവിതത്തിൽ ഏതെങ്കിലും ബുദ്ധിമുട്ടോ ഇച്ഛാഭംഗമോ വേദനാജനകമായ സാഹചര്യമോ നേരിടുമ്പോൾ പലപ്പോഴും നമ്മുടെ വിശ്വാസം പരീക്ഷിക്കപ്പെടുന്നു. നിരാശ നമ്മെ സംശയത്തിലേക്ക് വലിച്ചിഴയ്ക്കാൻ അനുവദിക്കുന്നതിനുള്ള പ്രലോഭനം നമുക്കുണ്ടാകുന്നു. അങ്ങനെ സംഭവിക്കുമ്പോൾ, നമ്മുടെ വിശ്വാസത്തെക്കാളുപരി നമ്മുടെ മനോവേദനയെ അടിസ്ഥാനമാക്കി നാം തീരുമാനങ്ങളെടുക്കുന്നു.
രണ്ടാമതായി, സ്വന്തം കണ്ണുകൾകൊണ്ട് കണ്ട ഭൗതിക യാഥാർഥ്യത്തെ നിഷേധിക്കാനും ലൗകികമായ കാഴ്ചപ്പാടിൽ തികച്ചും “അസാധ്യമായ” ഒരു കാര്യം വിശ്വസിക്കാനും തോമാശ്ലീഹാ വിളിക്കപ്പെട്ടു. മനുഷ്യർ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കാറില്ലല്ലോ! ലൗകികമായ കാഴ്ചപ്പാടിൽ മാത്രം നോക്കിയാൽ, കുറഞ്ഞപക്ഷം അങ്ങനെയൊന്ന് സംഭവിക്കുകയില്ല. യേശു മുമ്പ് ഇത്തരം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് തോമാശ്ലീഹാ കണ്ടിട്ടുണ്ടായിരുന്നെങ്കിലും, സ്വന്തം കണ്ണുകൾകൊണ്ട് കാണാതെ വിശ്വസിക്കാൻ വലിയ വിശ്വാസം ആവശ്യമായിരുന്നു. അങ്ങനെ നിരാശയും അസാധ്യമെന്നു തോന്നിയ ഒരു കാര്യവും തോമാശ്ലീഹായുടെ വിശ്വാസത്തിന്റെ അന്തരാളത്തിൽ കടന്ന് അതിനെ അണച്ചുകളഞ്ഞു.
ഈ ഭാഗത്തുനിന്ന് നമുക്കു പഠിക്കാവുന്ന രണ്ടു പാഠങ്ങളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക: 1) ജീവിതത്തിലെ നിങ്ങളുടെ തീരുമാനങ്ങളെയോ വിശ്വാസങ്ങളെയോ നയിക്കാൻ നിരാശയെയോ ഇച്ഛാഭംഗത്തെയോ മനോവേദനയെയോ ഒരിക്കലും അനുവദിക്കരുത്. അവ ഒരിക്കലും നല്ല വഴികാട്ടികളല്ല. 2) താൻ തിരഞ്ഞെടുക്കുന്ന എന്തും, എല്ലാംതന്നെയും ചെയ്യാനുള്ള ദൈവത്തിന്റെ ശക്തിയെ സംശയിക്കരുത്. ഈ സംഭവത്തിൽ, മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കാൻ ദൈവം തീരുമാനിച്ചു; അങ്ങനെ അവിടുന്ന് ഉയിർത്തെഴുന്നേറ്റു. നമ്മുടെ ജീവിതത്തിലും താൻ തിരുമനസ്സാകുന്നതെന്തും ചെയ്യാൻ ദൈവത്തിനു കഴിയും. നാം അതു വിശ്വസിക്കണം. നമ്മെ പരിപാലിക്കുന്ന അവിടുത്തെ കരുതലിൽ നാം ആശ്രയിക്കുകയേ വേണ്ടൂ; വിശ്വാസത്തിലൂടെ അവിടുന്ന് നമുക്കു വെളിപ്പെടുത്തുന്നതു സംഭവിക്കുമെന്ന് നാം അറിയുകയും വേണം.
കർത്താവേ, ഞാൻ വിശ്വസിക്കുന്നു. എന്റെ അവിശ്വാസത്തിൽ എന്നെ സഹായിക്കണമേ. നിരാശയ്ക്കു വഴങ്ങാനോ ജീവിതത്തിലെ സകലത്തിന്മേലുമുള്ള അങ്ങയുടെ സർവശക്തിയെ സംശയിക്കാനോ എനിക്കു പ്രലോഭനമുണ്ടാകുമ്പോൾ, അങ്ങയിലേക്കു തിരിയാനും പൂർണഹൃദയത്തോടെ അങ്ങയിൽ ആശ്രയിക്കാനും എന്നെ സഹായിക്കണമേ. വിശുദ്ധ തോമാശ്ലീഹായോടൊപ്പം “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന് ഞാൻ ഏറ്റുപറയട്ടെ. അങ്ങ് എന്റെ ആത്മാവിൽ നിക്ഷേപിച്ച വിശ്വാസത്താൽ മാത്രമേ എനിക്കു കാണാൻ കഴിയുന്നുള്ളൂ എങ്കിലും, ഞാൻ അങ്ങനെ ഏറ്റുപറയട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ തോമാശ്ലീഹാ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
ചിത്രം – കാരവാജിയോ വരച്ച വിശുദ്ധ തോമാശ്ലീഹായുടെ അവിശ്വാസം



