2020 ജൂലൈ 5
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ, വർഷം A
ഇന്നത്തെ വായനകൾ
പോർച്ചുഗലിലെ വിശുദ്ധ എലിസബത്ത്—ഐച്ഛിക അനുസ്മരണം
(അമേരിക്കൻ ഐക്യനാടുകൾക്ക് പുറത്ത് ജൂലൈ 4-ന് ആഘോഷിക്കുന്നു)

“സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, അങ്ങ് ഇക്കാര്യങ്ങൾ ജ്ഞാനികളിൽനിന്നും പണ്ഡിതരിൽനിന്നും മറച്ചുവെച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ അങ്ങയെ സ്തുതിക്കുന്നു.” മത്തായി 11:25
എത്ര ആഴമുള്ള സത്യമാണ് നാം മനസ്സിലാക്കേണ്ടത്! ഒരു “ശിശു” ആയിരിക്കാനോ “ജ്ഞാനിയും പണ്ഡിതനും” ആയിരിക്കാനോ തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചാൽ, ജ്ഞാനിയും പണ്ഡിതനും ആയിരിക്കുന്നതാണ് കൂടുതൽ ആകർഷകമെന്ന് പലർക്കും തോന്നാം. എന്നാൽ, ഈശോ പറയുന്നതനുസരിച്ച്, ശിശുക്കളായിരിക്കുന്നവർ യഥാർഥത്തിൽ ജ്ഞാനികളും പണ്ഡിതരുമായി വെറും ഭാവിക്കുന്നവരെക്കാൾ വളരെയേറെ ജ്ഞാനവും അറിവുമുള്ളവരാണ് എന്നതാണ് കാര്യം.
ശിശുസഹജമായ മനസ്സുള്ളവർക്കാണ് സ്വർഗരാജ്യത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തപ്പെടുന്നത്. ദൈവത്തിന്റെ ആന്തരികജീവിതത്തിലെ സത്യങ്ങളുടെ ആഴങ്ങളിലേക്ക് കടന്നുചെല്ലാൻ അവർക്ക് പ്രത്യേക കൃപ ലഭിക്കുന്നു. ദൈവത്തിന്റെ ആന്തരികജീവിതത്തിന്റെ ലാളിത്യം ഒരു പരിധിവരെ ഇത് വെളിപ്പെടുത്തുന്നു. ദൈവവും അവിടുത്തെ തിരുഹിതവും ഒരിക്കലും ആശയക്കുഴപ്പമുണ്ടാക്കുന്നതോ സങ്കീർണ്ണമോ അല്ല. ദൈവം ആശയക്കുഴപ്പമുണ്ടാക്കുന്നവനാണെന്ന പ്രതീതി നാം സൃഷ്ടിച്ചേക്കാം; തത്ഫലമായി ദൈവത്തിന്റെ ജ്ഞാനം അത്യന്തം സങ്കീർണ്ണമാണെന്ന് നമുക്ക് അനുഭവപ്പെടുകയും ചെയ്യാം. എന്നാൽ യഥാർഥത്തിൽ, ദൈവത്തിന്റെ സത്യവും സൗന്ദര്യവും വിവേചിച്ചറിയാൻ കഴിയുന്നത് എളിമയോടെ ജീവിക്കുന്ന ലളിതമായ മനസ്സിനു മാത്രമാണ്.
“ദൈവഹിതം കണ്ടെത്താൻ” ശ്രമിച്ചുകൊണ്ട് അമിതമായ സമയവും ഊർജവും ചെലവഴിക്കുന്ന പ്രവണത നമുക്കെല്ലാവർക്കും ഉണ്ടാകാം. നാം വീണ്ടും വീണ്ടും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്തിട്ടും ഒടുവിൽ ഏതെങ്കിലും കാര്യത്തെക്കുറിച്ചുള്ള ആശയക്കുഴപ്പത്തിൽത്തന്നെ തുടരാം. അമിതമായി ചിന്തിച്ച് ഒടുവിൽ ആശയക്കുഴപ്പത്തിലാകുന്ന ഈ അവസ്ഥയിലാണ് നിങ്ങളെങ്കിൽ, നിങ്ങൾ ദൈവഹിതം ശരിയായി വിവേചിച്ചറിയുന്നില്ലായിരിക്കാമെന്നും അവിടുത്തെ വാക്കുകൾ ശരിയായി കേൾക്കാൻ നിങ്ങളെത്തന്നെ അനുവദിക്കുന്നില്ലായിരിക്കാമെന്നും സൂചിപ്പിക്കുന്ന ഒരു അടയാളമാണിത്.
നാം അറിയേണ്ടത് മാത്രം, അറിയേണ്ട സമയത്ത്, ലളിതമായും വ്യക്തമായും ദൈവം നമ്മോടു സംസാരിക്കുന്നു. അതിനാൽ, നാം കേൾക്കേണ്ട ലളിതവും അഗാധവുമായ സത്യം അവിടുത്തെ സമയത്ത് അവിടുന്ന് അരുളിച്ചെയ്യുന്നതിനായി കാത്തുകൊണ്ട്, എല്ലായ്പ്പോഴും എളിമയോടും ലാളിത്യത്തോടുംകൂടി നമ്മുടെ കർത്താവിനെ സമീപിക്കേണ്ടത് പ്രധാനമാണ്. ആത്യന്തികമായി, കർത്താവിനോടുള്ള നമ്മുടെ ബന്ധത്തിൽ ക്ഷമയോടെ കാത്തിരിക്കുക എന്നതാണ് ഇതിന്റെ സാരം.
ജീവിതരഹസ്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ അമിതമായി സമയം ചെലവഴിച്ചിട്ട് ഒടുവിൽ ആശയക്കുഴപ്പത്തിലാകുന്നുണ്ടോ എന്ന് ഇന്ന് വിചിന്തനം ചെയ്യുക. അങ്ങനെയെങ്കിൽ, കർത്താവ് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്ന ലളിതവും എന്നാൽ അഗാധവുമായ സത്യങ്ങൾ വെളിപ്പെടുത്താൻ അവിടുത്തെ അനുവദിക്കത്തക്കവിധം എളിമയിൽ വളരാൻ ശ്രമിക്കുക. ദൈവത്തിന്റെ ദൃഷ്ടിയിൽ ശിശുസഹജമായ മനസ്സുള്ളവരാകാൻ പരിശ്രമിക്കുക; സ്വന്തം കഴിവുകൊണ്ട് നിങ്ങൾക്ക് ഒരിക്കലും നേടാനാകുന്നതിനെക്കാൾ കൂടുതൽ ജ്ഞാനവും അറിവും നിങ്ങൾ നേടും.
പ്രിയ കർത്താവേ, അങ്ങയിൽ ലളിതവും ശിശുസഹജവുമായ വിശ്വാസമുണ്ടാകാനും, ഈ ലളിതമായ വിശ്വാസത്തിലൂടെ അങ്ങ് എനിക്കു വെളിപ്പെടുത്താൻ ആഗ്രഹിക്കുന്ന മനോഹരമായ രഹസ്യങ്ങൾ അറിയാനും എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, എനിക്കു സ്വന്തമായി ഒരിക്കലും നേടാനാകുന്നതിനെക്കാൾ ഉപരിയായ ജ്ഞാനവും അറിവും എനിക്കു നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധ – പോർച്ചുഗലിലെ വിശുദ്ധ എലിസബത്ത്
(അമേരിക്കൻ ഐക്യനാടുകൾക്ക് പുറത്ത് ജൂലൈ 4-ന് ആഘോഷിക്കുന്നു)
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
ചിത്രം: ബെഞ്ചമിൻ ഹെയ്ഡൺ വരച്ച, ശിശുക്കളെ അനുഗ്രഹിക്കുന്ന ക്രിസ്തു



