മലയാളം

നമ്മുടെ മറഞ്ഞിരിക്കുന്ന ജീവിതം

ജൂലൈ 11, 2020
ആണ്ടുവട്ടക്കാലത്തിലെ പതിനാലാം ആഴ്ചയിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

വിശുദ്ധ ബെനഡിക്ട്, ആശ്രമാധിപൻ—അനുസ്മരണം

“വെളിപ്പെടാത്തതായി മറച്ചുവയ്ക്കപ്പെട്ടതൊന്നുമില്ല; അറിയപ്പെടാത്തതായി രഹസ്യമായതൊന്നുമില്ല.”  മത്തായി 10:26b

നിങ്ങൾ എന്താണ് “മറച്ചുവച്ചിരിക്കുന്നത്”, അല്ലെങ്കിൽ ഹൃദയത്തിൽ എന്താണ് “രഹസ്യമായി” സൂക്ഷിക്കുന്നത് എന്നതിനെ ആശ്രയിച്ച്, ഈ ചിന്ത ഏറെ ആശ്വാസകരമോ ഏറെ ഭയപ്പെടുത്തുന്നതോ ആകാം.  നിങ്ങളുടെ മനസ്സാക്ഷിയുടെ ആഴങ്ങളിൽ എന്താണുള്ളത്?  ഇപ്പോൾ ദൈവം മാത്രം കാണുന്ന എന്താണ് അവിടെ മറഞ്ഞിരിക്കുന്നത്?  ഇക്കാര്യത്തിൽ മനുഷ്യർ എത്തിപ്പെടാവുന്ന രണ്ടു തീവ്രനിലകളുണ്ട്; അവയ്ക്കിടയിൽ പല അവസ്ഥകളുമുണ്ട്.

ആദ്യത്തെ തീവ്രനില, പൊതുസമൂഹത്തിൽ കപടമായ ഒരു മുഖം കാട്ടുകയും രഹസ്യത്തിൽ തികച്ചും വ്യത്യസ്തമായ ജീവിതം നയിക്കുകയും ചെയ്യുന്ന വ്യക്തിയുടേതാണ്.  കപടനാട്യമെന്ന പാപത്തിൽ വീഴുന്നവരാണിവർ; “ഇരുമുഖർ” എന്നു നാം വിളിക്കാവുന്നവർ.  ഇത് ഭയപ്പെടുത്തുന്ന ഒരു അവസ്ഥയാണ്.  കാരണം, ഇത്തരമൊരു ജീവിതം നയിക്കുന്നവർക്ക് ഒരിക്കലും യഥാർഥ സമാധാനമുണ്ടാകില്ല.  മറ്റുള്ളവർ എന്തു ചിന്തിക്കുന്നു, പൊതുസമൂഹത്തിൽ തങ്ങൾ എങ്ങനെ കാണപ്പെടുന്നു എന്നീ കാര്യങ്ങളിൽ അവർ പൂർണമായി മുഴുകിയിരിക്കുന്നു.  ഉള്ളിൽ അവർ ഏറെ ദുഃഖവും ഉത്കണ്ഠയും ഭയവും നിറഞ്ഞവരാണ്.  യഥാർഥ എളിമയും സത്യസന്ധതയും ധാർമികനിഷ്ഠയും ഏതുവിധത്തിൽ പാലിക്കുന്നതും ഇത്തരമൊരു വ്യക്തിക്ക് വലിയ പോരാട്ടമാണ്.

എന്നാൽ, ഇതോടൊപ്പം പറയേണ്ട മറ്റൊരു കാര്യമുണ്ട്: മറഞ്ഞിരിക്കുന്ന ജീവിതം നയിക്കുന്ന മറ്റൊരു തരത്തിലുള്ള വ്യക്തിയുമുണ്ട്.  വിശുദ്ധരുടെ മറഞ്ഞിരിക്കുന്ന ജീവിതമാണത്! ഉദാഹരണത്തിന്, പരിശുദ്ധ കന്യകാമറിയത്തെ എടുക്കുക.  ജീവിതത്തിന്റെ ആദ്യകാലത്ത് അവൾ ഒരു വ്യഭിചാരിണിയായി കണക്കാക്കപ്പെട്ടു; അവളെക്കുറിച്ചുള്ള ഈ “പൊതുധാരണ” ഈ ലോകത്തിൽ ഒരിക്കലും തിരുത്തപ്പെട്ടില്ല.  അല്ലാതെ അവൾ എങ്ങനെയാണ് ഈശോയെ ഗർഭം ധരിച്ചത്? എന്ന് പലരും ചിന്തിച്ചു.  എന്നാൽ, ദൈവം സൃഷ്ടിച്ചവയിൽ ഏറ്റവും സുന്ദരവും നിർമലവും വിശുദ്ധവുമായ സൃഷ്ടിയായിരുന്നു അവളുടെ ആത്മാവ് എന്നതായിരുന്നു സത്യം.  ഇപ്പോൾ അവളുടെ ആന്തരികജീവിതത്തിന്റെ സൗന്ദര്യം മാലാഖമാരുടെയും വിശുദ്ധരുടെയും മുമ്പിൽ വെളിപ്പെട്ടിരിക്കുന്നു; നിത്യത മുഴുവൻ അത് വെളിപ്പെടുകയും ചെയ്യും!

നമ്മുടെ ഹൃദയത്തിലും മനസ്സാക്ഷിയിലുമുള്ളതെല്ലാം നിത്യത മുഴുവൻ വെളിപ്പെടുമെന്നതാണ് മുകളിലെ തിരുവചനത്തിന്റെ വാഗ്ദാനം.  അതിനാൽ, ഇപ്പോൾ യഥാർഥത്തിൽ വിശുദ്ധവും എളിമയുള്ളതും ആത്മാർഥവുമായ പുണ്യജീവിതം നയിക്കുന്നവർ നിത്യതയിലും അപ്രകാരംതന്നെ കാണപ്പെടും.  രഹസ്യത്തിൽ അന്ധകാരപൂർണമായ ജീവിതം നയിക്കുന്നവരുടെ ജീവിതവും ദൈവത്തിന്റെ കരുണയ്ക്കും നീതിക്കും അനുസൃതമായി ഏതെങ്കിലും വിധത്തിൽ നിത്യതയോളം വെളിവായിരിക്കും.

വീണ്ടും പറയട്ടെ, നമ്മുടെ ഹൃദയങ്ങളുടെ അവസ്ഥയനുസരിച്ച് ഇത് മിക്കവാറും ആശ്വാസകരമോ ഭയപ്പെടുത്തുന്നതോ ആയിരിക്കും.  എന്നാൽ, മറ്റെന്തിനെക്കാളും നാം ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്, ഇവിടെയും ഇപ്പോഴും യഥാർഥത്തിൽ വിശുദ്ധവും നിർമലവുമായ ഒരു ഹൃദയത്തിനായി പരിശ്രമിക്കേണ്ടതിന്റെ പ്രാധാന്യമാണ്.  നിങ്ങളുടെ വിശുദ്ധി ആരും കാണുന്നില്ലെങ്കിലും അതു പ്രശ്നമല്ല; ദൈവം മാത്രം കണ്ടാൽ മതി.  നിങ്ങൾക്കായി സുന്ദരമായ ഒരു ആന്തരികജീവിതം രൂപപ്പെടുത്താൻ ദൈവത്തെ അനുവദിക്കുകയും, അവിടുത്തെ ദൃഷ്ടിയിൽ നിങ്ങളുടെ ആത്മാവിനെ സുന്ദരമാക്കാൻ അവിടുത്തെ അനുവദിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

നിങ്ങൾ ഇത് എത്ര നന്നായി ചെയ്യുന്നുവെന്ന് ഇന്ന് വിചിന്തനം ചെയ്യുക.  നിങ്ങളുടെ ഹൃദയത്തെയും മനസ്സാക്ഷിയെയും തന്റെ സ്വന്തമായി കരുതി പരിപാലിക്കാനും, അവിടുത്തെ ഹൃദയത്തിനും നിങ്ങളുടെ ഹൃദയത്തിനും ഏറെ ആനന്ദം പകരുന്ന യഥാർഥ സൗന്ദര്യത്തിന്റെ ഇടമാക്കി അവയെ മാറ്റാനും നിങ്ങൾ ദിവസവും ദൈവത്തെ എത്രത്തോളം അനുവദിക്കുന്നു?

കർത്താവേ, അങ്ങ് വന്ന് എന്റെ ഹൃദയം അങ്ങയുടെ വാസസ്ഥലമാക്കണമേ.  എന്റെ ആത്മാവിനെ എല്ലാ വിധത്തിലും അങ്ങേക്കു പ്രീതികരമാക്കണമേ.  അങ്ങയുടെ മഹത്ത്വം അവിടെ വെളിപ്പെടുമാറാകട്ടെ; ഈ മഹത്ത്വം നിത്യത മുഴുവൻ വെളിപ്പെടാൻ അങ്ങ് അനുവദിക്കണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ –  വിശുദ്ധ ബെനഡിക്ട്, ആശ്രമാധിപൻ—അനുസ്മരണം

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

 

ചിത്രം – ടിഷ്യൻ വരച്ച രൂപാന്തരീകരണം


പുതിയത്!

പ്രായമേറുന്നതിനെക്കുറിച്ചുള്ള ചിന്തകൾ:
പ്രായമേറുന്ന ഒരു വൈദികനിൽനിന്ന്

വർഷത്തിലെ ഓരോ ദിവസവും ദിവസം മുഴുവൻ നിങ്ങൾക്കു വിചിന്തനം ചെയ്യാവുന്ന, പ്രായമേറുന്നതിനെക്കുറിച്ചുള്ള വിശ്വാസാധിഷ്ഠിതമായ 365 ഹ്രസ്വചിന്തകൾ!