2020 ഓഗസ്റ്റ് 9
ആണ്ടുവട്ടത്തിലെ പത്തൊൻപതാം ഞായർ, വർഷം A
ഇന്നത്തെ വായനകൾ

രാത്രിയുടെ നാലാം യാമത്തിൽ ഈശോ കടലിന്മീതെ നടന്ന് അവരുടെ അടുക്കലേക്കു വന്നു. അവിടുന്ന് കടലിന്മീതെ നടക്കുന്നതു കണ്ടപ്പോൾ ശിഷ്യന്മാർ പരിഭ്രാന്തരായി. “അതൊരു ഭൂതമാണ്” എന്നു പറഞ്ഞ് അവർ ഭയന്നു നിലവിളിച്ചു. ഉടനെ ഈശോ അവരോടു പറഞ്ഞു: “ധൈര്യമായിരിക്കുവിൻ, ഞാനാണ്; ഭയപ്പെടേണ്ടാ.” മത്തായി 14:25-27
ഈശോ നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടോ? കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ, അവിടുത്തെ പരിപൂർണ്ണവും ദൈവികവുമായ തിരുഹിതം നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടോ? അങ്ങനെ ഇല്ലെന്നു പ്രത്യാശിക്കാം. എങ്കിലും ചിലപ്പോൾ, കുറഞ്ഞപക്ഷം ആദ്യമെങ്കിലും, അങ്ങനെ തോന്നിയേക്കാം. ഈ സംഭവം ചില ആത്മീയ ഉൾക്കാഴ്ചകളും നമ്മുടെ ജീവിതത്തിൽ ദൈവഹിതത്തോട് നാം പ്രതികരിച്ചേക്കാവുന്ന രീതിയും നമുക്കു വെളിപ്പെടുത്തുന്നു.
ആദ്യമായി, ഈ സംഭവത്തിന്റെ പശ്ചാത്തലം പ്രധാനമാണ്. രാത്രിയിൽ തടാകത്തിന്റെ നടുവിൽ ഒരു വള്ളത്തിലായിരുന്നു അപ്പസ്തോലന്മാർ. വിവിധ വെല്ലുവിളികളിലൂടെയും പ്രയാസങ്ങളിലൂടെയും കടന്നുപോകുമ്പോൾ ജീവിതത്തിൽ നാം നേരിടുന്ന അന്ധകാരമായി ഇവിടത്തെ അന്ധകാരത്തെ കാണാം. വള്ളത്തെ സഭയുടെ പ്രതീകമായും തടാകത്തെ ലോകത്തിന്റെ പ്രതീകമായും പരമ്പരാഗതമായി കണ്ടുവരുന്നു. അതിനാൽ, ലോകത്തിൽ ജീവിക്കുകയും സഭയിൽ നിലനിൽക്കുകയും ജീവിതത്തിലെ “അന്ധകാരത്തെ” നേരിടുകയും ചെയ്യുന്ന നമുക്കെല്ലാവർക്കും വേണ്ടിയുള്ളതാണ് ഈ സന്ദേശമെന്ന് ഈ സംഭവത്തിന്റെ പശ്ചാത്തലം വെളിപ്പെടുത്തുന്നു.
നാം നേരിടുന്ന അന്ധകാരത്തിൽ കർത്താവ് നമ്മുടെ അടുക്കലേക്കു വരുമ്പോൾ ചിലപ്പോൾ അവിടുത്തെ കണ്ട് നാം പെട്ടെന്നു ഭയപ്പെടുന്നു. ദൈവത്തെത്തന്നെ നാം ഭയപ്പെടുന്നു എന്നതല്ല പ്രധാനമായും ഇതിന്റെ അർത്ഥം; മറിച്ച്, ദൈവഹിതത്തെയും അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്ന കാര്യങ്ങളെയും കുറിച്ച് നാം എളുപ്പത്തിൽ ഭയപ്പെട്ടുപോയേക്കാം. ദൈവഹിതം എപ്പോഴും നമ്മെ നിസ്വാർത്ഥമായ ദാനത്തിലേക്കും ത്യാഗപൂർണ്ണമായ സ്നേഹത്തിലേക്കും വിളിക്കുന്നു. ചിലപ്പോൾ ഇത് സ്വീകരിക്കാൻ പ്രയാസമായിരിക്കും. എന്നാൽ നാം വിശ്വാസത്തിൽ നിലനിൽക്കുമ്പോൾ, നമ്മുടെ കർത്താവ് സൗമ്യമായി നമ്മോടു പറയും: “ധൈര്യമായിരിക്കുവിൻ, ഞാനാണ്; ഭയപ്പെടേണ്ടാ.” അവിടുത്തെ തിരുഹിതം നാം ഭയപ്പെടേണ്ട ഒന്നല്ല. പൂർണ്ണമായ ഉറപ്പോടും വിശ്വാസത്തോടുംകൂടെ അതിനെ സ്വീകരിക്കാൻ നാം ശ്രമിക്കണം. ആദ്യം ഇത് വെല്ലുവിളിയായി തോന്നിയേക്കാം. എന്നാൽ അവിടുന്നിലുള്ള വിശ്വാസത്തോടും ആശ്രയത്തോടുംകൂടെ മുന്നേറുമ്പോൾ, അവിടുത്തെ തിരുഹിതം നമ്മെ പരമമായ സാഫല്യത്തിന്റെ ജീവിതത്തിലേക്കു നയിക്കുന്നു.
നിങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ എന്തു ചെയ്യാനായിരിക്കാം നമ്മുടെ കർത്താവ് നിങ്ങളെ വിളിക്കുന്നതെന്ന് ഇന്ന് ചിന്തിക്കുക. ആദ്യമത് താങ്ങാനാവാത്തതായി തോന്നിയാലും, അവിടുന്നിൽ ദൃഷ്ടി ഉറപ്പിച്ചുനിർത്തുക. നിർവഹിക്കാൻ കഴിയാത്തത്ര പ്രയാസമുള്ളതൊന്നും അവിടുന്ന് ഒരിക്കലും നിങ്ങളോട് ആവശ്യപ്പെടുകയില്ലെന്ന് അറിയുക. അവിടുത്തെ കൃപ എപ്പോഴും മതിയായതാണ്; അവിടുത്തെ തിരുഹിതമാകട്ടെ, പൂർണ്ണമായ സ്വീകാര്യതയ്ക്കും വിശ്വാസത്തിനും എപ്പോഴും അർഹവുമാണ്.
കർത്താവേ, എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും അങ്ങയുടെ തിരുഹിതം നിറവേറട്ടെ. എന്റെ ജീവിതത്തിലെ ഏറ്റവും അന്ധകാരപൂർണ്ണമായ വെല്ലുവിളികളിലേക്കും അങ്ങയെ എപ്പോഴും സ്വാഗതം ചെയ്യാനും, അങ്ങയിലും അങ്ങയുടെ പരിപൂർണ്ണമായ പദ്ധതിയിലും എന്റെ ദൃഷ്ടി ഉറപ്പിച്ചുനിർത്താനും കഴിയണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. ഞാൻ ഒരിക്കലും ഭയത്തിനു വഴങ്ങാതെ, അങ്ങയുടെ കൃപയാൽ ആ ഭയം അകറ്റാൻ അങ്ങയെ അനുവദിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധ – കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്ട (എഡിത്ത് സ്റ്റൈൻ), കന്യകയും രക്തസാക്ഷിയും
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനക്രമത്തിലെ അനുസ്മരണമായി ആഘോഷിക്കുന്നില്ല
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
ചിത്രം: അമദേ വാരിൻ വരച്ച കടലിന്മീതെ നടക്കുന്ന ക്രിസ്തു




