മലയാളം

അനാസക്തി

2020 ഓഗസ്റ്റ് 10, തിങ്കളാഴ്ച

ഡീക്കനും രക്തസാക്ഷിയുമായ വിശുദ്ധ ലോറൻസിന്റെ തിരുനാൾ

വായനകൾ: ഇന്നത്തേത്

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തു വീണ് അഴിയുന്നില്ലെങ്കിൽ അത് ഒരു മണിയായി മാത്രം ശേഷിക്കും; അഴിയുന്നെങ്കിലോ അത് ധാരാളം ഫലം പുറപ്പെടുവിക്കും.”  യോഹന്നാൻ 12:24

ഇത് മനസ്സിൽ പതിയുന്ന ഒരു വാക്യമാണ്. എന്നാൽ സ്വീകരിക്കാനും ജീവിതത്തിൽ പ്രാവർത്തികമാക്കാനും പ്രയാസമുള്ള ഒരു സത്യമാണ് ഇതു വെളിപ്പെടുത്തുന്നത്.  നിങ്ങളുടെ ജീവിതം സമൃദ്ധമായി നല്ല ഫലം പുറപ്പെടുവിക്കണമെങ്കിൽ നിങ്ങൾ സ്വയം മരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് യേശു നേരിട്ടു സംസാരിക്കുന്നത്.  വീണ്ടും പറയട്ടെ, പറയാൻ എളുപ്പമാണ്, ജീവിക്കാൻ പ്രയാസവും.

ഇതനുസരിച്ചു ജീവിക്കാൻ എന്തുകൊണ്ടാണ് പ്രയാസം?  ഇതിൽ പ്രയാസമുള്ളത് എന്താണ്?  സ്വയം മരിക്കുന്നത് ആവശ്യവും നല്ലതുമാണെന്ന വസ്തുത ആദ്യം അംഗീകരിക്കുന്നിടത്താണ് പ്രയാസം തുടങ്ങുന്നത്.  അതിനാൽ, അതിന്റെ അർഥമെന്തെന്നു നമുക്കു നോക്കാം.

ഗോതമ്പുമണിയുടെ ഉപമയിൽനിന്നു നമുക്കു തുടങ്ങാം.  ആ മണി കതിരിൽനിന്നു വേർപെട്ട് നിലത്തു വീഴണം.  പൂർണമായ അനാസക്തിയുടെ ഒരു ചിത്രമാണിത്.  ആ ഒരൊറ്റ ഗോതമ്പുമണി എല്ലാം “വിട്ടുകളയണം.”  ദൈവം നമ്മിൽ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ നാം ആഗ്രഹിക്കുന്നെങ്കിൽ, നാം ആസക്തിയോടെ മുറുകെപ്പിടിക്കുന്നതെല്ലാം വിട്ടുകളയാൻ തയ്യാറും സന്നദ്ധരുമായിരിക്കണമെന്ന് ഈ ചിത്രം നമ്മോടു പറയുന്നു.  നമ്മുടെ ഇച്ഛയും ഇഷ്ടങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും യഥാർഥമായി വിട്ടുകൊടുക്കുന്നതിലേക്ക് നാം കടക്കുന്നു എന്നാണ് ഇതിനർഥം.  ഇത് മനസ്സിലാക്കാൻ വളരെ പ്രയാസമായേക്കാവുന്നതിനാൽ, പ്രാവർത്തികമാക്കാനും വളരെ പ്രയാസമായേക്കാം.  നാം ആഗ്രഹിക്കുകയും മോഹിക്കുകയും ചെയ്യുന്ന എല്ലാറ്റിൽനിന്നുമുള്ള അനാസക്തി യഥാർഥത്തിൽ നല്ലതാണെന്നും, കൃപയാലുള്ള രൂപാന്തരത്തിലൂടെ നമ്മെ കാത്തിരിക്കുന്ന പുതിയതും ഏറെ മഹത്ത്വപൂർണവുമായ ജീവിതത്തിനായി നാം ഒരുങ്ങുന്ന വഴി അതുതന്നെയാണെന്നും മനസ്സിലാക്കാൻ പ്രയാസമായേക്കാം.  സ്വയം മരിക്കുക എന്നതിന്റെ അർഥം, ഈ ജീവിതത്തിൽ നാം മുറുകെപ്പിടിക്കുന്ന കാര്യങ്ങളെക്കാൾ അധികമായി ദൈവത്തിൽ ആശ്രയിക്കുക എന്നതാണ്.  നമുക്കു വിഭാവനം ചെയ്യാൻ കഴിയുന്ന ഏതൊരു പദ്ധതിയെക്കാളും അനന്തമായി മെച്ചപ്പെട്ടതാണ് ദൈവത്തിന്റെ പദ്ധതി എന്നു നാം വിശ്വസിക്കുന്നു എന്നാണ് അതിന്റെ അർഥം.

ഗോതമ്പുമണി അഴിയുകയും മണ്ണിൽ ചേരുകയും ചെയ്യുമ്പോൾ, അത് അതിന്റെ ലക്ഷ്യം നിറവേറ്റുകയും അതിനെക്കാൾ എത്രയോ വലിയ ഒന്നായി വളരുകയും ചെയ്യുന്നു.  അത് സമൃദ്ധിയായി രൂപാന്തരപ്പെടുന്നു.

ഇന്നു നാം അനുസ്മരിക്കുന്ന, മൂന്നാം നൂറ്റാണ്ടിലെ ഡീക്കനും രക്തസാക്ഷിയുമായ വിശുദ്ധ ലോറൻസ്, ദൈവത്തോട് “അതെ” എന്നു പറയാനായി സ്വന്തം ജീവൻ ഉൾപ്പെടെ എല്ലാം ഉപേക്ഷിച്ച ഒരാളുടെ യഥാർഥ ചിത്രം നമുക്കു നൽകുന്നു.  അദ്ദേഹം തന്റെ സമ്പത്തെല്ലാം ഉപേക്ഷിച്ചു. സഭയുടെ നിധികളെല്ലാം കൈമാറാൻ റോമിലെ പ്രിഫെക്റ്റ് കൽപ്പിച്ചപ്പോൾ, ലോറൻസ് ദരിദ്രരെയും രോഗികളെയും അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു.  കോപാകുലനായ പ്രിഫെക്റ്റ് ലോറൻസിനെ തീയിൽ ചുട്ടുകൊല്ലാൻ വിധിച്ചു.  തന്റെ കർത്താവിനെ അനുഗമിക്കാൻ ലോറൻസ് എല്ലാം ഉപേക്ഷിച്ചു.

വിട്ടുകളയാൻ ദൈവം നിങ്ങളെ വിളിക്കുന്നുണ്ടാകാവുന്ന കാര്യം എന്തെന്ന് ഇന്ന് ചിന്തിക്കുക.  നിങ്ങൾ എന്തു സമർപ്പിക്കണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്?  നിങ്ങളുടെ ജീവിതത്തിൽ മഹത്ത്വപൂർണമായ കാര്യങ്ങൾ ചെയ്യാൻ ദൈവത്തെ അനുവദിക്കുന്നതിന്റെ താക്കോലാണ് സമർപ്പണം.

കർത്താവേ, അങ്ങയുടെ ദൈവിക തിരുഹിതത്തോടു യോജിക്കാത്ത എന്റെ സ്വന്തം ഇഷ്ടങ്ങളും ജീവിതത്തെക്കുറിച്ചുള്ള ആശയങ്ങളും വിട്ടുകളയാൻ എന്നെ സഹായിക്കണമേ.  അങ്ങയ്ക്ക് അനന്തമായി മെച്ചപ്പെട്ട ഒരു പദ്ധതിയുണ്ടെന്ന് എപ്പോഴും വിശ്വസിക്കാൻ എന്നെ സഹായിക്കണമേ.  ആ പദ്ധതി ഞാൻ സ്വീകരിക്കുമ്പോൾ, അങ്ങ് സമൃദ്ധമായി നല്ല ഫലം പുറപ്പെടുവിക്കുമെന്ന് വിശ്വസിക്കാൻ എന്നെ സഹായിക്കണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – ഡീക്കനും രക്തസാക്ഷിയുമായ വിശുദ്ധ ലോറൻസ്

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

ചിത്രം: പാൽമ ഇൽ ജോവാനെ വരച്ച വിശുദ്ധ ലോറൻസിന്റെ രക്തസാക്ഷിത്വം