മലയാളം

വിവാഹത്തിലെ ഐക്യത്തിന്റെ രഹസ്യം

2020 ഓഗസ്റ്റ് 14
ആണ്ടുവട്ടത്തിലെ പത്തൊൻപതാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

വിശുദ്ധ മാക്സിമില്യൻ മരിയ കോൾബെ, വൈദികനും രക്തസാക്ഷിയും—അനുസ്മരണം

“ആദിയിൽ സ്രഷ്ടാവ് അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചുവെന്നും, ഇക്കാരണത്താൽ പുരുഷൻ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു ചേരുമെന്നും, ഇരുവരും ഒരു ശരീരമായിത്തീരുമെന്നും അരുളിച്ചെയ്തുവെന്നും നിങ്ങൾ വായിച്ചിട്ടില്ലേ?  അതിനാൽ അവർ ഇനി രണ്ടല്ല, ഒരു ശരീരമാണ്.”  മത്തായി 19:4-6a

എന്താണ് വിവാഹം?  ചെറുപ്പംമുതലേ പുരുഷന്മാർക്കും സ്ത്രീകൾക്കും പരസ്പരം ഒരുതരം ആകർഷണം അനുഭവപ്പെടുന്നു.  ഇത് അനുഭവപ്പെടുന്നത് മനുഷ്യസ്വഭാവത്തിന്റെ ഭാഗമാണ്.  അതെ, ചിലപ്പോൾ ഈ “ആകർഷണം” വികലമായി കാമാസക്തിയായി മാറുന്നു. എന്നാൽ ഈ സ്വാഭാവിക ആകർഷണം സ്വാഭാവികം തന്നെയാണെന്ന് എടുത്തുപറയേണ്ടതുണ്ട്.  “ആദിയിൽ സ്രഷ്ടാവ് അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു…”  അതിനാൽ, വിവാഹത്തിലെ പവിത്രമായ ഐക്യം ദൈവം ആദിമുതലേ ഉദ്ദേശിച്ചിരുന്നു.

വിവാഹം യഥാർഥത്തിൽ രഹസ്യാത്മകമാണ്.  അതെ, തങ്ങളുടെ ഭാര്യമാർ “പിടികിട്ടാത്തവരാണ്” എന്ന് ഭർത്താക്കന്മാർ ചിന്തിച്ചേക്കാം; ഭാര്യമാർക്കും തങ്ങളുടെ ഭർത്താക്കന്മാരെക്കുറിച്ച് അങ്ങനെതന്നെ തോന്നിയേക്കാം. എന്നാൽ സത്യത്തിൽ ഓരോ വ്യക്തിയും ഒരു പവിത്രരഹസ്യമാണ്; വിവാഹത്തിൽ രണ്ടുപേർ ഒന്നാകുന്നത് അതിലും വലിയൊരു രഹസ്യമാണ്.

ജീവിതപങ്കാളിയെയും വിവാഹത്തെത്തന്നെയും ഒരു രഹസ്യമായി സമീപിക്കുമ്പോൾ, “ഓരോ ദിവസവും നിന്നെ കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു” എന്നു പറയുന്ന തുറന്ന മനസ്സും എളിമയും ഉണ്ടായിരിക്കണം.  തങ്ങൾ മാത്രമാണ് ശരിയെന്ന ഭാവത്തോടെ വിവാഹജീവിതത്തെ സമീപിക്കുന്നവർ എപ്പോഴും പങ്കാളിയെ തുച്ഛമായി കാണുകയും പങ്കാളിയിലുള്ള വിശുദ്ധരഹസ്യത്തെ ആദരിക്കുന്നതിൽ നിരന്തരം പരാജയപ്പെടുകയും ചെയ്യും.

നിങ്ങൾ പരിചയപ്പെടുന്ന ഓരോ വ്യക്തിയും, പ്രത്യേകിച്ച് നിങ്ങളുടെ ജീവിതപങ്കാളി, ദൈവസൃഷ്ടിയിലെ മനോഹരവും മഹിമയാർന്നതുമായ ഒരു രഹസ്യമാണ്. അതിനെ “പരിഹരിക്കാനല്ല”, മറിച്ച് ഓരോ ദിവസവും ആ വ്യക്തിയുമായി കൂടുതൽ കൂടുതൽ ആഴത്തിൽ കണ്ടുമുട്ടാനാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്.  പങ്കാളിയുടെ സൗന്ദര്യത്തിന്റെ കൂടുതൽ ആഴങ്ങൾ നിരന്തരം കണ്ടെത്താൻ കഴിയത്തക്കവിധം, ഓരോ ദിവസവും പുതിയൊരു രീതിയിൽ പരസ്പരം തുറന്ന മനസ്സോടെ സ്വീകരിക്കാൻ ദമ്പതികളെ പ്രാപ്തരാക്കുന്ന എളിമ എപ്പോഴും ഉണ്ടായിരിക്കണം.  വിവാഹത്തിൽ പരസ്പരം പുലർത്തുന്ന ഈ എളിമയും ആദരവുമാണ് ഒന്നായിത്തീരുക എന്ന തങ്ങളുടെ സംയുക്തദൗത്യം നിറവേറ്റാൻ ദമ്പതികളെ പ്രാപ്തരാക്കുന്നത്.  ഇതിനെക്കുറിച്ച് ചിന്തിക്കുക: “അവർ ഇനി രണ്ടല്ല, ഒരു ശരീരമാണ്.”  ഇതിന്റെ അർഥം യഥാർഥത്തിൽ മനസ്സിലാക്കുന്നവർ വളരെ ചുരുക്കമാണ്; വിവാഹം എന്ന മഹിമയാർന്നതും ഉന്നതവുമായ ഈ വിളിയുടെ മനോഹരമായ ആഴങ്ങൾ ജീവിതത്തിൽ അനുഭവിക്കുന്നവർ അതിലും ചുരുക്കമാണ്.

നിങ്ങൾ സ്നേഹിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന വ്യക്തികളുടെ രഹസ്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക, പ്രത്യേകിച്ച് നിങ്ങൾ വിവാഹിതരാണെങ്കിൽ.  മറ്റൊരാളെ ഒരു “രഹസ്യം” എന്നു വിളിക്കുന്നത്, ആ വ്യക്തിയെ പൂർണമായി മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന തിരിച്ചറിവിൽ, ആദ്യം നിങ്ങളിൽ ഒരു പുഞ്ചിരി ഉണർത്തിയേക്കാം.  എന്നാൽ “രഹസ്യം” എന്നതിന്റെ മനോഹരമായ അർഥം എളിമയോടെ തിരിച്ചറിയുന്നത് മറ്റുള്ളവരുടെ തനിമയെ വിലമതിക്കാൻ നിങ്ങളെ നയിക്കും; മനുഷ്യർ തമ്മിലുള്ള ഐക്യത്തിലേക്കുള്ള വിളി, പ്രത്യേകിച്ച് വിവാഹത്തിനുള്ളിൽ, സ്വീകരിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.

കർത്താവേ, അങ്ങ് എന്റെ ജീവിതത്തിൽ നൽകിയിരിക്കുന്ന വ്യക്തികളുടെ സൗന്ദര്യവും അവരിലുള്ള വിശുദ്ധരഹസ്യവും കാണാൻ എന്നെ സഹായിക്കണമേ.  എളിമയുള്ള സ്നേഹത്തോടെ അവരെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ.  പ്രത്യേകിച്ച് എന്റെ ജീവിതപങ്കാളിയോടുള്ള സ്നേഹം ഓരോ ദിവസവും കൂടുതൽ ആഴമുള്ളതാക്കാൻ എനിക്കു കഴിയുമാറാകണമേ.  ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ മാക്സിമില്യൻ മരിയ കോൾബെ, വൈദികനും രക്തസാക്ഷിയും

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

ചിത്രം: വിവാഹം. ജൂലിയോ റോസാറ്റിയുടെ രചന