2020 ഓഗസ്റ്റ് 20
ആണ്ടുവട്ടത്തിലെ ഇരുപതാം വാരത്തിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ
ആബട്ടും സഭാപണ്ഡിതനുമായ ക്ലെയർവോയിലെ വിശുദ്ധ ബെർണാർദ്—ഓർമ്മ

“ഭൃത്യന്മാർ തെരുവുകളിലേക്കു പോയി, കണ്ടവരെയെല്ലാം, ദുഷ്ടരെയും ശിഷ്ടരെയും ഒരുപോലെ, ഒരുമിച്ചുകൂട്ടി. വിരുന്നുശാല അതിഥികളെക്കൊണ്ടു നിറഞ്ഞു. എന്നാൽ, അതിഥികളെ കാണാൻ രാജാവ് അകത്തുവന്നപ്പോൾ വിവാഹവസ്ത്രം ധരിക്കാത്ത ഒരുവനെ അവിടെ കണ്ടു. രാജാവ് അവനോടു ചോദിച്ചു: ‘സ്നേഹിതാ, വിവാഹവസ്ത്രമില്ലാതെ നീ ഇവിടെ പ്രവേശിച്ചതെങ്ങനെ?’ എന്നാൽ അവന് മറുപടിയൊന്നും പറയാനായില്ല. അപ്പോൾ രാജാവ് പരിചാരകരോടു പറഞ്ഞു: ‘ഇവന്റെ കൈകാലുകൾ കെട്ടി പുറത്തെ അന്ധകാരത്തിലേക്ക് എറിയുക. അവിടെ വിലാപവും പല്ലുകടിയുമുണ്ടായിരിക്കും.’ ക്ഷണിക്കപ്പെട്ടവർ അനേകരാണ്; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.” മത്തായി 22:10-14
ആദ്യം കേൾക്കുമ്പോൾ ഇത് തികച്ചും ഞെട്ടിക്കുന്നതായി തോന്നാം. ഈ ഉപമയിൽ രാജാവ് തന്റെ പുത്രന്റെ വിവാഹവിരുന്നിലേക്ക് അനേകരെ ക്ഷണിച്ചു. പലരും ക്ഷണം നിരസിച്ചു. തുടർന്ന്, വരാൻ തയ്യാറുള്ള ആരെയും കൂട്ടിക്കൊണ്ടുവരാൻ അദ്ദേഹം തന്റെ ഭൃത്യന്മാരെ അയച്ചു; വിരുന്നുശാല നിറഞ്ഞു. എന്നാൽ രാജാവ് അകത്തുവന്നപ്പോൾ വിവാഹവസ്ത്രം ധരിക്കാത്ത ഒരാൾ അവിടെയുണ്ടായിരുന്നു. അയാൾക്ക് എന്തു സംഭവിക്കുന്നുവെന്ന് മുകളിലെ വചനഭാഗത്തിൽ നാം കാണുന്നു.
വീണ്ടും പറയട്ടെ, ആദ്യവായനയിൽ ഇത് അൽപ്പം ഞെട്ടിക്കുന്നതായി തോന്നാം. ഉചിതമായ വസ്ത്രം ധരിച്ചില്ല എന്നതുകൊണ്ടുമാത്രം, കൈകാലുകൾ കെട്ടി വിലാപവും പല്ലുകടിയുമുള്ള പുറത്തെ അന്ധകാരത്തിലേക്ക് എറിയപ്പെടാൻ ഈ മനുഷ്യൻ യഥാർഥത്തിൽ അർഹനായിരുന്നോ? തീർച്ചയായും അല്ല.
ഈ ഉപമ മനസ്സിലാക്കാൻ വിവാഹവസ്ത്രം എന്തിനെ പ്രതീകപ്പെടുത്തുന്നു എന്നു നാം മനസ്സിലാക്കണം. ക്രിസ്തുവിനെ ധരിച്ച ഒരാളുടെ, കൂടുതൽ വ്യക്തമായി പറഞ്ഞാൽ, അതുവഴി ഉപവിയാൽ നിറഞ്ഞ ഒരാളുടെ പ്രതീകമാണ് ഈ വസ്ത്രം. ഈ വചനഭാഗത്തിൽനിന്ന് ഏറെ ശ്രദ്ധേയമായ ഒരു പാഠം നമുക്കു പഠിക്കാനുണ്ട്.
ഒന്നാമതായി, ഈ മനുഷ്യൻ വിവാഹവിരുന്നിൽ സന്നിഹിതനായിരുന്നു എന്നത് അയാൾ ക്ഷണത്തോടു പ്രതികരിച്ചു എന്നാണ് അർഥമാക്കുന്നത്. ഇത് വിശ്വാസത്തിന്റെ സൂചനയാണ്. അതിനാൽ, ഈ മനുഷ്യൻ വിശ്വാസമുള്ള ഒരാളെത്തന്നെയാണ് പ്രതീകപ്പെടുത്തുന്നത്. രണ്ടാമതായി, വിവാഹവസ്ത്രം ഇല്ലാതിരുന്നത് സൂചിപ്പിക്കുന്നത് ഇതാണ്: അയാൾ വിശ്വാസമുള്ളവനും ദൈവം പറയുന്നതെല്ലാം വിശ്വസിക്കുന്നവനുമാണ്; എന്നാൽ യഥാർഥ മാനസാന്തരവും, അതുവഴി യഥാർഥ ഉപവിയും ഉളവാക്കുംവിധം തന്റെ ഹൃദയത്തിലും ആത്മാവിലും ആ വിശ്വാസം നിറഞ്ഞുവ്യാപിക്കാൻ അയാൾ അനുവദിച്ചിട്ടില്ല. ആ യുവാവിലുള്ള ഉപവിയുടെ അഭാവമാണ് അയാളെ ശിക്ഷാവിധിക്ക് അർഹനാക്കുന്നത്.
നമുക്ക് വിശ്വാസമുണ്ടായിരിക്കുമ്പോഴും ഉപവി ഇല്ലാതിരിക്കാം എന്നതാണ് ശ്രദ്ധേയമായ കാര്യം. ദൈവം നമുക്കു വെളിപ്പെടുത്തുന്നതു വിശ്വസിക്കുന്നതാണ് വിശ്വാസം. എന്നാൽ പിശാചുക്കൾപോലും വിശ്വസിക്കുന്നു! ഉപവിയുണ്ടാകണമെങ്കിൽ ആ ദൈവഹിതം നാം ഹൃദയപൂർവം സ്വീകരിക്കുകയും നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്താൻ അതിനെ അനുവദിക്കുകയും വേണം. ഇത് മനസ്സിലാക്കേണ്ടത് പ്രധാനമാണ്; കാരണം, ചിലപ്പോൾ ഇതേ അവസ്ഥയിൽ നാമും ക്ലേശിച്ചേക്കാം. വിശ്വാസത്തിന്റെ തലത്തിൽ നാം വിശ്വസിക്കുന്നുണ്ടെങ്കിലും അതനുസരിച്ചു ജീവിക്കുന്നില്ലെന്ന് ചിലപ്പോഴൊക്കെ നാം തിരിച്ചറിഞ്ഞേക്കാം. യഥാർഥ വിശുദ്ധിയുള്ള ജീവിതത്തിന് ഇവ രണ്ടും ആവശ്യമാണ്.
ദൈവം അരുളിച്ചെയ്ത എല്ലാറ്റിലുമുള്ള നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചും, ആ വിശ്വാസം നിങ്ങളുടെ ജീവിതത്തിൽ ഉളവാക്കുമെന്ന് പ്രത്യാശിക്കുന്ന ഉപവിയെക്കുറിച്ചും ഇന്ന് ധ്യാനിക്കുക. ക്രൈസ്തവനായിരിക്കുക എന്നാൽ നിങ്ങളുടെ വിശ്വാസം ബുദ്ധിയിൽനിന്ന് ഹൃദയത്തിലേക്കും ഇച്ഛാശക്തിയിലേക്കും ആഴ്ന്നിറങ്ങാൻ അനുവദിക്കുക എന്നാണ് അർഥം.
കർത്താവേ, അങ്ങയിലും അങ്ങ് അരുളിച്ചെയ്ത എല്ലാറ്റിലും എനിക്ക് ആഴമായ വിശ്വാസമുണ്ടാകട്ടെ. ആ വിശ്വാസം എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി, അങ്ങയോടും മറ്റുള്ളവരോടുമുള്ള സ്നേഹം ഉളവാക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – ആബട്ടും സഭാപണ്ഡിതനുമായ ക്ലെയർവോയിലെ വിശുദ്ധ ബെർണാർദ്
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




