മലയാളം

ആദ്യം അകം ശുദ്ധമാക്കുക

2020 ഓഗസ്റ്റ് 25
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം വാരത്തിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

രാജാവായ വിശുദ്ധ ലൂയി—ഐച്ഛിക അനുസ്മരണം

പുരോഹിതനായ വിശുദ്ധ ജോസഫ് കലസാൻസ്—ഐച്ഛിക അനുസ്മരണം

“കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ പാനപാത്രത്തിന്റെയും തളികയുടെയും പുറം ശുദ്ധമാക്കുന്നു; എന്നാൽ അവയുടെ അകം കൊള്ളമുതലും സുഖലോലുപതയും നിറഞ്ഞതാണ്. അന്ധനായ ഫരിസേയാ, ആദ്യം പാനപാത്രത്തിന്റെ അകം ശുദ്ധമാക്കുക; അപ്പോൾ അതിന്റെ പുറവും ശുദ്ധമായിത്തീരും.”  മത്തായി 23:25-26

യേശുവിന്റെ വളരെ നേരിട്ടുള്ള ഈ വാക്കുകൾ കഠിനമായി തോന്നാമെങ്കിലും, അവ യഥാർഥത്തിൽ കരുണയുടെ വാക്കുകളാണ്.  തങ്ങൾ മാനസാന്തരപ്പെടുകയും ഹൃദയങ്ങൾ ശുദ്ധമാക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ഫരിസേയരെ ബോധ്യപ്പെടുത്താൻ യേശു ഏറെ പരിശ്രമിക്കുന്നതിനാലാണ് അവ കരുണയുടെ വാക്കുകളാകുന്നത്.  തുടക്കത്തിലെ “നിങ്ങൾക്കു ദുരിതം” എന്ന സന്ദേശം പെട്ടെന്നു നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റിയേക്കാമെങ്കിലും, നാം കേൾക്കേണ്ട യഥാർഥ സന്ദേശം “ആദ്യം അകം ശുദ്ധമാക്കുക” എന്നതാണ്.

രണ്ടു വ്യത്യസ്ത അവസ്ഥകളിലൊന്നിലായിരിക്കാൻ ഒരാൾക്കു സാധിക്കുമെന്നാണ് ഈ ഭാഗം വെളിപ്പെടുത്തുന്നത്.  ഒന്നാമതായി, ഒരാളുടെ അകം “കൊള്ളമുതലും സുഖലോലുപതയും” നിറഞ്ഞിരിക്കുമ്പോൾത്തന്നെ, അയാൾ പുറമേ ശുദ്ധനും വിശുദ്ധനുമായി കാണപ്പെടാം.  ഇതായിരുന്നു ഫരിസേയരുടെ പ്രശ്നം.  പുറമേ തങ്ങൾ എങ്ങനെ കാണപ്പെടുന്നു എന്നതിൽ അവർ വളരെയധികം ശ്രദ്ധിച്ചിരുന്നു; എന്നാൽ അകത്തെ അവസ്ഥയിൽ കാര്യമായ ശ്രദ്ധ ചെലുത്തിയില്ല.  ഇതൊരു പ്രശ്നമാണ്.

രണ്ടാമതായി, ആന്തരികമായ ശുദ്ധീകരണത്തിൽനിന്നു തുടങ്ങുന്നതാണ് ഏറ്റവും ഉചിതമെന്ന് യേശുവിന്റെ വാക്കുകൾ വെളിപ്പെടുത്തുന്നു.  അതു സംഭവിച്ചുകഴിഞ്ഞാൽ, പുറമേയും ശുദ്ധിയും തിളക്കവും ഉണ്ടാകും.  ഈ രണ്ടാമത്തെ അവസ്ഥയിലുള്ള, അതായത് ആദ്യം ആന്തരികമായി ശുദ്ധീകരിക്കപ്പെട്ട വ്യക്തിയെക്കുറിച്ചു ചിന്തിക്കുക.  ഈ വ്യക്തി മറ്റുള്ളവർക്ക് പ്രചോദനവും മനോഹരമായ ഒരാത്മാവുമാണ്.  ഒരാളുടെ ഹൃദയം യഥാർഥമായി ശുദ്ധീകരിക്കപ്പെട്ടു നിർമലമാകുമ്പോൾ, ആ ആന്തരികസൗന്ദര്യം ഉള്ളിൽ ഒതുങ്ങിനിൽക്കുകയില്ല എന്നതാണ് ഇതിലെ മനോഹാരിത.  അത് പുറത്തേക്കു പ്രകാശിക്കുകതന്നെ ചെയ്യും; മറ്റുള്ളവർ അതു ശ്രദ്ധിക്കുകയും ചെയ്യും.

നിങ്ങളുടെ ആന്തരികജീവിതത്തിന്റെ സൗന്ദര്യം എത്ര അനായാസമായി പുറത്തേക്കു പ്രകാശിക്കുന്നുവെന്ന് ഇന്ന് ചിന്തിക്കുക.  മറ്റുള്ളവർ അതു കാണുന്നുണ്ടോ?  നിങ്ങളുടെ ഹൃദയം പുറത്തേക്കു പ്രകാശിക്കുന്നുണ്ടോ?  നിങ്ങൾ പ്രകാശം പരത്തുന്നുണ്ടോ?  ഇല്ലെങ്കിൽ, യേശു ഫരിസേയരോടു പറഞ്ഞ ഈ വാക്കുകൾ ഒരുപക്ഷേ നിങ്ങളും കേൾക്കേണ്ടതുണ്ടാകും.  നിങ്ങളുടെ ഉള്ളിലേക്കു കടന്നുവന്ന് ശക്തമായി ശുദ്ധീകരിക്കാൻ യേശുവിനെ അനുവദിക്കുന്നതിനുള്ള പ്രചോദനം ലഭിക്കാൻ, സ്നേഹത്തോടും കരുണയോടുമുള്ള ശാസന നിങ്ങൾക്കും ആവശ്യമായിരിക്കാം.

കർത്താവേ, എന്റെ ഹൃദയത്തിലേക്കു കടന്നുവന്ന് എന്നെ പൂർണമായി ശുദ്ധമാക്കണമേ.  എന്നെ നിർമലനാക്കുകയും ആ നിർമലതയും വിശുദ്ധിയും പുറത്തേക്കു പ്രഭയോടെ പ്രകാശിക്കാൻ ഇടയാക്കുകയും ചെയ്യണമേ.  യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധർ –

രാജാവായ വിശുദ്ധ ലൂയി
കൂടാതെ
പുരോഹിതനായ വിശുദ്ധ ജോസഫ് കലസാൻസ്

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

ചിത്രം: ജെയിംസ് ടിസ്സോ വരച്ച ‘ഫരിസേയർക്കെതിരായ ശാപവാക്കുകൾ’