മലയാളം

പുതിയ തോൽക്കുടങ്ങളിൽ പുതുവീഞ്ഞ്

2020 സെപ്റ്റംബർ 4
ആണ്ടുവട്ടക്കാലം ഇരുപത്തിരണ്ടാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

“ആരും പഴയ തോൽക്കുടങ്ങളിൽ പുതുവീഞ്ഞ് ഒഴിക്കാറില്ല. അങ്ങനെ ചെയ്താൽ പുതുവീഞ്ഞ് തോൽക്കുടങ്ങൾ പൊട്ടിക്കുകയും വീഞ്ഞ് ഒഴുകിപ്പോവുകയും തോൽക്കുടങ്ങൾ നശിക്കുകയും ചെയ്യും. പകരം, പുതുവീഞ്ഞ് പുതിയ തോൽക്കുടങ്ങളിൽ ഒഴിക്കണം.” ലൂക്കാ 5:37

എന്താണ് ഈ പുതുവീഞ്ഞ്? എന്താണ് പഴയ തോൽക്കുടങ്ങൾ? നമുക്ക് സമൃദ്ധമായി അനുഗ്രഹിച്ചുനൽകപ്പെട്ട കൃപയുടെ പുതുജീവിതമാണ് പുതുവീഞ്ഞ്; നമ്മുടെ പഴയ പതിതസ്വഭാവങ്ങളും പഴയ നിയമവുമാണ് പഴയ തോൽക്കുടങ്ങൾ. നമ്മുടെ ജീവിതത്തിൽ തന്റെ കൃപയും കരുണയും സ്വീകരിക്കാൻ നാം ആഗ്രഹിക്കുന്നെങ്കിൽ, നമ്മുടെ പഴയ മനുഷ്യനെ പുതിയ സൃഷ്ടിയായി രൂപാന്തരപ്പെടുത്താൻ നാം ഈശോയെ അനുവദിക്കുകയും കൃപയുടെ പുതിയ നിയമം സ്വീകരിക്കുകയും വേണമെന്നാണ് അവിടുന്ന് നമ്മോടു പറയുന്നത്.

നിങ്ങൾ ഒരു പുതിയ സൃഷ്ടിയായി മാറിയിട്ടുണ്ടോ? പുതിയ മനുഷ്യൻ ഉയിർത്തെഴുന്നേൽക്കേണ്ടതിന് നിങ്ങളുടെ പഴയ മനുഷ്യൻ മരിക്കാൻ നിങ്ങൾ അനുവദിച്ചിട്ടുണ്ടോ? കൃപയുടെ പുതുവീഞ്ഞ് നിങ്ങളുടെ ജീവിതത്തിലേക്ക് പകരപ്പെടാൻ തക്കവിധം ക്രിസ്തുവിൽ ഒരു പുതിയ സൃഷ്ടിയാകുക എന്നതിന്റെ അർഥമെന്താണ്?

ക്രിസ്തുവിൽ ഒരു പുതിയ സൃഷ്ടിയാകുക എന്നതിനർഥം നാം തികച്ചും പുതിയൊരു തലത്തിൽ ജീവിക്കുകയും പഴയ ജീവിതരീതികളിൽ ഇനിമേൽ മുറുകെപ്പിടിക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. നമുക്ക് സ്വന്തമായി ചെയ്യാൻ കഴിയുന്ന എന്തിനെയും അതിലംഘിക്കുന്ന ശക്തമായ കാര്യങ്ങൾ ദൈവം നമ്മുടെ ജീവിതത്തിൽ ചെയ്യുന്നു എന്നാണ് അതിനർഥം. ദൈവത്തെ നമ്മിലേക്ക് പകർന്നു നിറയ്ക്കാൻ അനുയോജ്യമായ ഒരു പുതിയ “തോൽക്കുടമായി” നാം മാറിയിരിക്കുന്നു എന്നാണ് അതിനർഥം. ഈ പുതിയ “വീഞ്ഞ്” നമ്മുടെ ജീവിതത്തെ ഏറ്റെടുത്ത് സ്വന്തമാക്കുന്ന പരിശുദ്ധാത്മാവാണ് എന്നും അതിനർഥമുണ്ട്.

പ്രായോഗികമായി പറഞ്ഞാൽ, നാം ക്രിസ്തുവിൽ ഒരു പുതിയ സൃഷ്ടിയായി മാറ്റപ്പെട്ടാൽ, കൂദാശകളുടെ കൃപയും അനുദിന പ്രാർഥനയിലൂടെയും ആരാധനയിലൂടെയും നമുക്കു ലഭിക്കുന്നതെല്ലാം സ്വീകരിക്കാൻ നാം ഉചിതമായി ഒരുങ്ങിയിരിക്കും. എന്നാൽ ആ പുതിയ തോൽക്കുടങ്ങളായി മാറുക എന്നതായിരിക്കണം ആദ്യലക്ഷ്യം. അപ്പോൾ നാം ഇത് എങ്ങനെ സാധിക്കും?

മാമ്മോദീസയിലൂടെയും തുടർന്ന് പാപത്തിൽനിന്നു പിന്തിരിഞ്ഞ് സുവിശേഷം സ്വീകരിക്കാൻ ബോധപൂർവം തീരുമാനിക്കുന്നതിലൂടെയുമാണ് നാം അത് സാധിക്കുന്നത്. എന്നാൽ പാപത്തിൽനിന്നു പിന്തിരിഞ്ഞ് സുവിശേഷം സ്വീകരിക്കണമെന്ന ദൈവത്തിന്റെ ഈ പൊതുകല്പന നാം തികഞ്ഞ ബോധപൂർവമായ തീരുമാനത്തോടെ അനുദിനം ജീവിതത്തിൽ പ്രാവർത്തികമാക്കണം. എല്ലാ കാര്യങ്ങളിലും ക്രിസ്തുവിലേക്കു തിരിയാൻ നാം അനുദിനം പ്രായോഗികവും ബോധപൂർവവുമായ തീരുമാനങ്ങൾ എടുക്കുമ്പോൾ, പരിശുദ്ധാത്മാവ് പെട്ടെന്നും ശക്തമായും ഉടനടിയും കൃപയുടെ പുതുവീഞ്ഞ് നമ്മുടെ ജീവിതത്തിലേക്കു പകരുന്നതായി നാം കണ്ടെത്തും. നമ്മെ നിറയ്ക്കുന്ന ഒരു പുതിയ സമാധാനവും സന്തോഷവും നാം കണ്ടെത്തും; നമ്മുടെ സ്വന്തം കഴിവിനപ്പുറമുള്ള ശക്തിയും നമുക്കുണ്ടാകും.

നിങ്ങൾ യഥാർഥത്തിൽ ക്രിസ്തുവിൽ ഒരു പുതിയ സൃഷ്ടിയാണോ എന്ന് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങളുടെ പഴയ ജീവിതരീതിയിൽനിന്നു പിന്തിരിഞ്ഞ്, നിങ്ങളെ ബന്ധിച്ചിരുന്ന ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞിട്ടുണ്ടോ? നിങ്ങൾ പുതിയ സുവിശേഷത്തെ അതിന്റെ പൂർണതയിൽ സ്വീകരിച്ചിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ പരിശുദ്ധാത്മാവിനെ പകർന്നുനൽകാൻ നിങ്ങൾ അനുദിനം ദൈവത്തെ അനുവദിക്കുന്നുണ്ടോ?

കർത്താവേ, എന്നെ ഒരു പുതിയ സൃഷ്ടിയാക്കണമേ. എന്നെ രൂപാന്തരപ്പെടുത്തുകയും പൂർണമായി നവീകരിക്കുകയും ചെയ്യണമേ. അങ്ങയിലുള്ള എന്റെ പുതുജീവിതം അങ്ങയുടെ കൃപയുടെയും കരുണയുടെയും പൂർണമായ ഒഴുക്ക് നിരന്തരം സ്വീകരിക്കുന്ന ഒന്നായിരിക്കട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

 

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

ചിത്രം: Pixabay-യിൽ നിന്നുള്ള ഹാൻസ് റോഹ്‌മാന്റെ ചിത്രം