മലയാളം

അമിത പാപഭീതി

2020 സെപ്റ്റംബർ 5
ആണ്ടുവട്ടക്കാലത്തിലെ ഇരുപത്തിരണ്ടാം ആഴ്ചയിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസ—അനുസ്മരണം

ഒരു സാബത്തുദിവസം യേശു ഒരു ധാന്യവയലിലൂടെ പോകുമ്പോൾ, അവന്റെ ശിഷ്യന്മാർ കതിരുകൾ പറിച്ച് കൈകളിൽ തിരുമ്മി തിന്നുകൊണ്ടിരുന്നു. ചില ഫരിസേയർ ചോദിച്ചു: “സാബത്തിൽ നിയമവിരുദ്ധമായത് നിങ്ങൾ ചെയ്യുന്നതെന്തുകൊണ്ട്?” ലൂക്കാ 6:1-2

എത്ര നിസ്സാരമായ കാര്യത്തിലാണ് അവർ കുറ്റം കണ്ടെത്തുന്നത്! ഇവിടെ ശിഷ്യന്മാർക്ക് വിശക്കുന്നുണ്ടായിരുന്നു. ഒരുപക്ഷേ, അവർ യേശുവിനോടൊപ്പം കുറെനേരമായി നടക്കുകയായിരുന്നിരിക്കാം. വഴിയിൽ കുറച്ചു ഗോതമ്പുകതിരുകൾ കണ്ടപ്പോൾ, നടക്കുന്നതിനിടയിൽ തിന്നാനായി അവർ അവ പറിച്ചു. തികച്ചും സാധാരണമായ ഈ പ്രവൃത്തിയുടെ പേരിൽ ഫരിസേയർ അവരെ കുറ്റപ്പെടുത്തി. ഈ ധാന്യം പറിച്ചു തിന്നതിലൂടെ അവർ യഥാർഥത്തിൽ നിയമം ലംഘിക്കുകയും ദൈവത്തെ വേദനിപ്പിക്കുകയും ചെയ്തോ?

ഫരിസേയർ വലിയ ആശയക്കുഴപ്പത്തിലാണെന്നും ശിഷ്യന്മാർ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും യേശുവിന്റെ മറുപടി വ്യക്തമാക്കുന്നു. എന്നാൽ, ചിലർ ചിലപ്പോഴൊക്കെ അകപ്പെട്ടുപോകുന്ന ഒരു ആത്മീയ അപകടത്തെക്കുറിച്ച് ചിന്തിക്കാൻ ഈ ഭാഗം നമുക്ക് അവസരം നൽകുന്നു. അമിത പാപഭീതി എന്ന അപകടമാണത്.

നിങ്ങൾ അമിത പാപഭീതിക്ക് വഴിപ്പെടുന്ന ഒരാളാണെങ്കിൽ, അങ്ങനെ വഴിപ്പെടുന്നതിനെക്കുറിച്ചുതന്നെ ഇപ്പോൾ നിങ്ങൾക്ക് അമിത പാപഭീതി തോന്നിത്തുടങ്ങിയിട്ടുണ്ടാകാം. തുടർന്ന് വായിക്കുന്തോറും, അമിത പാപഭീതിക്ക് വഴിപ്പെടുന്നതിനെക്കുറിച്ച് അമിത പാപഭീതി തോന്നുന്നതിന്റെ പേരിൽ വീണ്ടും അമിത പാപഭീതി അനുഭവിക്കാൻ നിങ്ങൾ പ്രേരിതരായേക്കാം. ഈ പോരാട്ടത്തിൽ ആ ചക്രം ഇങ്ങനെ തുടർന്നുകൊണ്ടേയിരിക്കാം.

അങ്ങനെയായിരുന്നോ എന്ന് നമുക്കറിയില്ല. എന്നാൽ, ശിഷ്യന്മാരിൽ ഒന്നോ അതിലധികമോ പേർ അമിത പാപഭീതിയുമായി മല്ലിടുന്നവരായിരുന്നെങ്കിൽ, ധാന്യം തിന്നതിന്റെ പേരിൽ ഫരിസേയർ തങ്ങളെ കുറ്റപ്പെടുത്തുന്നത് കേട്ട ഉടൻതന്നെ തങ്ങളുടെ പ്രവൃത്തിയെക്കുറിച്ച് അവർക്ക് ഖേദവും കുറ്റബോധവും തോന്നിയിരിക്കാം. സാബത്ത് വിശുദ്ധമായി ആചരിക്കണമെന്ന ദൈവകല്പന ലംഘിച്ച കുറ്റം തങ്ങൾ ചെയ്തുവെന്ന് അവർ ഭയപ്പെടാൻ തുടങ്ങിയിരിക്കാം. എന്നാൽ, തങ്ങളുടെ അമിത പാപഭീതിയെ അതിന്റെ യഥാർഥ സ്വഭാവത്തിൽ അവർ കാണേണ്ടതുണ്ട്. അതിലേക്ക് തങ്ങളെ നയിച്ച പ്രേരകകാരണം എന്താണെന്നും അവർ തിരിച്ചറിയേണ്ടതുണ്ട്.

ഫരിസേയർ അവതരിപ്പിച്ചതുപോലുള്ള, ദൈവനിയമത്തെക്കുറിച്ചുള്ള അതിരുകടന്നതും തെറ്റായതുമായ കാഴ്ചപ്പാടാണ് അമിത പാപഭീതിയിലേക്ക് അവരെ നയിച്ച “പ്രേരകകാരണം”. അതെ, ദൈവനിയമം പൂർണമാണ്; അതിലെ അവസാന അക്ഷരംവരെ എപ്പോഴും പാലിക്കപ്പെടുകയും വേണം. എന്നാൽ, അമിത പാപഭീതിയുമായി മല്ലിടുന്നവരുടെ മനസ്സിൽ ദൈവനിയമം എളുപ്പത്തിൽ വികലമാക്കപ്പെടുകയും അതിശയോക്തിപരമായി കാണപ്പെടുകയും ചെയ്യാം. മനുഷ്യനിയമങ്ങളും ദൈവനിയമത്തെ മനുഷ്യർ തെറ്റായി അവതരിപ്പിക്കുന്നതും ആശയക്കുഴപ്പത്തിന് ഇടയാക്കാം. മുകളിൽ നൽകിയ തിരുവചനഭാഗത്തിൽ, ഫരിസേയരുടെ അഹങ്കാരവും കാഠിന്യവുമായിരുന്നു പ്രേരകകാരണം. സാബത്തിൽ ശിഷ്യന്മാർ ധാന്യം പറിച്ചു തിന്നത് ദൈവത്തെ ഒരു വിധത്തിലും വേദനിപ്പിച്ചില്ല. അതിനാൽ, ദൈവത്തിൽനിന്നുള്ളതല്ലാത്ത ഒരു ഭാരം ശിഷ്യന്മാരുടെമേൽ ചുമത്താനാണ് ഫരിസേയർ ശ്രമിച്ചത്.

ദൈവത്തിന്റെ നിയമത്തെയും തിരുഹിതത്തെയും അമിത പാപഭീതിയോടെ നോക്കിക്കാണാൻ നാമും പ്രേരിതരാകാം. പലരും ഇതിനു വിപരീതമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും—അതായത്, അമിതമായ അയവ് കാണിക്കുന്നുണ്ടെങ്കിലും—ചിലർ, ദൈവം ഒട്ടും വേദനിക്കപ്പെടാത്തപ്പോഴും തങ്ങൾ അവിടുത്തെ വേദനിപ്പിക്കുന്നുവോ എന്ന ആശങ്കയുമായി മല്ലിടുന്നു.

അമിത പാപഭീതിയുമായി നിങ്ങൾ നടത്തുന്ന പോരാട്ടത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുക. നിങ്ങൾ ഇത്തരത്തിലുള്ള ഒരാളാണെങ്കിൽ, ഈ ഭാരങ്ങളിൽനിന്ന് നിങ്ങളെ മോചിപ്പിക്കാൻ ദൈവം ആഗ്രഹിക്കുന്നുവെന്ന് അറിയുക.

കർത്താവേ, അങ്ങയുടെ നിയമവും തിരുഹിതവും സത്യത്തിന്റെ വെളിച്ചത്തിൽ കാണാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ നിയമത്തെക്കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണകളും തെറ്റായ അവതരണങ്ങളും ഉപേക്ഷിച്ച്, പകരം അങ്ങയുടെ പൂർണമായ സ്നേഹത്തിന്റെയും കരുണയുടെയും സത്യങ്ങൾ സ്വീകരിക്കാൻ എന്നെ സഹായിക്കണമേ. എല്ലാ കാര്യങ്ങളിലും എല്ലാറ്റിനുമുപരിയായി ആ കരുണയോടും സ്നേഹത്തോടും ഞാൻ ചേർന്നുനിൽക്കട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

 

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധ – കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

ചിത്രം: ബൈബിളിന്റെ സമഗ്രദൃശ്യം, അഥവാ ചിത്രത്തിലും കഥയിലും വിശുദ്ധ തിരുവെഴുത്തുകൾ