മലയാളം

യേശുവിന്റെ കുടുംബം

2020 സെപ്റ്റംബർ 22
ആണ്ടുവട്ടക്കാലത്തിലെ ഇരുപത്തിയഞ്ചാം ആഴ്ചയിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

“ദൈവവചനം കേൾക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും എന്റെ സഹോദരന്മാരും.”  ലൂക്കാ 8:21

അധികാരവും പ്രശസ്തിയുമുള്ള ഒരാൾ സ്വന്തം കുടുംബത്തിലുണ്ടായിരുന്നെങ്കിൽ എങ്ങനെയായിരിക്കുമെന്ന് ഒരുപക്ഷേ നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകാം. നിങ്ങളുടെ സഹോദരനോ സഹോദരിയോ മാതാപിതാക്കളിലൊരാളോ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റായിരുന്നെങ്കിൽ എങ്ങനെയായിരിക്കും? അല്ലെങ്കിൽ പ്രശസ്തനായ ഒരു കായികതാരമായിരുന്നെങ്കിലോ? അതുമല്ലെങ്കിൽ മറ്റേതെങ്കിലും പ്രശസ്ത വ്യക്തിയായിരുന്നെങ്കിലോ? അത് ഒരുപക്ഷേ നല്ല അർഥത്തിലുള്ള ഒരു സന്തോഷത്തിനും അഭിമാനത്തിനും കാരണമാകുമായിരുന്നു.

യേശു ഭൂമിയിൽ ജീവിച്ചിരുന്ന കാലത്ത്, ഒരർഥത്തിൽ പറഞ്ഞാൽ, അവിടുന്ന് ഏറെ “പ്രശസ്തനായി” വരികയായിരുന്നു. അനേകർ അവിടുത്തെ ആദരിക്കുകയും സ്നേഹിക്കുകയും അനുഗമിക്കുകയും ചെയ്തു. അവിടുന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവിടുത്തെ അമ്മയും സഹോദരന്മാരും (അവർ മിക്കവാറും അടുത്ത ബന്ധുക്കളായ സഹോദരന്മാരായിരുന്നിരിക്കാം) പുറത്ത് എത്തി. ആളുകൾ അവരെ ആദരവോടും മതിപ്പോടും, ഒരുപക്ഷേ അല്പം അസൂയയോടെയും നോക്കിയിട്ടുണ്ടാകുമെന്നതിൽ സംശയമില്ല. യേശുവിന്റെ യഥാർഥ ബന്ധുവായിരിക്കുക എത്ര നല്ല കാര്യമായിരിക്കും!

സ്വന്തം ബന്ധുവായിരിക്കുക, സ്വന്തം കുടുംബത്തിന്റെ ഭാഗമായിരിക്കുക എന്നതിന്റെ അനുഗ്രഹം യേശുവിന് നന്നായി അറിയാം. അതുകൊണ്ടാണ്, അവിടെ സന്നിഹിതരായ എല്ലാവരെയും തന്റെ കുടുംബത്തിലെ ഉറ്റ അംഗങ്ങളായി സ്വയം കാണാൻ ക്ഷണിച്ചുകൊണ്ട് അവിടുന്ന് ഇങ്ങനെ പറയുന്നത്. തീർച്ചയായും, നമ്മുടെ പരിശുദ്ധ അമ്മയ്ക്ക് യേശുവുമായുള്ള അതുല്യമായ ബന്ധം എന്നും നിലനിൽക്കും. എന്നാൽ തന്റെ കുടുംബബന്ധത്തിൽ പങ്കുചേരാൻ എല്ലാ മനുഷ്യരെയും ക്ഷണിക്കാനാണ് യേശു ആഗ്രഹിക്കുന്നത്.

ഇത് എങ്ങനെയാണ് സംഭവിക്കുന്നത്? നാം “ദൈവവചനം കേൾക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും” ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അത്ര ലളിതമാണത്. ദൈവം പറയുന്നതെല്ലാം കേൾക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്താൽ മാത്രം മതി; ആഴമേറിയതും വ്യക്തിപരവും ഗഹനവുമായ വിധത്തിൽ യേശുവിന്റെ കുടുംബത്തിൽ അംഗമാകാൻ നിങ്ങൾ ക്ഷണിക്കപ്പെട്ടിരിക്കുന്നു.

ഒരു തലത്തിൽ ഇത് ലളിതമാണെങ്കിലും, ഇത് സമൂലമായ മാറ്റത്തിലേക്കുള്ള ഒരു ചുവടുവയ്പാണെന്നതും സത്യമാണ്. ദൈവതിരുഹിതത്തോടുള്ള പൂർണമായ സമർപ്പണം ആവശ്യപ്പെടുന്നു എന്ന അർഥത്തിലാണ് ഇത് സമൂലമായ മാറ്റം ആവശ്യപ്പെടുന്നത്. കാരണം, ദൈവം സംസാരിക്കുമ്പോൾ അവിടുത്തെ വചനങ്ങൾ ശക്തിയുള്ളവയും രൂപാന്തരപ്പെടുത്തുന്നവയുമാണ്. അവിടുത്തെ വചനങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നത് നമ്മുടെ ജീവിതത്തെ മാറ്റിമറിക്കും.

തന്റെ കുടുംബത്തിലെ ഉറ്റ അംഗമാകാനുള്ള യേശുവിന്റെ ക്ഷണത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ആ ക്ഷണം ശ്രവിച്ച് അതിന് “അതെ” എന്നു മറുപടി നൽകുക. ഈ ക്ഷണത്തിന് “അതെ” എന്നു പറയുമ്പോൾ, അവിടുത്തെ സ്വരവും അവിടുത്തെ ദിവ്യഹിതവും നിങ്ങളുടെ ജീവിതത്തെ മാറ്റാൻ അനുവദിക്കുന്നതിന് സന്നദ്ധരും ഒരുക്കമുള്ളവരുമായിരിക്കുക.

കർത്താവേ, അങ്ങയുടെ കുടുംബത്തിലെ ഉറ്റ അംഗമാകാനുള്ള അങ്ങയുടെ ക്ഷണം ഞാൻ സ്വീകരിക്കുന്നു. അങ്ങയുടെ സ്വരം ശ്രവിക്കാനും അങ്ങ് പറയുന്നതെല്ലാം അനുസരിച്ച് പ്രവർത്തിക്കാനും എനിക്കാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഒന്നാം ദിവസം: ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യായോടുള്ള നൊവേന – ചെറുപുഷ്പം

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

ചിത്രം: ക്രിസ്തു സെബദിയുടെ ഭാര്യയെയും മക്കളെയും കണ്ടുമുട്ടുന്നു — പൗളോ വെറോനേസെയുടെ രചന