2020 ഒക്ടോബർ 16
സാധാരണകാലത്തിലെ ഇരുപത്തിയെട്ടാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ
വിശുദ്ധ ഹെഡ്വിഗ്, സന്ന്യാസിനി—ഐച്ഛിക അനുസ്മരണം
വിശുദ്ധ മാർഗരീത്ത മറിയം അലക്കോക്ക്, കന്യക—ഐച്ഛിക അനുസ്മരണം

“അഞ്ചു കുരുവികളെ രണ്ടു ചെറിയ നാണയങ്ങൾക്കു വിൽക്കുന്നില്ലേ? എങ്കിലും അവയിൽ ഒന്നുപോലും ദൈവത്തിന്റെ ശ്രദ്ധയിൽപ്പെടാതെ പോകുന്നില്ല. നിങ്ങളുടെ തലയിലെ മുടിയിഴകൾപോലും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. ഭയപ്പെടേണ്ടാ. അനേകം കുരുവികളെക്കാൾ നിങ്ങൾ വിലയേറിയവരാണ്.” ലൂക്കാ 12:6-7
“ഭയപ്പെടേണ്ടാ.” വിശുദ്ധ ഗ്രന്ഥത്തിൽ ഈ വാക്കുകൾ പലപ്പോഴും ആവർത്തിക്കപ്പെടുന്നു. സ്വർഗസ്ഥനായ പിതാവ് നമ്മുടെ ജീവിതത്തിലെ ഏറ്റവും ചെറിയ കാര്യങ്ങളിൽപ്പോലും ശ്രദ്ധാലുവായിരിക്കുന്നതിനാൽ നാം ഭയപ്പെടേണ്ടതില്ലെന്ന് ഈ ഭാഗത്ത് യേശു പറയുന്നു. ദൈവത്തിന്റെ ശ്രദ്ധയിൽപ്പെടാതെ ഒന്നും പോകുന്നില്ല. കുരുവികളുടെ കാര്യത്തിൽ ദൈവം ശ്രദ്ധാലുവാണെങ്കിൽ, നമ്മുടെ കാര്യത്തിൽ അവിടുന്ന് അതിലേറെ ശ്രദ്ധാലുവാണ്. ഇതു നമുക്കു സമാധാനവും ആത്മവിശ്വാസവും പകരേണ്ടതാണ്.
തീർച്ചയായും, ഇതു വിശ്വസിക്കാൻ അപ്പോഴും ബുദ്ധിമുട്ടുണ്ടാകുന്നതിന്റെ ഒരു കാരണം, ദൈവം വളരെ അകലെയാണെന്നും നമ്മുടെ ജീവിതത്തിൽ ശ്രദ്ധിക്കുന്നില്ലെന്നും പലപ്പോഴും നമുക്കു തോന്നുന്നു എന്നതാണ്. ഇങ്ങനെ തോന്നുമ്പോഴെല്ലാം, അത് ഒരു തോന്നൽ മാത്രമാണെന്നും യാഥാർഥ്യമല്ലെന്നും ഓർക്കേണ്ടത് പ്രധാനമാണ്. നമുക്കു മനസ്സിലാക്കാൻ കഴിയുന്നതിനെക്കാൾ അനന്തമായി അധികം ദൈവം നമ്മുടെ ജീവിതത്തിലെ ഓരോ ചെറിയ കാര്യത്തിലും ശ്രദ്ധാലുവാണ് എന്നതാണ് യാഥാർഥ്യം. വാസ്തവത്തിൽ, നാം നമ്മുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നതിനെക്കാൾ എത്രയോ അധികം അവിടുന്ന് നമ്മുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നു! ഓരോ ചെറിയ കാര്യത്തിലും അവിടുന്ന് ശ്രദ്ധാലുവാണെന്നു മാത്രമല്ല, അവയെല്ലാം അവിടുന്ന് ആഴമായ കരുതലോടെ കാണുകയും ചെയ്യുന്നു.
അപ്പോൾ, ചില സമയങ്ങളിൽ ദൈവം അകലെയാണെന്നു തോന്നുന്നത് എന്തുകൊണ്ടായിരിക്കാം? ഇതിനു പല കാരണങ്ങളുണ്ടാകാം. എന്നാൽ എല്ലായ്പ്പോഴും ഒരു കാരണമുണ്ടെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കണം. ഒരുപക്ഷേ, നാം അവിടുത്തെ ശ്രവിക്കാതെയും വേണ്ടതുപോലെ പ്രാർഥിക്കാതെയും ഇരിക്കുന്നതിനാൽ അവിടുത്തെ ശ്രദ്ധയും മാർഗദർശനവും തിരിച്ചറിയാതെ പോകുന്നുണ്ടാകാം. ഒരുപക്ഷേ, നമ്മെ തന്നിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനായി ഏതെങ്കിലും ഒരു കാര്യത്തിൽ മൗനം പാലിക്കാൻ അവിടുന്ന് തിരഞ്ഞെടുത്തിരിക്കാം. ഒരുപക്ഷേ, അവിടുത്തെ മൗനം യഥാർഥത്തിൽ അവിടുത്തെ സാന്നിധ്യത്തിന്റെയും തിരുഹിതത്തിന്റെയും വളരെ വ്യക്തമായ അടയാളമായിരിക്കാം.
ചില സമയങ്ങളിൽ നമുക്ക് എന്തു തോന്നിയാലും, മുകളിൽ പറഞ്ഞ വചനഭാഗത്തിന്റെ സത്യത്തെക്കുറിച്ച് നമുക്ക് ഉറപ്പുണ്ടായിരിക്കണം എന്ന വസ്തുതയെപ്പറ്റി ഇന്നു ധ്യാനിക്കുക. “അനേകം കുരുവികളെക്കാൾ നിങ്ങൾ വിലയേറിയവരാണ്.” നിങ്ങളുടെ തലയിലെ മുടിയിഴകൾപോലും ദൈവം എണ്ണിയിരിക്കുന്നു. നിങ്ങളുടെ ജീവിതത്തിന്റെ ഓരോ ഭാഗവും അവിടുത്തെ മുമ്പിൽ പൂർണമായി തുറന്നിരിക്കുന്നു. ഇങ്ങനെ ശ്രദ്ധാലുവായ ഈ ദൈവം പരിപൂർണമായ സ്നേഹത്തിന്റെയും കരുണയുടെയും ദൈവമാണെന്നും ജീവിതത്തിൽ നിങ്ങൾക്ക് ആവശ്യമായതെല്ലാം അവിടുന്ന് നൽകുമെന്നും അറിഞ്ഞുകൊണ്ട്, ഈ സത്യങ്ങൾ നിങ്ങൾക്ക് ആശ്വാസവും പ്രത്യാശയും പകരാൻ അനുവദിക്കുക.
കർത്താവേ, അങ്ങ് എന്നെ സ്നേഹിക്കുന്നുവെന്നും എന്റെ ജീവിതത്തിലെ ഓരോ വികാരവും ചിന്തയും അനുഭവവും അറിയുന്നുവെന്നും എനിക്കറിയാം. എന്റെ ഓരോ പ്രശ്നവും ആശങ്കയും അങ്ങ് അറിയുന്നു. അങ്ങയുടെ പരിപൂർണമായ സ്നേഹവും മാർഗദർശനവും അറിഞ്ഞുകൊണ്ട്, എല്ലാ കാര്യങ്ങളിലും നിരന്തരം അങ്ങയിലേക്കു തിരിയാൻ എന്നെ സഹായിക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു.
പുതിയത്! ആഴങ്ങൾ തേടി, എന്ന പേരിൽ വിശുദ്ധ ഇഗ്നേഷ്യസിന്റെ ആത്മീയാഭ്യാസങ്ങളെ ആധാരമാക്കിയുള്ള ഒരു വർഷം നീളുന്ന സാധന ആരംഭിക്കാൻ വർഷത്തിലെ ഏറ്റവും അനുയോജ്യമായ സമയം ഒക്ടോബർ മാസമാണ്!
ആഴങ്ങളിലേക്കുള്ള അന്വേഷണം
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധർ – വിശുദ്ധ ഹെഡ്വിഗ്, സന്ന്യാസിനി കൂടാതെ വിശുദ്ധ മാർഗരീത്ത മറിയം അലക്കോക്ക്, കന്യക
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




