മലയാളം

പ്രാർത്ഥനാശീലം

ഒക്ടോബർ 21, 2020
ആണ്ടുവട്ടത്തിലെ ഇരുപത്തൊൻപതാം ആഴ്ചയിലെ ബുധനാഴ്ച
ഇന്നത്തെ വായനകൾ

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “ഇതു തീർച്ചയായി അറിഞ്ഞുകൊള്ളുക: കള്ളൻ വരുന്ന സമയം വീട്ടുടമസ്ഥൻ അറിഞ്ഞിരുന്നെങ്കിൽ, തന്റെ വീട് കുത്തിത്തുറക്കാൻ അവൻ അനുവദിക്കുമായിരുന്നില്ല. നിങ്ങളും ഒരുങ്ങിയിരിക്കണം; എന്തെന്നാൽ, നിങ്ങൾ പ്രതീക്ഷിക്കാത്ത മണിക്കൂറിൽ മനുഷ്യപുത്രൻ വരും.”  ലൂക്കാ 12:39-40

ഈ തിരുവചനഭാഗം നമുക്കൊരു ക്ഷണം നൽകുന്നു.  നാം പ്രതീക്ഷിക്കാത്ത മണിക്കൂറിൽ യേശു രണ്ടു വിധത്തിൽ നമ്മുടെ അടുക്കലേക്കു വരുന്നുവെന്നു പറയാം.

ഒന്നാമതായി, ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ അവിടുന്ന് ഒരുനാൾ മഹത്ത്വത്തോടെ വീണ്ടും വരുമെന്ന് നമുക്കറിയാം.  അവിടുത്തെ രണ്ടാം വരവ് യാഥാർഥ്യമാണ്; അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്ന വസ്തുതയെക്കുറിച്ച് നാം ബോധവാന്മാരായിരിക്കണം.  തീർച്ചയായും, അനേകം വർഷങ്ങളോ നൂറുകണക്കിനു വർഷങ്ങൾതന്നെയോ കഴിഞ്ഞായിരിക്കാം അതു സംഭവിക്കുക; എങ്കിലും അതു സംഭവിക്കുകതന്നെ ചെയ്യും.  ലോകം ഇന്നുള്ള നിലയിൽ അവസാനിക്കുകയും പുതിയൊരു ക്രമം സ്ഥാപിക്കപ്പെടുകയും ചെയ്യുന്ന ഒരു നിമിഷം വരും.  ആ ദിവസത്തെയും ആ നിമിഷത്തെയും പ്രതീക്ഷിച്ചുകൊണ്ട് ഓരോ ദിവസവും ജീവിക്കുകയാണ് നാം ചെയ്യേണ്ടത്.  ആ അന്ത്യത്തിനായി എപ്പോഴും ഒരുങ്ങിയിരിക്കുന്ന വിധത്തിൽ നാം ജീവിക്കണം.

രണ്ടാമതായി, യേശു കൃപയിലൂടെ നിരന്തരം നമ്മുടെ അടുക്കലേക്കു വരുന്നുണ്ടെന്ന് നാം തിരിച്ചറിയണം.  പരമ്പരാഗതമായി, അവിടുത്തെ രണ്ടു വരവുകളെക്കുറിച്ചാണ് നാം സംസാരിക്കുന്നത്: 1) അവിടുത്തെ മനുഷ്യാവതാരം, 2) മഹത്ത്വത്തിലുള്ള അവിടുത്തെ പുനരാഗമനം.  എന്നാൽ നമുക്കു സംസാരിക്കാവുന്ന മൂന്നാമതൊരു വരവുണ്ട്: കൃപയിലൂടെ നമ്മുടെ ജീവിതങ്ങളിലേക്കുള്ള അവിടുത്തെ വരവ്.  ഈ വരവും തികച്ചും യാഥാർഥ്യമാണ്; നാം നിരന്തരം അതിൽ ശ്രദ്ധയുള്ളവരായിരിക്കണം.  കൃപയിലൂടെയുള്ള അവിടുത്തെ വരവ്, അവിടുത്തെ കണ്ടുമുട്ടാൻ നാം നിരന്തരം “ഒരുങ്ങിയിരിക്കണം” എന്ന് ആവശ്യപ്പെടുന്നു.  നാം ഒരുങ്ങിയിട്ടില്ലെങ്കിൽ, അവിടുത്തെ കണ്ടുമുട്ടാനുള്ള അവസരം നമുക്കു നഷ്ടമാകുമെന്നതു തീർച്ചയാണ്.  കൃപയിലൂടെയുള്ള ഈ വരവിനായി നാം എങ്ങനെയാണ് ഒരുങ്ങുന്നത്?  ഒന്നാമതും പ്രധാനമായും, ആന്തരിക പ്രാർത്ഥനയുടെ ദൈനംദിന ശീലം വളർത്തിക്കൊണ്ടാണ് നാം ഒരുങ്ങുന്നത്.  പ്രാർത്ഥനയുടെ ആന്തരിക ശീലം എന്നതിനർഥം, ഒരർഥത്തിൽ നാം എപ്പോഴും പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു എന്നാണ്.  ഓരോ ദിവസവും നാം എന്തു ചെയ്താലും നമ്മുടെ മനസ്സും ഹൃദയവും എപ്പോഴും ദൈവത്തിലേക്കു തിരിഞ്ഞിരിക്കുന്നു എന്നാണ് അതിനർഥം.  അതു ശ്വാസോച്ഛ്വാസം പോലെയാണ്.  നാം എപ്പോഴും ശ്വസിക്കുന്നു; അതിനെക്കുറിച്ചു ചിന്തിക്കുകപോലും ചെയ്യാതെയാണ് അങ്ങനെ ചെയ്യുന്നത്.  ശ്വാസോച്ഛ്വാസംപോലെതന്നെ പ്രാർത്ഥനയും ഒരു ശീലമായി മാറണം.  നമ്മുടെ വ്യക്തിത്വത്തിന്റെയും ജീവിതരീതിയുടെയും കേന്ദ്രസ്ഥാനത്ത് അതുണ്ടായിരിക്കണം.

ഇന്ന് നിങ്ങളുടെ പ്രാർത്ഥനാജീവിതത്തെക്കുറിച്ചു ധ്യാനിക്കുക.  ഓരോ ദിവസവും പ്രാർത്ഥനയ്ക്കായി മാത്രം നിങ്ങൾ നീക്കിവയ്ക്കുന്ന നിമിഷങ്ങൾ നിങ്ങളുടെ വിശുദ്ധിക്കും ദൈവവുമായുള്ള ബന്ധത്തിനും അത്യന്താപേക്ഷിതമാണെന്ന് അറിയുക.  ദൈവത്തിൽ എപ്പോഴും ശ്രദ്ധയുള്ളവരായിരിക്കുന്ന ശീലം വളർത്താൻ ആ നിമിഷങ്ങൾ സഹായിക്കണമെന്നും അറിയുക.  ഇങ്ങനെ ഒരുങ്ങിയിരിക്കുന്നത്, കൃപയിലൂടെ ക്രിസ്തു നിങ്ങളുടെ അടുക്കലേക്കു വരുന്ന ഓരോ നിമിഷത്തിലും അവിടുത്തെ കണ്ടുമുട്ടാൻ നിങ്ങളെ പ്രാപ്തരാക്കും.

കർത്താവേ, എന്റെ ഹൃദയത്തിൽ ഒരു പ്രാർത്ഥനാജീവിതം വളർത്താൻ എന്നെ സഹായിക്കണമേ.  അങ്ങയെ എപ്പോഴും അന്വേഷിക്കാനും അങ്ങു വരുമ്പോൾ അങ്ങയെ സ്വീകരിക്കാൻ സദാ ഒരുങ്ങിയിരിക്കാനും എന്നെ സഹായിക്കണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

ചിത്രം: James_Tissot രചിച്ച ‘എന്നോടൊപ്പം ഒരു മണിക്കൂർ ഉണർന്നിരിക്കാൻ നിങ്ങൾക്കു കഴിഞ്ഞില്ല’