2020 ഒക്ടോബർ 23
ആണ്ടുവട്ടത്തിലെ ഇരുപത്തൊൻപതാം വാരത്തിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ
കപ്പിസ്ത്രാനോയിലെ വിശുദ്ധ യോഹന്നാൻ, പുരോഹിതൻ—ഐച്ഛിക അനുസ്മരണം

യേശു ജനക്കൂട്ടത്തോടു പറഞ്ഞു: “പടിഞ്ഞാറ് മേഘം ഉയരുന്നതു കാണുമ്പോൾ മഴ പെയ്യാൻ പോകുന്നു എന്ന് നിങ്ങൾ ഉടനെ പറയുന്നു; അങ്ങനെ സംഭവിക്കുകയും ചെയ്യുന്നു. തെക്കുനിന്ന് കാറ്റു വീശുന്നതു ശ്രദ്ധിക്കുമ്പോൾ ചൂടുണ്ടാകുമെന്ന് നിങ്ങൾ പറയുന്നു; അങ്ങനെ സംഭവിക്കുകയും ചെയ്യുന്നു. കപടനാട്യക്കാരേ! ഭൂമിയുടെയും ആകാശത്തിന്റെയും ഭാവം വിവേചിച്ചറിയാൻ നിങ്ങൾക്കറിയാം; പിന്നെ വർത്തമാനകാലത്തെ വിവേചിച്ചറിയാൻ നിങ്ങൾക്ക് അറിയാത്തതെന്ത്?” ലൂക്കാ 12:54-56
വർത്തമാനകാലത്തെ വിവേചിച്ചറിയാൻ നിങ്ങൾക്കറിയാമോ? ക്രിസ്തുവിന്റെ അനുയായികളായ നമുക്ക് നമ്മുടെ സംസ്കാരങ്ങളെയും സമൂഹങ്ങളെയും ലോകത്തെ മുഴുവനായും സത്യസന്ധമായി നോക്കിക്കാണാനും അവയെ സത്യസന്ധമായും കൃത്യമായും മനസ്സിലാക്കാനും കഴിയേണ്ടത് പ്രധാനമാണ്. നമ്മുടെ ലോകത്തിലെ നന്മയും ദൈവസാന്നിധ്യവും വിവേചിച്ചറിയാൻ നമുക്കു കഴിയണം. അതുപോലെതന്നെ, നമ്മുടെ വർത്തമാനകാലത്ത് ദുഷ്ടൻ നടത്തുന്ന പ്രവർത്തനങ്ങൾ തിരിച്ചറിയാനും അവയുടെ പൊരുൾ മനസ്സിലാക്കാനും നമുക്കു കഴിയണം. നിങ്ങൾക്ക് അത് എത്രത്തോളം നന്നായി സാധിക്കുന്നുണ്ട്?
വഞ്ചനയിലൂടെ ആളുകളെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് നയിക്കുന്നതും നുണകൾ ഉപയോഗിക്കുന്നതും ദുഷ്ടന്റെ തന്ത്രങ്ങളിൽ ഒന്നാണ്. എണ്ണമറ്റ വഴികളിലൂടെ നമ്മെ ആശയക്കുഴപ്പത്തിലാക്കാൻ ദുഷ്ടൻ ശ്രമിക്കുന്നു. ഈ നുണകൾ മാധ്യമങ്ങളിലൂടെയും നമ്മുടെ രാഷ്ട്രീയ നേതാക്കളിലൂടെയും ചിലപ്പോൾ ചില മതനേതാക്കളിലൂടെയുംപോലും വന്നേക്കാം. ഭിന്നതയും എല്ലാത്തരത്തിലുമുള്ള അരാജകത്വവും ഉണ്ടാകുമ്പോൾ ദുഷ്ടൻ അതിൽ ആനന്ദിക്കുന്നു.
അപ്പോൾ, “വർത്തമാനകാലത്തെ വിവേചിച്ചറിയാൻ” കഴിയണമെങ്കിൽ നാം എന്തു ചെയ്യണം? സത്യത്തിനായി നാം പൂർണഹൃദയത്തോടെ നമ്മെത്തന്നെ സമർപ്പിക്കണം. പ്രാർഥനയിലൂടെ മറ്റെല്ലാറ്റിനുമുപരിയായി നാം യേശുവിനെ അന്വേഷിക്കണം. അവിടുന്നിൽനിന്നുള്ളത് എന്തെന്നും അല്ലാത്തത് എന്തെന്നും വേർതിരിച്ചറിയാൻ നമ്മുടെ ജീവിതത്തിലെ അവിടുത്തെ സാന്നിധ്യം നമ്മെ സഹായിക്കട്ടെ.
നമ്മുടെ സമൂഹങ്ങൾ ധാർമ്മികമായ എണ്ണമറ്റ തിരഞ്ഞെടുപ്പുകൾ നമ്മുടെ മുന്നിൽ വയ്ക്കുന്നു. അതിനാൽ നാം പല ദിശകളിലേക്കും ആകർഷിക്കപ്പെടുന്നതായി അനുഭവപ്പെട്ടേക്കാം. നമ്മുടെ ചിന്തകൾ വെല്ലുവിളിക്കപ്പെടുന്നതായും ചിലപ്പോൾ മാനവികതയുടെ ഏറ്റവും അടിസ്ഥാനപരമായ സത്യങ്ങൾപോലും ആക്രമിക്കപ്പെടുകയും വളച്ചൊടിക്കപ്പെടുകയും ചെയ്യുന്നതായും നാം കണ്ടേക്കാം. ഉദാഹരണത്തിന്, ഗർഭച്ഛിദ്രം, ദയാവധം, പരമ്പരാഗത വിവാഹം എന്നിവയെക്കുറിച്ച് ചിന്തിക്കുക. ഇവ സംബന്ധിച്ച നമ്മുടെ വിശ്വാസത്തിന്റെ ധാർമ്മിക പ്രബോധനങ്ങൾ ലോകത്തിലെ വിവിധ സംസ്കാരങ്ങളിൽ നിരന്തരം ആക്രമണത്തിനു വിധേയമാകുന്നു. മനുഷ്യവ്യക്തിയുടെ മഹത്ത്വവും ദൈവം വിഭാവനം ചെയ്തതുപോലുള്ള കുടുംബത്തിന്റെ മഹത്ത്വവുംതന്നെ ചോദ്യം ചെയ്യപ്പെടുകയും നേരിട്ട് വെല്ലുവിളിക്കപ്പെടുകയും ചെയ്യുന്നു. ഇന്നത്തെ നമ്മുടെ ലോകത്തിലെ ആശയക്കുഴപ്പത്തിന്റെ മറ്റൊരു ഉദാഹരണമാണ് ധനമോഹം. അനേകം ആളുകൾ ഭൗതികസമ്പത്തിനായുള്ള ആഗ്രഹത്തിൽ കുടുങ്ങിക്കിടക്കുകയും അതാണ് സന്തോഷത്തിലേക്കുള്ള വഴിയെന്ന നുണയിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു. വർത്തമാനകാലത്തെ വിവേചിച്ചറിയുക എന്നതിനർഥം നമ്മുടെ കാലഘട്ടത്തിലെ ഏത് ആശയക്കുഴപ്പത്തിന്റെയും പിന്നിലെ യാഥാർഥ്യം നാം തിരിച്ചറിയുക എന്നതാണ്. സാംസ്കാരികവും ധാർമ്മികവുമായ തെറ്റുകളെ അവയുടെ യഥാർഥ സ്വഭാവത്തിൽ നാം കാണുക എന്നാണ് അതിനർഥം.
നമുക്കു ചുറ്റും ഇത്ര വ്യക്തമായി നിലനിൽക്കുന്ന ആശയക്കുഴപ്പം നീക്കാൻ പരിശുദ്ധാത്മാവിനെ അനുവദിക്കുന്നതിന് നിങ്ങൾ സന്നദ്ധരും പ്രാപ്തരുമാണോ എന്ന് ഇന്ന് ധ്യാനിക്കുക. സത്യത്തിന്റെ ആത്മാവായ പരിശുദ്ധാത്മാവ് നിങ്ങളുടെ മനസ്സിലേക്ക് ആഴത്തിൽ പ്രവേശിച്ച് നിങ്ങളെ സകല സത്യത്തിലേക്കും നയിക്കാൻ അനുവദിക്കുന്നതിന് നിങ്ങൾ തയ്യാറാണോ? ഓരോ ദിവസവും നമ്മുടെമേൽ അടിച്ചേൽപ്പിക്കപ്പെടുന്ന അനേകം തെറ്റുകളെയും ആശയക്കുഴപ്പങ്ങളെയും അതിജീവിക്കാനുള്ള ഏക മാർഗം നമ്മുടെ വർത്തമാനകാലത്ത് സത്യം അന്വേഷിക്കുക എന്നതാണ്.
കർത്താവേ, വർത്തമാനകാലത്തെ വിവേചിച്ചറിയാനും ഞങ്ങൾക്കു ചുറ്റും പ്രോത്സാഹിപ്പിക്കപ്പെടുന്ന തെറ്റുകളും അനേകം വിധങ്ങളിൽ വെളിപ്പെടുന്ന അങ്ങയുടെ നന്മയും കാണാനും എന്നെ സഹായിക്കണമേ. തിന്മയെ തള്ളിക്കളയാനും അങ്ങയിൽനിന്നുള്ളത് അന്വേഷിക്കാനും എനിക്ക് ധൈര്യവും ജ്ഞാനവും നൽകണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
യു.എസ്. തിരഞ്ഞെടുപ്പുകൾക്കായുള്ള പ്രാർഥനകൾ & സഹായവിഭവങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – കപ്പിസ്ത്രാനോയിലെ വിശുദ്ധ യോഹന്നാൻ, പുരോഹിതൻ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
ചിത്രം: മലമുകളിൽ പ്രസംഗിക്കുന്ന യേശു, ഗുസ്താവ് ഡോറെ വരച്ചത്




