മലയാളം

നമ്മുടെ ആത്മാക്കളുടെ പരിപോഷണം

2020 ഒക്ടോബർ 24
ആണ്ടുവട്ടത്തിലെ ഇരുപത്തൊൻപതാം ആഴ്ചയിലെ ശനിയാഴ്ച
ഇന്നത്തെ വായനകൾ

വിശുദ്ധ അന്തോണി മേരി ക്ലാരറ്റ്, മെത്രാൻ—ഐച്ഛിക അനുസ്മരണം

“‘മൂന്നു വർഷമായി ഞാൻ ഈ അത്തിവൃക്ഷത്തിൽ ഫലം അന്വേഷിച്ചു വരുന്നു; എന്നാൽ ഒന്നും കണ്ടില്ല. അതിനാൽ ഇതു വെട്ടിക്കളയുക. ഇതു വെറുതെ മണ്ണിന്റെ സാരം വലിച്ചെടുക്കുന്നതെന്തിന്?’ അവൻ മറുപടി പറഞ്ഞു: ‘യജമാനനേ, ഈ വർഷംകൂടി ഇതു നിൽക്കട്ടെ. ഞാൻ ഇതിനു ചുറ്റുമുള്ള മണ്ണ് കിളച്ച് വളമിടാം; വരുംകാലത്ത് ഇതു ഫലം കായ്ച്ചേക്കാം. ഇല്ലെങ്കിൽ അങ്ങേക്ക് ഇതു വെട്ടിക്കളയാം.’”  ലൂക്കാ 13:7-9

പലപ്പോഴും നമ്മുടെ ആത്മാക്കളുടെ അവസ്ഥ പ്രതിഫലിപ്പിക്കുന്ന ഒരു ചിത്രമാണിത്.  ജീവിതത്തിൽ പലപ്പോഴും നാം ഒരേ അവസ്ഥയിൽ കുടുങ്ങിപ്പോകാം; ദൈവവുമായും മറ്റുള്ളവരുമായും ഉള്ള നമ്മുടെ ബന്ധം പ്രയാസത്തിലാകാം.  അതിന്റെ ഫലമായി, നമ്മുടെ ജീവിതത്തിൽ നല്ല ഫലങ്ങൾ തീരെ കുറയുകയോ ഒട്ടും ഇല്ലാതാകുകയോ ചെയ്യുന്നു.

ഒരുപക്ഷേ ഇപ്പോൾ നിങ്ങളുടെ അവസ്ഥ ഇതായിരിക്കില്ല; ഒരുപക്ഷേ ഇതുതന്നെയായിരിക്കാം.  നിങ്ങളുടെ ജീവിതം ക്രിസ്തുവിൽ ഉറച്ചു വേരൂന്നിയതായിരിക്കാം; അല്ലെങ്കിൽ നിങ്ങൾ വലിയ പ്രയാസങ്ങളിലൂടെ കടന്നുപോകുകയായിരിക്കാം.  നിങ്ങൾ പ്രയാസപ്പെടുകയാണെങ്കിൽ, ഈ അത്തിവൃക്ഷത്തിന്റെ സ്ഥാനത്ത് നിങ്ങളെത്തന്നെ കാണാൻ ശ്രമിക്കുക.  “ഇതിനു ചുറ്റുമുള്ള മണ്ണ് കിളച്ച് വളമിടാൻ” സന്നദ്ധനാകുന്ന വ്യക്തിയെ യേശുതന്നെയായി കാണാനും ശ്രമിക്കുക.

യേശു ഈ അത്തിവൃക്ഷത്തെ നോക്കി വിലയില്ലാത്തതെന്നു കരുതി തള്ളിക്കളയുന്നില്ല എന്നതു ശ്രദ്ധിക്കേണ്ടതാണ്.  വീണ്ടും അവസരം നൽകുന്ന ദൈവമാണ് അവിടുന്ന്. ഫലം കായ്ക്കാൻ ആവശ്യമായ എല്ലാ അവസരങ്ങളും ഈ അത്തിവൃക്ഷത്തിനു ലഭിക്കത്തക്കവിധം അതിനെ പരിപാലിക്കാൻ അവിടുന്ന് പ്രതിജ്ഞാബദ്ധനാണ്.  നമ്മുടെ കാര്യത്തിലും അങ്ങനെതന്നെ.  നാം എത്ര അകന്നുപോയാലും യേശു ഒരിക്കലും നമ്മെ വെറുതെ ഉപേക്ഷിക്കുന്നില്ല.  നമ്മുടെ ജീവിതം വീണ്ടും ധാരാളം ഫലം പുറപ്പെടുവിക്കേണ്ടതിന്, നമുക്ക് ആവശ്യമായ വിധങ്ങളിൽ നമ്മുടെ സഹായത്തിനെത്താൻ അവിടുന്ന് എപ്പോഴും സന്നദ്ധനാണ്.

നിങ്ങൾക്കു ചുറ്റുമുള്ള “മണ്ണ് കിളയ്ക്കാൻ” യേശുവിനെ അനുവദിക്കേണ്ട ആവശ്യമുണ്ടെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ എന്ന് ഇന്ന് വിചിന്തനം ചെയ്യുക.  നിങ്ങളുടെ ജീവിതത്തിൽ വീണ്ടും സമൃദ്ധമായ നല്ല ഫലങ്ങൾ പുറപ്പെടുവിക്കാൻ ആവശ്യമായ പോഷണം നൽകാൻ അവിടുത്തെ അനുവദിക്കുന്നതിൽ ഭയപ്പെടരുത്.

കർത്താവേ, എന്റെ ജീവിതത്തിൽ അങ്ങയുടെ സ്നേഹവും കരുതലും എനിക്ക് എപ്പോഴും ആവശ്യമാണെന്ന് ഞാൻ അറിയുന്നു.  അങ്ങ് എന്നിൽനിന്ന് ആഗ്രഹിക്കുന്ന ഫലം പുറപ്പെടുവിക്കാൻ എനിക്ക് അങ്ങയിൽനിന്നുള്ള പോഷണം ആവശ്യമാണ്.  എനിക്കായി അങ്ങ് ഉദ്ദേശിച്ചിട്ടുള്ളതെല്ലാം നിറവേറ്റാൻ കഴിയേണ്ടതിന്, എന്റെ ആത്മാവിനെ പോഷിപ്പിക്കാൻ അങ്ങ് ആഗ്രഹിക്കുന്ന വഴികളോട് തുറവുള്ളവനായിരിക്കാൻ എന്നെ സഹായിക്കണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

യു.എസ്. തിരഞ്ഞെടുപ്പുകൾക്കായുള്ള പ്രാർഥനകൾ & സഹായവിഭവങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ അന്തോണി മേരി ക്ലാരറ്റ്, മെത്രാൻ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

ചിത്രം: ജെയിംസ് ടിസോയുടെ മുന്തിരിത്തോട്ടക്കാരനും അത്തിവൃക്ഷവും