മലയാളം

ഏറ്റവും വലിയ കൽപന

2020 ഒക്ടോബർ 25
ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ, വർഷം A
ഇന്നത്തെ വായനകൾ

“ഗുരോ, നിയമത്തിലെ ഏറ്റവും വലിയ കൽപന ഏതാണ്?”  മത്തായി 22:36

യേശുവിനെ പരീക്ഷിക്കാനുള്ള ശ്രമത്തിൽ നിയമപണ്ഡിതന്മാരിൽ ഒരാളാണ് ഈ ചോദ്യം ഉന്നയിച്ചത്. യേശുവും അവിടുത്തെ കാലത്തെ മതനേതാക്കളും തമ്മിലുള്ള ബന്ധത്തിൽ തർക്കങ്ങൾ ഉടലെടുത്തുതുടങ്ങിയിരുന്നുവെന്ന് ഈ ഭാഗത്തിന്റെ പശ്ചാത്തലത്തിൽനിന്ന് വ്യക്തമാണ്. അവർ അവിടുത്തെ പരീക്ഷിക്കാനും കെണിയിൽപ്പെടുത്താൻപോലും ശ്രമിച്ചുതുടങ്ങിയിരുന്നു. എന്നിരുന്നാലും, ജ്ഞാനപൂർണമായ വാക്കുകളാൽ യേശു അവരെ നിശ്ശബ്ദരാക്കിക്കൊണ്ടിരുന്നു.

മുകളിലെ ചോദ്യത്തിന് തികവുറ്റ ഉത്തരം നൽകിക്കൊണ്ട് യേശു ഈ നിയമപണ്ഡിതനെ നിശ്ശബ്ദനാക്കുന്നു. അവിടുന്ന് പറയുന്നു: “നിന്റെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടുംകൂടെ സ്നേഹിക്കണം. ഇതാണ് ഏറ്റവും വലുതും ഒന്നാമത്തേതുമായ കൽപന. രണ്ടാമത്തേതും ഇതിനു തുല്യമാണ്: നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം” (മത്തായി 22:37-39).

ഈ പ്രസ്താവനയിലൂടെ, പത്തു കൽപനകളിൽ അടങ്ങിയിരിക്കുന്ന ധാർമികനിയമത്തിന്റെ സമ്പൂർണ സംഗ്രഹം യേശു നൽകുന്നു. എല്ലാറ്റിനുമുപരിയായി, നമ്മുടെ സർവശക്തിയോടുംകൂടെ ദൈവത്തെ സ്നേഹിക്കണമെന്ന് ആദ്യത്തെ മൂന്നു കൽപനകൾ വെളിപ്പെടുത്തുന്നു. നമ്മുടെ അയൽക്കാരനെ സ്നേഹിക്കണമെന്ന് അവസാനത്തെ ആറു കൽപനകൾ വെളിപ്പെടുത്തുന്നു. കൂടുതൽ വിശാലമായ ഈ രണ്ടു കൽപനകൾ നിറവേറ്റുക എന്നതുപോലെ ലളിതമാണ് ദൈവത്തിന്റെ ധാർമികനിയമം.

എന്നാൽ ഇതെല്ലാം അത്ര ലളിതമാണോ? “അതെ” എന്നും “അല്ല” എന്നും ഉത്തരം പറയാം. ദൈവഹിതം സാധാരണയായി സങ്കീർണവും മനസ്സിലാക്കാൻ പ്രയാസമുള്ളതുമല്ല എന്ന അർഥത്തിൽ അത് ലളിതമാണ്. സുവിശേഷങ്ങളിൽ സ്നേഹം വ്യക്തമായി വിശദീകരിക്കപ്പെട്ടിരിക്കുന്നു. യഥാർഥ സ്നേഹവും പരസ്നേഹവും അടിത്തറയാക്കിയ സമൂലമായ ഒരു ജീവിതം സ്വീകരിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.

എന്നിരുന്നാലും, ഇത് പ്രയാസമുള്ളതാണെന്നും കരുതാം. കാരണം, സ്നേഹിക്കാൻ മാത്രമല്ല നാം വിളിക്കപ്പെട്ടിരിക്കുന്നത്; നമ്മുടെ അസ്തിത്വം മുഴുവനും ഉൾക്കൊണ്ട് സ്നേഹിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. പൂർണമായും ഒന്നും മാറ്റിവയ്ക്കാതെയും നാം നമ്മെത്തന്നെ നൽകണം. ഇത് സമൂലമായ ഒരു സമർപ്പണമാണ്; ഒന്നും പിടിച്ചുവയ്ക്കാതിരിക്കാൻ ഇത് നമ്മോട് ആവശ്യപ്പെടുന്നു.

ഇന്ന്, ദൈവത്തെയും നിങ്ങളുടെ അയൽക്കാരനെയും സ്നേഹിക്കാൻ നിങ്ങളുടെ അസ്തിത്വം മുഴുവനും സമർപ്പിക്കണമെന്ന ലളിതമായ ആഹ്വാനത്തെക്കുറിച്ച് ചിന്തിക്കുക. പ്രത്യേകിച്ച്, “മുഴുവനും” എന്ന വാക്കിനെക്കുറിച്ച് ചിന്തിക്കുക. അങ്ങനെ ചെയ്യുമ്പോൾ, എല്ലാം നൽകുന്നതിൽ നിങ്ങൾ വീഴ്ച വരുത്തുന്ന വഴികൾ തീർച്ചയായും നിങ്ങൾക്ക് ബോധ്യമാകും. നിങ്ങളുടെ വീഴ്ച തിരിച്ചറിയുമ്പോൾ, ദൈവത്തിനും മറ്റുള്ളവർക്കും നിങ്ങളെത്തന്നെ പൂർണമായ ദാനമായി നൽകുന്ന മഹനീയമായ പാതയിലേക്ക് പ്രത്യാശയോടെ വീണ്ടും സ്വയം സമർപ്പിക്കുക.

കർത്താവേ, എന്റെ പൂർണഹൃദയത്തോടും മനസ്സോടും ആത്മാവോടും ശക്തിയോടുംകൂടെ അങ്ങയെ സ്നേഹിക്കാൻ ഞാൻ തീരുമാനിക്കുന്നു. അങ്ങ് എല്ലാവരെയും സ്നേഹിക്കുന്നതുപോലെ അവരെ സ്നേഹിക്കാനും ഞാൻ തീരുമാനിക്കുന്നു. സ്നേഹത്തിന്റെ ഈ രണ്ടു കൽപനകൾ അനുസരിച്ചു ജീവിക്കാനും അവയെ ജീവിതവിശുദ്ധിയിലേക്കുള്ള പാതയായി കാണാനും എനിക്ക് കൃപ നൽകണമേ. പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ കൂടുതൽ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

യു.എസ്. തിരഞ്ഞെടുപ്പുകൾക്കായുള്ള പ്രാർഥനകൾ & സഹായവിഭവങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

ചിത്രം: ഫരിസേയരുടെ മധ്യത്തിൽ ക്രിസ്തു — ജേക്കബ് ജോർദാൻസ് രചിച്ചത്