2020 ഒക്ടോബർ 28, ബുധനാഴ്ച
അപ്പസ്തോലന്മാരായ വിശുദ്ധ ശിമയോന്റെയും വിശുദ്ധ യൂദായുടെയും തിരുനാൾ

യേശു പ്രാർത്ഥിക്കാനായി മലയിലേക്കു പോയി; അവിടുന്ന് ദൈവത്തോടുള്ള പ്രാർത്ഥനയിൽ രാത്രി ചെലവഴിച്ചു. ലൂക്കാ 6:12
യേശു രാത്രി മുഴുവൻ പ്രാർത്ഥിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് ഏറെ വിസ്മയകരമാണ്. അവിടുത്തെ ഈ പ്രവൃത്തി അപ്പസ്തോലന്മാരെ പലതും പഠിപ്പിച്ചതുപോലെ നമ്മെയും പലതും പഠിപ്പിക്കുന്നു. അവിടുത്തെ ഈ പ്രവൃത്തിയിൽനിന്ന് നമുക്കു പഠിക്കാവുന്ന ചില കാര്യങ്ങൾ ഇതാ.
ഒന്നാമതായി, യേശുവിന് പ്രാർത്ഥിക്കേണ്ട “ആവശ്യം” ഉണ്ടായിരുന്നില്ല എന്നു തോന്നിയേക്കാം. അവിടുന്ന് ദൈവമാണല്ലോ. അപ്പോൾ അവിടുത്തേക്ക് പ്രാർത്ഥിക്കേണ്ട ആവശ്യമുണ്ടായിരുന്നോ? വാസ്തവത്തിൽ, ചോദിക്കേണ്ട ശരിയായ ചോദ്യം ഇതല്ല. അവിടുത്തേക്ക് പ്രാർത്ഥിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നതല്ല ഇവിടെ വിഷയം. മറിച്ച്, അവിടുന്ന് പ്രാർത്ഥിച്ചു എന്നതാണ്; കാരണം, അവിടുന്ന് ആരാണെന്നതിന്റെ അന്തഃസത്തയുമായി അവിടുത്തെ പ്രാർത്ഥന ബന്ധപ്പെട്ടിരിക്കുന്നു.
പ്രാർത്ഥന സർവോപരി ദൈവവുമായുള്ള ആഴമായ സംസർഗത്തിന്റെ പ്രവൃത്തിയാണ്. യേശുവിനെ സംബന്ധിച്ചിടത്തോളം, അത് സ്വർഗസ്ഥനായ പിതാവുമായും പരിശുദ്ധാത്മാവുമായുമുള്ള ആഴമായ സംസർഗത്തിന്റെ പ്രവൃത്തിയാണ്. യേശു പിതാവുമായും പരിശുദ്ധാത്മാവുമായും നിരന്തരം പൂർണ്ണമായ സംസർഗത്തിൽ (ഐക്യത്തിൽ) ആയിരുന്നു. അതിനാൽ, അവിടുത്തെ പ്രാർത്ഥന ഈ സംസർഗത്തിന്റെ ഭൗമികമായ പ്രകടനം മാത്രമായിരുന്നു. പിതാവിനോടും പരിശുദ്ധാത്മാവിനോടുമുള്ള തന്റെ സ്നേഹം അവിടുന്ന് പ്രാർത്ഥനയിലൂടെ ജീവിച്ചു പ്രകടിപ്പിക്കുകയായിരുന്നു. അതിനാൽ, അവരോടു ചേർന്നുനിൽക്കാൻ അവിടുത്തേക്ക് പ്രാർത്ഥിക്കേണ്ടിയിരുന്നു എന്നതല്ല പ്രധാന കാര്യം. മറിച്ച്, അവരുമായി പൂർണ്ണമായ ഐക്യത്തിലായിരുന്നതിനാലാണ് അവിടുന്ന് പ്രാർത്ഥിച്ചത്. ഈ പൂർണ്ണമായ സംസർഗം പ്രാർത്ഥനയിലൂടെയുള്ള ഒരു ഭൗമിക പ്രകടനം ആവശ്യപ്പെട്ടു. ഈ സന്ദർഭത്തിൽ, അത് രാത്രി മുഴുവൻ നീണ്ടുനിന്ന പ്രാർത്ഥനയായിരുന്നു.
രണ്ടാമതായി, പ്രാർത്ഥന രാത്രി മുഴുവൻ നീണ്ടുനിന്നു എന്ന വസ്തുത, പിതാവിന്റെ സന്നിധിയിൽ ആയിരിക്കുക എന്നതല്ലാതെ മറ്റൊന്നുമായിരുന്നില്ല യേശുവിന്റെ “വിശ്രമം” എന്നു വെളിപ്പെടുത്തുന്നു. വിശ്രമം നമുക്കു ശക്തി വീണ്ടുനൽകുകയും നമ്മെ നവോന്മേഷമുള്ളവരാക്കുകയും ചെയ്യുന്നതുപോലെ, യേശുവിന്റെ രാത്രി മുഴുവനുമുള്ള പ്രാർത്ഥനാജാഗരണം, മനുഷ്യനെന്ന നിലയിൽ അവിടുത്തെ വിശ്രമം പിതാവിന്റെ സന്നിധിയിൽ വിശ്രമിക്കുന്നതായിരുന്നു എന്നു വെളിപ്പെടുത്തുന്നു.
മൂന്നാമതായി, നമ്മുടെ സ്വന്തം ജീവിതത്തിനായി ഇതിൽനിന്നു നാം പഠിക്കേണ്ടത്, പ്രാർത്ഥനയുടെ പ്രാധാന്യം ഒരിക്കലും കുറച്ചുകാണരുത് എന്നതാണ്. പലപ്പോഴും പ്രാർത്ഥനാഭാവമുള്ള ഏതാനും ചിന്തകൾ ദൈവത്തോടു പറഞ്ഞിട്ട് നാം അതിൽ ഒതുങ്ങുന്നു. എന്നാൽ രാത്രി മുഴുവൻ പ്രാർത്ഥനയിൽ ചെലവഴിക്കാൻ യേശു തിരഞ്ഞെടുത്തെങ്കിൽ, നമ്മുടെ ശാന്തമായ പ്രാർത്ഥനാസമയത്തിൽ നാമിപ്പോൾ ദൈവത്തിനു നൽകുന്നതിനെക്കാൾ ഏറെ അവിടുന്ന് ആഗ്രഹിക്കുന്നുവെങ്കിൽ നാം അതിശയിക്കേണ്ടതില്ല. ഓരോ ദിവസവും പ്രാർത്ഥനയിൽ കൂടുതൽ സമയം ചെലവഴിക്കാൻ ദൈവം നിങ്ങളെ വിളിക്കുന്നുവെങ്കിൽ അതിശയിക്കരുത്. പ്രാർത്ഥനയ്ക്ക് ഒരു നിശ്ചിത ക്രമം രൂപപ്പെടുത്താൻ മടിക്കരുത്. ഏതെങ്കിലും രാത്രിയിൽ ഉറക്കം വരുന്നില്ലെങ്കിൽ, എഴുന്നേറ്റ് മുട്ടുകുത്തി, നിങ്ങളുടെ ആത്മാവിൽ വസിക്കുന്ന ദൈവത്തിന്റെ സാന്നിധ്യം തേടാൻ മടിക്കരുത്. അവിടുത്തെ അന്വേഷിക്കുക, അവിടുത്തെ ശ്രവിക്കുക, അവിടുത്തോടൊപ്പമായിരിക്കുക; പ്രാർത്ഥനയിൽ അവിടുന്ന് നിങ്ങളെ പൂർണ്ണമായി ആവേശിക്കാൻ അനുവദിക്കുക. യേശു നമുക്കു പൂർണ്ണമായ മാതൃക നൽകി. ആ മാതൃക പിന്തുടരുക എന്നത് ഇപ്പോൾ നമ്മുടെ ഉത്തരവാദിത്വമാണ്.
അപ്പസ്തോലന്മാരായ ശിമയോനെയും യൂദായെയും നാം ആദരിക്കുമ്പോൾ, ക്രിസ്തുവിനെ അനുഗമിക്കാനും ലോകത്തിൽ അവിടുത്തെ അപ്പസ്തോലനായി പ്രവർത്തിക്കാനുമുള്ള നിങ്ങളുടെ സ്വന്തം വിളിയെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. പ്രാർത്ഥനാജീവിതത്തിലൂടെ മാത്രമേ നിങ്ങൾക്ക് ഈ ദൗത്യം നിറവേറ്റാൻ കഴിയൂ. നിങ്ങളുടെ പ്രാർത്ഥനാജീവിതത്തെക്കുറിച്ച് വിചിന്തനം ചെയ്യുക. നമ്മുടെ കർത്താവിന്റെ പൂർണ്ണമായ പ്രാർത്ഥനാമാതൃകയുടെ ആഴവും തീക്ഷ്ണതയും അനുകരിക്കാനുള്ള നിങ്ങളുടെ ദൃഢനിശ്ചയം കൂടുതൽ ആഴപ്പെടുത്താൻ മടിക്കരുത്.
കർത്താവായ യേശുവേ, പ്രാർത്ഥിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ പ്രാർത്ഥനാമാതൃക പിന്തുടരാനും ആഴത്തോടെയും നിരന്തരമായും പിതാവിന്റെ സാന്നിധ്യം തേടാനും എന്നെ സഹായിക്കണമേ. അങ്ങയുമായി ആഴമായ സംസർഗത്തിലേക്കു പ്രവേശിക്കാനും പരിശുദ്ധാത്മാവിനാൽ പൂർണ്ണമായി ആവേശിക്കപ്പെടാനും എന്നെ സഹായിക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
യു.എസ്. തിരഞ്ഞെടുപ്പുകൾക്കായുള്ള പ്രാർഥനകൾ & സഹായവിഭവങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
ഇന്നത്തെ വിശുദ്ധർ – അപ്പസ്തോലന്മാരായ വിശുദ്ധ ശിമയോനും വിശുദ്ധ യൂദായും
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ




