ഫെബ്രുവരി 12, 2021
ആണ്ടുവട്ടത്തിലെ അഞ്ചാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

അവർ അത്യധികം വിസ്മയിച്ചു പറഞ്ഞു: “അവൻ എല്ലാം നന്നായി ചെയ്തിരിക്കുന്നു. ബധിരരെ കേൾക്കാനും മൂകരെ സംസാരിക്കാനും അവൻ പ്രാപ്തരാക്കുന്നു.” മർക്കോസ് 7:37
ബധിരനും സംസാരവൈകല്യമുള്ളവനുമായ ഒരാളെ യേശു സുഖപ്പെടുത്തിയ സംഭവത്തിന്റെ സമാപനമാണ് ഈ വാക്യം. ആ മനുഷ്യനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. യേശു അവനെ തനിച്ച് മാറ്റിനിർത്തി, “എഫ്ഫാത്താ!” (അതായത്, “തുറക്കപ്പെടുക!”) എന്ന് വിളിച്ചുപറഞ്ഞു. അവൻ സുഖം പ്രാപിച്ചു. ഇത് ആ മനുഷ്യനു ലഭിച്ച അത്ഭുതകരമായ ഒരു ദാനവും അവനോടു കാണിച്ച വലിയ കാരുണ്യപ്രവൃത്തിയുമായിരുന്നു. അതോടൊപ്പം, മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കാൻ നമ്മെ ഉപയോഗിക്കുവാൻ ദൈവം ആഗ്രഹിക്കുന്നുവെന്നും ഇത് വെളിപ്പെടുത്തുന്നു.
സ്വാഭാവിക കഴിവുകൾകൊണ്ടു മാത്രം, ദൈവം സംസാരിക്കുമ്പോൾ അവിടുത്തെ സ്വരം കേൾക്കാൻ നമ്മിൽ ആർക്കും സാധിക്കുകയില്ല. അതിന് നമുക്ക് കൃപയുടെ ദാനം ആവശ്യമാണ്. അതിനാൽ, സ്വാഭാവിക കഴിവുകൾകൊണ്ടു മാത്രം, നാം പറയണമെന്ന് ദൈവം ആഗ്രഹിക്കുന്ന അനേകം സത്യങ്ങൾ പറയാനും നമുക്കു കഴിയുകയില്ല. തന്റെ മൃദുസ്വരം കേൾക്കാൻ നമ്മുടെ കാതുകളെ സുഖപ്പെടുത്താനും തന്റെ വക്താക്കളാകാൻ നമ്മുടെ നാവിന്റെ കെട്ടഴിച്ചുതരാനും ദൈവം ആഗ്രഹിക്കുന്നുവെന്ന് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.
എന്നാൽ ഈ സംഭവം ദൈവം നമ്മിൽ ഓരോരുത്തരോടും സംസാരിക്കുന്നതിനെക്കുറിച്ചു മാത്രമല്ല; ക്രിസ്തുവിനെ അറിയാത്തവരെ അവിടുത്തെ അടുക്കലേക്കു കൊണ്ടുവരാനുള്ള നമ്മുടെ കടമയും ഇതു വെളിപ്പെടുത്തുന്നു. ഈ മനുഷ്യന്റെ സുഹൃത്തുക്കൾ അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. യേശു അവനെ തനിച്ച് മാറ്റിനിർത്തി. നമ്മുടെ കർത്താവിന്റെ സ്വരം തിരിച്ചറിയാൻ മറ്റുള്ളവരെ നാം എങ്ങനെ സഹായിക്കണം എന്നതിനെക്കുറിച്ച് ഇത് ഉൾക്കാഴ്ച നൽകുന്നു. പലപ്പോഴും മറ്റൊരാളുമായി സുവിശേഷം പങ്കുവയ്ക്കാൻ ആഗ്രഹിക്കുമ്പോൾ, നാം അവരോടു സംസാരിക്കുകയും യുക്തിപൂർവമായ വാദങ്ങളിലൂടെ അവരുടെ ജീവിതം ക്രിസ്തുവിലേക്കു തിരിക്കേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ചിലപ്പോഴൊക്കെ ഇത് നല്ല ഫലം പുറപ്പെടുവിക്കുമെങ്കിലും, യേശുവിന് അവരെ സുഖപ്പെടുത്താൻ കഴിയേണ്ടതിന് കുറച്ചുനേരം നമ്മുടെ കർത്താവിനോടൊപ്പം തനിച്ചായിരിക്കാൻ അവരെ സഹായിക്കുക എന്നതായിരിക്കണം നമ്മുടെ യഥാർഥ ലക്ഷ്യം.
നമ്മുടെ കർത്താവ് നിങ്ങളുടെ കാതുകൾ യഥാർഥത്തിൽ തുറന്നിട്ടുണ്ടെങ്കിൽ, നിങ്ങളുടെ നാവിന്റെ കെട്ടും അഴിയും. നിങ്ങളുടെ നാവിന്റെ കെട്ടഴിഞ്ഞാൽ മാത്രമേ നിങ്ങളിലൂടെ മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കാൻ ദൈവത്തിനു കഴിയുകയുള്ളൂ. അല്ലാത്തപക്ഷം നിങ്ങളുടെ സുവിശേഷവത്കരണപ്രവൃത്തി നിങ്ങളുടെ സ്വന്തം പരിശ്രമത്തെ മാത്രം ആശ്രയിച്ചായിരിക്കും നിലകൊള്ളുക. അതിനാൽ, ദൈവത്തിന്റെ സ്വരം കേൾക്കുകയും അവിടുത്തെ വിശുദ്ധഹിതം അനുസരിക്കുകയും ചെയ്യുന്നതായി തോന്നാത്തവർ നിങ്ങളുടെ ജീവിതത്തിലുണ്ടെങ്കിൽ, ആദ്യമായും പ്രധാനമായും നിങ്ങൾതന്നെ നമ്മുടെ കർത്താവിനെ ശ്രവിക്കാൻ പ്രതിജ്ഞാബദ്ധരാകുക. നിങ്ങളുടെ കാതുകൾ അവിടുത്തെ ശ്രവിക്കട്ടെ. നിങ്ങൾ അവിടുത്തെ ശ്രവിക്കുമ്പോൾ, മറ്റുള്ളവരിലേക്ക് എത്താൻ അവിടുന്ന് ആഗ്രഹിക്കുന്ന വിധത്തിൽ നിങ്ങളിലൂടെ സംസാരിക്കുന്നത് അവിടുത്തെ സ്വരം തന്നെയായിരിക്കും.
ഇന്ന് ഈ സുവിശേഷരംഗത്തെക്കുറിച്ച് ധ്യാനിക്കുക. പ്രത്യേകിച്ച്, ഈ മനുഷ്യനെ യേശുവിന്റെ അടുക്കൽ കൊണ്ടുവരാൻ പ്രചോദിതരായ അവന്റെ സുഹൃത്തുക്കളെക്കുറിച്ച് ചിന്തിക്കുക. അതുപോലെ നിങ്ങളെയും ഉപയോഗിക്കണമേ എന്ന് നമ്മുടെ കർത്താവിനോട് അപേക്ഷിക്കുക. നിങ്ങളുടെ മധ്യസ്ഥതയിലൂടെ തന്നിലേക്ക് വിളിക്കാൻ ദൈവം ആഗ്രഹിക്കുന്ന, നിങ്ങളുടെ ജീവിതത്തിലുള്ള വ്യക്തികളെക്കുറിച്ച് പ്രാർഥനാപൂർവം ചിന്തിക്കുക. അവിടുന്ന് തിരഞ്ഞെടുക്കുന്ന വിധത്തിൽ അവിടുത്തെ സ്വരം നിങ്ങളിലൂടെ സംസാരിക്കേണ്ടതിന്, നമ്മുടെ കർത്താവിന്റെ സേവനത്തിനായി നിങ്ങളെത്തന്നെ സമർപ്പിക്കുക.
എന്റെ നല്ല ഈശോയേ, അങ്ങ് എന്നോടു പറയാൻ ആഗ്രഹിക്കുന്നതെല്ലാം കേൾക്കാൻ എന്റെ കാതുകൾ തുറക്കണമേ. അങ്ങയുടെ വിശുദ്ധ വചനം മറ്റുള്ളവരോടു സംസാരിക്കുന്ന ഒരു വക്താവായി ഞാൻ മാറേണ്ടതിന് എന്റെ നാവിന്റെ കെട്ടഴിച്ചുതരണമേ. അങ്ങയുടെ മഹത്ത്വത്തിനായി ഞാൻ എന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുന്നു. അങ്ങയുടെ വിശുദ്ധഹിതത്തിന് അനുസൃതമായി എന്നെ ഉപയോഗിക്കണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ പൂർണമായി ശരണപ്പെടുന്നു.
ഇനി നിങ്ങൾക്ക് Gab, MeWe എന്നിവയിലും ഞങ്ങളെ പിന്തുടരാം
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: ബധിരനും മൂകനുമായ മനുഷ്യനെ സുഖപ്പെടുത്തുന്നു




