ഫെബ്രുവരി 18, 2021
വിഭൂതി ബുധനുശേഷമുള്ള വ്യാഴാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ പതിപ്പ്
യേശു ശിഷ്യന്മാരോടു പറഞ്ഞു: “മനുഷ്യപുത്രൻ വളരെയധികം സഹിക്കുകയും ജനപ്രമാണികൾ, പ്രധാനപുരോഹിതന്മാർ, നിയമജ്ഞർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാം ദിവസം ഉയിർപ്പിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.” ലൂക്കാ 9:22
താൻ വളരെയധികം സഹിക്കുമെന്നും തിരസ്കരിക്കപ്പെടുമെന്നും വധിക്കപ്പെടുമെന്നും യേശുവിന് അറിയാമായിരുന്നു. നിങ്ങളുടെ സ്വന്തം ഭാവിയെക്കുറിച്ച് എങ്ങനെയെങ്കിലും ഇങ്ങനെ അറിഞ്ഞിരുന്നെങ്കിൽ, ആ അറിവിനെ നിങ്ങൾ എങ്ങനെ നേരിടുമായിരുന്നു? മിക്കവരും ഭയത്താൽ നിറയുകയും അത് ഒഴിവാക്കാനുള്ള ശ്രമത്തിൽ മുഴുകിപ്പോവുകയും ചെയ്യുമായിരുന്നു. എന്നാൽ നമ്മുടെ കർത്താവ് അങ്ങനെയായിരുന്നില്ല. അചഞ്ചലമായ ആത്മവിശ്വാസത്തോടും ധൈര്യത്തോടുംകൂടെ തന്റെ കുരിശിനെ ആശ്ലേഷിക്കാൻ അവിടുന്ന് എത്രമാത്രം ദൃഢനിശ്ചയമുള്ളവനായിരുന്നുവെന്ന് മുകളിലെ വചനഭാഗം വ്യക്തമാക്കുന്നു.
തനിക്കു സംഭവിക്കാനിരിക്കുന്നതിനെക്കുറിച്ച് യേശു ശിഷ്യന്മാരെ അറിയിക്കാൻ തുടങ്ങിയ പല സന്ദർഭങ്ങളിൽ ഒന്നുമാത്രമാണിത്. അവിടുന്ന് ഇങ്ങനെ സംസാരിച്ചപ്പോഴെല്ലാം ശിഷ്യന്മാർ മിക്കവാറും നിശ്ശബ്ദരായിരിക്കുകയോ അത് അംഗീകരിക്കാൻ വിസമ്മതിക്കുകയോ ചെയ്തു. ഉദാഹരണത്തിന്, തന്റെ പീഡാനുഭവത്തെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനത്തോട് വിശുദ്ധ പത്രോസ് ഇങ്ങനെ പ്രതികരിച്ചത് ഓർക്കുക: “കർത്താവേ, ദൈവം അത് അനുവദിക്കാതിരിക്കട്ടെ! അങ്ങേക്ക് അങ്ങനെയൊന്നും ഒരിക്കലും സംഭവിക്കരുത്” (മത്തായി 16:22).
മുകളിലെ വചനഭാഗം വായിക്കുമ്പോൾ, നമ്മുടെ കർത്താവ് ഇത്ര വ്യക്തമായും ഉറപ്പോടെയും സംസാരിക്കുന്നു എന്നതിൽനിന്ന് അവിടുത്തെ ശക്തിയും ധൈര്യവും ദൃഢനിശ്ചയവും തെളിഞ്ഞുകാണാം. ഇത്ര ബോധ്യത്തോടും ധൈര്യത്തോടുംകൂടെ സംസാരിക്കാൻ യേശുവിനെ പ്രേരിപ്പിക്കുന്നത് അവിടുത്തെ സ്നേഹമാണ്.
പലപ്പോഴും “സ്നേഹം” എന്നത് ശക്തവും സുഖകരവുമായ ഒരു വികാരമായാണ് മനസ്സിലാക്കപ്പെടുന്നത്. എന്തിനോടെങ്കിലുമുള്ള ആകർഷണമായോ അതിനോടുള്ള തീവ്രമായ ഇഷ്ടമായോ അത് കരുതപ്പെടുന്നു. എന്നാൽ അത് സ്നേഹത്തിന്റെ ഏറ്റവും യഥാർഥമായ രൂപമല്ല. എന്തു വില കൊടുക്കേണ്ടിവന്നാലും എത്ര പ്രയാസമായാലും മറ്റൊരാൾക്ക് ഏറ്റവും നല്ലത് ചെയ്യാനുള്ള തിരഞ്ഞെടുപ്പാണ് യഥാർഥ സ്നേഹം. സ്വാർഥമായ സംതൃപ്തി തേടുന്ന ഒരു വികാരമല്ല യഥാർഥ സ്നേഹം. സ്നേഹിക്കപ്പെടുന്ന വ്യക്തിയുടെ നന്മ മാത്രം തേടുന്ന അചഞ്ചലമായ ശക്തിയാണ് യഥാർഥ സ്നേഹം.
മനുഷ്യരാശിയോടുള്ള യേശുവിന്റെ സ്നേഹം അത്ര ശക്തമായിരുന്നതിനാൽ, ആ സ്നേഹം വലിയ കരുത്തോടെ അവിടുത്തെ ആസന്നമായ മരണത്തിലേക്കു നയിച്ചു. നമുക്കെല്ലാവർക്കും വേണ്ടി തന്റെ ജീവൻ ബലിയർപ്പിക്കാൻ അവിടുന്ന് അചഞ്ചലമായി തീരുമാനിച്ചിരുന്നു; ആ ദൗത്യത്തിൽനിന്ന് അവിടുത്തെ പിന്തിരിപ്പിക്കാൻ ഒന്നിനും ഒരിക്കലും കഴിയുമായിരുന്നില്ല.
നമ്മുടെ ജീവിതത്തിൽ യഥാർഥ സ്നേഹം എന്താണെന്ന ബോധ്യം നഷ്ടപ്പെടാൻ എളുപ്പമാണ്. നമ്മുടെതന്നെ സ്വാർഥമോഹങ്ങളിൽ നാം എളുപ്പം അകപ്പെട്ടുപോകുകയും ഈ മോഹങ്ങളാണ് സ്നേഹമെന്നു കരുതുകയും ചെയ്തേക്കാം. എന്നാൽ അവ സ്നേഹമല്ല.
വളരെയധികം സഹിച്ചും തിരസ്കരണം ഏറ്റുവാങ്ങിയും കുരിശിൽ മരിച്ചും നമുക്കെല്ലാവർക്കും വേണ്ടി ത്യാഗപൂർവം സ്നേഹിക്കാൻ നമ്മുടെ കർത്താവ് കൈക്കൊണ്ട അചഞ്ചലമായ തീരുമാനത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ഈ സ്നേഹത്തിൽനിന്ന് അവിടുത്തെ പിന്തിരിപ്പിക്കാൻ ഒന്നിനും ഒരിക്കലും കഴിയുമായിരുന്നില്ല. അതേ ത്യാഗപൂർണമായ സ്നേഹം നാമും പ്രകടിപ്പിക്കണം.
എന്റെ സ്നേഹനാഥാ, നമുക്കെല്ലാവർക്കും വേണ്ടി അങ്ങയെത്തന്നെ ബലിയർപ്പിക്കാനുള്ള അങ്ങയുടെ അചഞ്ചലമായ സമർപ്പണത്തിന് ഞാൻ നന്ദി പറയുന്നു. യഥാർഥ സ്നേഹത്തിന്റെ അളന്നറിയാനാവാത്ത ഈ ആഴത്തിന് ഞാൻ അങ്ങയോടു നന്ദി പറയുന്നു. പ്രിയ കർത്താവേ, അങ്ങയുടെ ഏറ്റവും പരിപൂർണമായ ത്യാഗസ്നേഹത്തെ അനുകരിക്കാനും അതിൽ പങ്കുചേരാനും കഴിയേണ്ടതിന്, സ്വാർഥസ്നേഹത്തിന്റെ എല്ലാ രൂപങ്ങളിൽനിന്നും പിന്തിരിയാൻ എനിക്കാവശ്യമായ കൃപ നൽകണമേ. പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. പൂർണഹൃദയത്തോടെ അങ്ങയെയും മറ്റുള്ളവരെയും സ്നേഹിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ: വിചിന്തനം ഒന്ന് – ഒരമ്മയുടെ സ്നേഹം
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ
മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: പരിഹസിക്കപ്പെടുന്ന ക്രിസ്തു — രചന: പിയെത്രോ ദെല്ല വെക്കിയ





