ഫെബ്രുവരി 21, 2021
തപസ്സുകാലത്തിലെ ഒന്നാം ഞായർ (വർഷം B)
ഇന്നത്തെ വായനകൾ

വീഡിയോ പതിപ്പ്
ആത്മാവ് യേശുവിനെ മരുഭൂമിയിലേക്കു നയിച്ചു. സാത്താനാൽ പരീക്ഷിക്കപ്പെട്ട് അവിടുന്ന് നാല്പതു ദിവസം മരുഭൂമിയിൽ കഴിഞ്ഞു. അവിടുന്ന് വന്യമൃഗങ്ങളോടുകൂടെയായിരുന്നു; മാലാഖമാർ അവിടുത്തെ ശുശ്രൂഷിച്ചു. മർക്കോസ് 1:12–13
മരുഭൂമിയിൽ യേശു നേരിട്ട പ്രലോഭനങ്ങളുടെ സംക്ഷിപ്തവിവരണമാണ് മർക്കോസിൽനിന്നുള്ള ഇന്നത്തെ സുവിശേഷം നമുക്കു നൽകുന്നത്. സാത്താനിൽനിന്ന് യേശു നേരിട്ട മൂന്നു പ്രലോഭനങ്ങൾ ഉൾപ്പെടെ കൂടുതൽ വിശദാംശങ്ങൾ മത്തായിയും ലൂക്കായും നൽകുന്നുണ്ട്. എന്നാൽ, യേശു നാല്പതു ദിവസത്തേക്കു മരുഭൂമിയിലേക്കു നയിക്കപ്പെടുകയും പ്രലോഭനങ്ങൾ നേരിടുകയും ചെയ്തു എന്ന വസ്തുത മാത്രമാണ് മർക്കോസ് പറയുന്നത്.
യേശുവിനെ മരുഭൂമിയിലേക്കു നയിച്ചത് “ആത്മാവ്” ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. സ്വന്തം ഇഷ്ടത്തിനു വിരുദ്ധമായല്ല യേശു അവിടേക്കു പോയത്; പിതാവിന്റെ തിരുഹിതത്തിന് അനുസൃതമായും പരിശുദ്ധാത്മാവിന്റെ മാർഗനിർദേശത്താലും അവിടുന്ന് സ്വമനസ്സാലെ പോയി. ഉപവാസത്തിന്റെയും പ്രാർഥനയുടെയും പ്രലോഭനത്തിന്റെയും ഈ കാലയളവിനായി ആത്മാവ് യേശുവിനെ മരുഭൂമിയിലേക്കു നയിച്ചത് എന്തുകൊണ്ടായിരിക്കും?
ഒന്നാമതായി, യോഹന്നാനിൽനിന്ന് യേശു മാമ്മോദീസ സ്വീകരിച്ചതിനു തൊട്ടുപിന്നാലെയാണ് ഈ പ്രലോഭനകാലം ഉണ്ടായത്. യേശുവിന് ആ മാമ്മോദീസ ആത്മീയമായി ആവശ്യമായിരുന്നില്ലെങ്കിലും, ഈ രണ്ടു സംഭവപരമ്പരകളും നമ്മെ ഏറെ പഠിപ്പിക്കുന്നു. ക്രിസ്തുവിനെ അനുഗമിക്കാനും നമ്മുടെ മാമ്മോദീസയ്ക്ക് അനുസൃതമായി ജീവിക്കാനും നാം തീരുമാനിക്കുമ്പോൾ, തിന്മയോടു പോരാടാൻ പുതിയൊരു ശക്തി നമുക്കു ലഭിക്കുന്നു എന്നതാണ് സത്യം. അതിനുള്ള കൃപ നമുക്കു ലഭ്യമാണ്. ക്രിസ്തുവിൽ ഒരു പുതിയ സൃഷ്ടിയായ നിങ്ങൾക്ക് ദുഷ്ടനെയും പാപത്തെയും പ്രലോഭനത്തെയും ജയിക്കാൻ ആവശ്യമായ എല്ലാ കൃപയുമുണ്ട്. അതിനാൽ, ഈ സത്യം നമ്മെ പഠിപ്പിക്കാൻ യേശു നമുക്കു മാതൃക നൽകി. അവിടുന്ന് മാമ്മോദീസ സ്വീകരിക്കുകയും തുടർന്ന് ദുഷ്ടനെ നേരിടാൻ മരുഭൂമിയിലേക്കു നയിക്കപ്പെടുകയും ചെയ്തു. അവനെയും അവന്റെ ദുഷ്ടമായ നുണകളെയും നമുക്കും ജയിക്കാനാകുമെന്ന് നമ്മോടു പറയാനായിരുന്നു അത്.
മരുഭൂമിയിൽ യേശു ഈ പ്രലോഭനങ്ങൾ സഹിച്ചുകൊണ്ടിരുന്നപ്പോൾ, “മാലാഖമാർ അവിടുത്തെ ശുശ്രൂഷിച്ചു.” നമ്മുടെ കാര്യത്തിലും ഇതു സത്യമാണ്. അനുദിന പ്രലോഭനങ്ങളുടെ നടുവിൽ നമ്മുടെ കർത്താവ് നമ്മെ തനിച്ചാക്കുന്നില്ല. മറിച്ച്, നമ്മെ ശുശ്രൂഷിക്കാനും ഈ നീചനായ ശത്രുവിനെ പരാജയപ്പെടുത്താൻ നമ്മെ സഹായിക്കാനും അവിടുന്ന് എപ്പോഴും തന്റെ മാലാഖമാരെ നമ്മുടെ അടുക്കലേക്ക് അയയ്ക്കുന്നു.
നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രലോഭനം ഏതാണ്? ഒരുപക്ഷേ, വീണ്ടും വീണ്ടും നിങ്ങൾ വീണുപോകുന്ന ഒരു പാപശീലത്തോടു നിങ്ങൾ മല്ലിടുന്നുണ്ടാകാം. ഒരുപക്ഷേ, അതു ജഡികമായ ഒരു പ്രലോഭനമോ, കോപം, സ്വയം നീതിമാനെന്ന ഭാവം, സത്യസന്ധതയില്ലായ്മ, അല്ലെങ്കിൽ മറ്റെന്തെങ്കിലും ഒന്നിനോടുള്ള പോരാട്ടമോ ആയിരിക്കാം. നിങ്ങളുടെ പ്രലോഭനം എന്തുതന്നെയായാലും, അതിനെ അതിജീവിക്കാൻ വേണ്ടതെല്ലാം നിങ്ങൾക്കുണ്ടെന്ന് അറിയുക. കാരണം, മാമ്മോദീസയിലൂടെ നിങ്ങൾക്കു നൽകപ്പെട്ട കൃപ സ്ഥൈര്യലേപനത്തിലൂടെ ശക്തിപ്പെടുകയും പരിശുദ്ധ കുർബാനയിലെ നിങ്ങളുടെ പങ്കാളിത്തത്തിലൂടെ നിരന്തരം പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്നു.
നിങ്ങളുടെ പ്രലോഭനങ്ങൾ എന്തുതന്നെയായാലും, ഇന്ന് അവയെക്കുറിച്ചു വിചിന്തനം ചെയ്യുക. നിങ്ങളോടൊപ്പവും നിങ്ങളിൽത്തന്നെയും ആ പ്രലോഭനങ്ങളെ നേരിടുന്ന ക്രിസ്തുവിനെ നോക്കിക്കാണുക. അചഞ്ചലമായ വിശ്വാസത്തോടെ അവിടുന്നിൽ ആശ്രയിച്ചാൽ മാത്രം മതി, അവിടുത്തെ ശക്തി നിങ്ങൾക്കു നൽകപ്പെടുമെന്ന് അറിയുക.
പ്രലോഭനങ്ങൾ നേരിട്ട എന്റെ കർത്താവേ, സാത്താനാൽത്തന്നെ പ്രലോഭിപ്പിക്കപ്പെടുന്നതിന്റെ അപമാനം സഹിക്കാൻ അങ്ങ് സ്വയം അനുവദിച്ചുവല്ലോ. അങ്ങയിലൂടെയും അങ്ങയുടെ ശക്തിയാലും ഞങ്ങളുടെ പ്രലോഭനങ്ങളെ അതിജീവിക്കാൻ ഞങ്ങൾക്കാകുമെന്ന് എനിക്കും അങ്ങയുടെ എല്ലാ മക്കൾക്കും കാണിച്ചുതരാനാണ് അങ്ങ് അങ്ങനെ ചെയ്തത്. പ്രിയ കർത്താവേ, എന്റെ പോരാട്ടങ്ങളുമായി ഓരോ ദിവസവും അങ്ങയിലേക്കു തിരിയാൻ എന്നെ സഹായിക്കണമേ; അങ്ങനെ അങ്ങ് എന്നിൽ വിജയം വരിക്കുമല്ലോ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ: നാലാം ധ്യാനം – ആത്മീയ സൗഹൃദം
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ പീറ്റർ ഡാമിയൻ, മെത്രാനും വേദപാരംഗതനും
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനാക്രമത്തിലെ അനുസ്മരണമായി ആഘോഷിക്കുന്നില്ല
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ





