മലയാളം

ക്ഷമയ്ക്കുമപ്പുറം

ഫെബ്രുവരി 26, 2021
നോമ്പുകാലത്തിലെ ഒന്നാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ രൂപം

“കോടതിയിലേക്കുള്ള വഴിയിൽവച്ചുതന്നെ നിന്റെ എതിരാളിയുമായി വേഗം ഒത്തുതീർപ്പിലെത്തുക. അല്ലെങ്കിൽ നിന്റെ എതിരാളി നിന്നെ ന്യായാധിപന് ഏല്പിച്ചുകൊടുക്കും; ന്യായാധിപൻ നിന്നെ കാവൽക്കാരന് ഏല്പിച്ചുകൊടുക്കുകയും നീ കാരാഗൃഹത്തിലടയ്ക്കപ്പെടുകയും ചെയ്യും. ആമേൻ, ഞാൻ നിന്നോടു പറയുന്നു, അവസാനത്തെ ചില്ലിക്കാശും കൊടുത്തുതീർക്കുന്നതുവരെ നീ മോചിതനാകുകയില്ല.” മത്തായി 5:26

ഒരു ക്രിമിനൽ കേസിനെയോ സിവിൽ കേസിനെയോ കുറിച്ചും നിയമനടപടികൾ എങ്ങനെ ഒഴിവാക്കാമെന്നതിനെക്കുറിച്ചുമുള്ള നിയമോപദേശമാണോ നമ്മുടെ കർത്താവ് ഇവിടെ നൽകിയത്? തീർച്ചയായും അല്ല. നീതിമാനായ ന്യായാധിപനെന്ന നിലയിൽ തന്നെത്തന്നെയാണ് അവിടുന്ന് ഇവിടെ നമുക്കു കാണിച്ചുതന്നത്. നമ്മുടെ “എതിരാളി”യായി കണക്കാക്കാവുന്ന ആരോടും, അങ്ങനെയുള്ള എല്ലാവരോടും, കരുണ കാണിക്കാനാണ് അവിടുന്ന് നമ്മെ ഉദ്ബോധിപ്പിച്ചത്.

മറ്റൊരാളോടു ക്ഷമിക്കുന്നത് അനിവാര്യമാണ്. ക്ഷമ ഒരിക്കലും നിഷേധിക്കാനാവില്ല. എന്നാൽ യഥാർഥത്തിൽ ക്ഷമ മാത്രം പോലും മതിയാകുന്നില്ല. അതിനുമപ്പുറത്തേക്കു പോകുന്ന അനുരഞ്ജനമായിരിക്കണം അന്തിമലക്ഷ്യം. മുകളിൽ ഉദ്ധരിച്ച സുവിശേഷഭാഗത്ത്, നമ്മുടെ എതിരാളികളുമായി “ഒത്തുതീർപ്പിലെത്താൻ” യേശു നമ്മെ ഉദ്ബോധിപ്പിക്കുന്നു; അതിൽ അനുരഞ്ജനം സൂചിതമാണ്. ബൈബിളിന്റെ RSV പരിഭാഷയിൽ അത് ഇപ്രകാരമാണ്: “നിന്നെ കുറ്റപ്പെടുത്തുന്നവനുമായി വേഗം സൗഹൃദത്തിലാകുക…” നിങ്ങളെ കുറ്റപ്പെടുത്തിയ ഒരാളുമായി “സൗഹൃദം” വളർത്താൻ പരിശ്രമിക്കുന്നത്, പ്രത്യേകിച്ച് ആ ആരോപണം വ്യാജമാണെങ്കിൽ, അയാളോടു ക്ഷമിക്കുന്നതിനെക്കാൾ ഏറെ മുന്നോട്ടുള്ള ഒരു ചുവടാണ്.

മറ്റൊരാളുമായി അനുരഞ്ജനത്തിലാവുകയും യഥാർഥ സൗഹൃദം പുനഃസ്ഥാപിക്കുകയും ചെയ്യുക എന്നതിനർഥം, നിങ്ങൾ ക്ഷമിക്കുക മാത്രമല്ല, ആ വ്യക്തിയുമായി സ്നേഹബന്ധം പുനഃസ്ഥാപിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ കഴിയുന്നതെല്ലാം ചെയ്യുകയും ചെയ്യുന്നു എന്നാണ്. നിങ്ങൾ ഇരുവരും മനസ്സിലെ ആവലാതി പിന്നിലാക്കി പുതുതായി തുടങ്ങുന്നു എന്നാണ് അതിനർഥം. തീർച്ചയായും, അതിന് ഇരുവരും സ്നേഹത്തിൽ സഹകരിക്കേണ്ടതുണ്ട്; എന്നാൽ നിങ്ങളുടെ ഭാഗത്തുനിന്ന്, ഈ അനുരഞ്ജനം സാധ്യമാക്കാൻ നിങ്ങൾ ആത്മാർഥമായി പരിശ്രമിക്കണം എന്നാണ് അതിനർഥം.

നിങ്ങളെ വേദനിപ്പിക്കുകയും അതിന്റെ ഫലമായി നിങ്ങളുമായുള്ള ബന്ധം തകരുകയും ചെയ്ത ഒരാളെക്കുറിച്ചു ചിന്തിക്കുക. ദൈവസന്നിധിയിൽ പ്രാർഥനാപൂർവം നിങ്ങൾ ആ വ്യക്തിയോടു ക്ഷമിച്ചിട്ടുണ്ടോ? ആ വ്യക്തിക്കുവേണ്ടി പ്രാർഥിക്കുകയും അയാളോടു ക്ഷമിക്കണമെന്നു ദൈവത്തോട് അപേക്ഷിക്കുകയും ചെയ്തിട്ടുണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കാനായി സ്നേഹത്തോടെ ആ വ്യക്തിയെ സമീപിക്കുന്ന അടുത്ത ചുവടുവയ്ക്കാൻ നിങ്ങൾ ഇപ്പോൾ തയ്യാറാണ്. ഇതിന് വലിയ എളിമ ആവശ്യമാണ്; പ്രത്യേകിച്ച്, നിങ്ങളുടെ വേദനയ്ക്കു കാരണക്കാരൻ മറ്റേ വ്യക്തിയായിരുന്നെങ്കിൽ, അതിലുപരി, നിങ്ങളോടു ക്ഷമ ചോദിച്ചുകൊണ്ട് അയാൾ ഖേദത്തിന്റെ വാക്കുകൾ പറഞ്ഞിട്ടില്ലെങ്കിൽ. അയാൾ അങ്ങനെ ചെയ്യുന്നതുവരെ കാത്തിരിക്കരുത്. നിങ്ങൾ അയാളെ സ്നേഹിക്കുന്നുവെന്നും ആ മുറിവ് ഉണക്കാൻ ആഗ്രഹിക്കുന്നുവെന്നും കാണിക്കാനുള്ള വഴികൾ അന്വേഷിക്കുക. അയാളുടെ പാപം അയാളുടെ മുമ്പിൽ എടുത്തുകാട്ടിക്കൊണ്ടിരിക്കുകയോ വിദ്വേഷം മനസ്സിൽ സൂക്ഷിക്കുകയോ ചെയ്യരുത്. സ്നേഹവും കരുണയും മാത്രം തേടുക.

ശക്തമായ വാക്കുകളോടെയാണ് യേശു ഈ ഉദ്ബോധനം അവസാനിപ്പിക്കുന്നത്. സാരാംശത്തിൽ, അനുരഞ്ജനത്തിലാവാനും നിങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കാനും കഴിയുന്നതെല്ലാം ചെയ്യുന്നതിൽ നിങ്ങൾ വീഴ്ച വരുത്തിയാൽ, അതിനു നിങ്ങൾ കണക്കു ബോധിപ്പിക്കേണ്ടിവരും. ആദ്യം ഇത് അന്യായമായി തോന്നിയേക്കാമെങ്കിലും, വ്യക്തമായും അത് അങ്ങനെയല്ല; കാരണം, ഇത്രയും ആഴമുള്ള കരുണയാണ് നമ്മുടെ കർത്താവ് ഓരോ ദിവസവും നമുക്കു നൽകുന്നത്. നമ്മുടെ പാപത്തെക്കുറിച്ച് മതിയാകുന്നത്ര മനസ്തപിക്കാൻ നമുക്ക് ഒരിക്കലും കഴിയില്ല; എന്നിട്ടും ദൈവം നമ്മോടു ക്ഷമിക്കുകയും നമ്മുമായി അനുരഞ്ജനത്തിലാവുകയും ചെയ്യുന്നു. എത്ര വലിയ കൃപ! എന്നാൽ ഇതേ കരുണ മറ്റുള്ളവർക്കു നൽകുന്നതിൽ നാം വീഴ്ച വരുത്തിയാൽ, ഫലത്തിൽ ഈ കരുണ നമുക്കു നൽകാനുള്ള ദൈവത്തിന്റെ കഴിവിനെ നാം പരിമിതപ്പെടുത്തുന്നു; ദൈവത്തോടുള്ള നമ്മുടെ സ്വന്തം കടത്തിന്റെ “അവസാനത്തെ ചില്ലിക്കാശും” നാം തിരിച്ചടയ്ക്കേണ്ടിവരും.

നിങ്ങൾ പൂർണ്ണമായി അനുരഞ്ജനത്തിലാകേണ്ടതും സ്നേഹബന്ധം വീണ്ടും ഉണർത്തേണ്ടതുമായ, ഇപ്പോൾ മനസ്സിലേക്കു വരുന്ന ആ വ്യക്തിയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ഈ കൃപയ്ക്കായി പ്രാർഥിക്കുക, അതിനായി സ്വയം സമർപ്പിക്കുക, അതിനുള്ള അവസരങ്ങൾ അന്വേഷിക്കുക. ഒട്ടും മടിച്ചുനിൽക്കാതെ അതു ചെയ്യുക; നിങ്ങളുടെ തീരുമാനത്തെക്കുറിച്ച് നിങ്ങൾ ഒരിക്കലും ഖേദിക്കേണ്ടിവരില്ല.

എന്റെ അതികരുണാനിധിയായ കർത്താവേ, എന്നോടു ക്ഷമിക്കുകയും ഇത്ര പരിപൂർണ്ണമായും സമ്പൂർണ്ണമായും എന്നെ സ്നേഹിക്കുകയും ചെയ്യുന്നതിനായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു. എന്റെ അപൂർണ്ണമായ മനസ്താപത്തിനിടയിലും എന്നോട് അനുരഞ്ജനത്തിലാകുന്നതിന് നന്ദി. പ്രിയ കർത്താവേ, എന്റെ ജീവിതത്തിലുള്ള പാപിയെ സ്നേഹിക്കാൻ എപ്പോഴും ആഗ്രഹിക്കുന്ന ഒരു ഹൃദയം എനിക്കു നൽകണമേ. അങ്ങയുടെ ദൈവിക കരുണയെ അനുകരിച്ച്, പൂർണ്ണമായ അളവിൽ കരുണ കാണിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണം വയ്ക്കുന്നു.

കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ – ഒൻപതാം വിചിന്തനം – ലോകം സ്വാഗതം ചെയ്യാത്തവൻ

നോമ്പുകാലത്തിനുള്ള വിഭവങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന മുഖ്യചിത്രം: ധൂർത്തപുത്രന്റെ മടങ്ങിവരവ്