മലയാളം

ദൈവരാജ്യം പടുത്തുയർത്തൽ

മാർച്ച് 5, 2021
നോമ്പുകാലത്തിലെ രണ്ടാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ


വീഡിയോ

“അതിനാൽ ഞാൻ നിങ്ങളോടു പറയുന്നു: ദൈവരാജ്യം നിങ്ങളിൽനിന്ന് എടുത്തുമാറ്റി, അതിന്റെ ഫലം പുറപ്പെടുവിക്കുന്ന ഒരു ജനതയ്ക്കു നൽകപ്പെടും.” മത്തായി 21:42

ദൈവരാജ്യം എടുത്തുമാറ്റപ്പെടുന്നവരുടെ കൂട്ടത്തിലാണോ നിങ്ങൾ? അതോ നല്ല ഫലം പുറപ്പെടുവിക്കാനായി അത് നൽകപ്പെടുന്നവരുടെ കൂട്ടത്തിലോ? ആത്മാർഥമായി ഉത്തരം നൽകേണ്ട ഒരു പ്രധാന ചോദ്യമാണിത്.

ആദ്യത്തെ കൂട്ടരെ, അതായത് ദൈവരാജ്യം എടുത്തുമാറ്റപ്പെടുന്നവരെ, ഈ ഉപമയിൽ പ്രതിനിധീകരിക്കുന്നത് മുന്തിരിത്തോട്ടത്തിലെ പാട്ടക്കൃഷിക്കാരാണ്. അവരുടെ ഏറ്റവും വലിയ പാപങ്ങളിലൊന്ന് അത്യാഗ്രഹമാണെന്നത് വ്യക്തമാണ്. അവർ സ്വാർഥരാണ്. സ്വയം സമ്പന്നരാകാനുള്ള ഒരു ഇടമായാണ് അവർ മുന്തിരിത്തോട്ടത്തെ കാണുന്നത്; മറ്റുള്ളവരുടെ നന്മയിൽ അവർക്ക് കാര്യമായ താത്പര്യമില്ല. ദുഃഖകരമെന്നു പറയട്ടെ, നമ്മുടെ സ്വന്തം ജീവിതത്തിലും ഈ മനോഭാവം എളുപ്പത്തിൽ കടന്നുവരാം. നമുക്ക് “മുന്നേറാനുള്ള” അവസരങ്ങളുടെ ഒരു പരമ്പരയായി ജീവിതത്തെ കാണാൻ എളുപ്പമാണ്. മറ്റുള്ളവരുടെ നന്മ ആത്മാർഥമായി അന്വേഷിക്കുന്നതിനുപകരം, എപ്പോഴും സ്വന്തം കാര്യം മാത്രം നോക്കുന്ന രീതിയിൽ ജീവിതത്തെ സമീപിക്കാനും എളുപ്പമാണ്.

നല്ല ഫലം പുറപ്പെടുവിക്കാനായി ദൈവരാജ്യം നൽകപ്പെടുന്ന രണ്ടാമത്തെ കൂട്ടർ, ജീവിതത്തിന്റെ മുഖ്യലക്ഷ്യം സ്വയം സമ്പന്നരാകുക മാത്രമല്ല, ദൈവസ്നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കുക എന്നതാണെന്ന് മനസ്സിലാക്കുന്നവരാണ്. മറ്റുള്ളവർക്ക് യഥാർഥമായ അനുഗ്രഹമാകാനുള്ള വഴികൾ നിരന്തരം അന്വേഷിക്കുന്നവരാണ് ഇവർ. സ്വാർഥതയും ഉദാരതയും തമ്മിലുള്ള വ്യത്യാസമാണിത്.

എന്നാൽ നാം മുഖ്യമായും വിളിക്കപ്പെട്ടിരിക്കുന്ന ഉദാരത ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിലാണ് പ്രകടമാകേണ്ടത്. പരസ്നേഹപ്രവൃത്തികളിലൂടെയാണ് ഇത് സാധ്യമാകുന്നത്. എന്നാൽ ആ പരസ്നേഹം സുവിശേഷത്തിൽനിന്നു പ്രചോദനം ഉൾക്കൊള്ളുന്നതും സുവിശേഷത്തെ ആത്യന്തിക ലക്ഷ്യമായി സ്വീകരിക്കുന്നതുമായിരിക്കണം. ആവശ്യത്തിലിരിക്കുന്നവരെ പരിചരിക്കുക, പഠിപ്പിക്കുക, സേവിക്കുക തുടങ്ങിയവയെല്ലാം ക്രിസ്തു അവയുടെ പ്രചോദനവും ആത്യന്തിക ലക്ഷ്യവുമാകുമ്പോൾ മാത്രമേ നല്ലതാകൂ. നമ്മുടെ ജീവിതത്തിലൂടെ യേശു കൂടുതൽ അറിയപ്പെടുകയും സ്നേഹിക്കപ്പെടുകയും വേണം; കൂടുതൽ മനസ്സിലാക്കപ്പെടുകയും അനുഗമിക്കപ്പെടുകയും വേണം. വാസ്തവത്തിൽ, ദാരിദ്ര്യത്തിൽ കഴിയുന്ന അനേകർക്ക് നാം ഭക്ഷണം നൽകിയാലും, രോഗികളെ പരിചരിച്ചാലും, ഏകാന്തത അനുഭവിക്കുന്നവരെ സന്ദർശിച്ചാലും, ആത്യന്തികമായി യേശുക്രിസ്തുവിന്റെ സുവിശേഷം പങ്കുവയ്ക്കുക എന്നതല്ലാതെ മറ്റു കാരണങ്ങളാലാണ് അതു ചെയ്യുന്നതെങ്കിൽ, നമ്മുടെ പ്രവർത്തനം സ്വർഗരാജ്യം കെട്ടിപ്പടുക്കുന്ന നല്ല ഫലം പുറപ്പെടുവിക്കുകയില്ല. അങ്ങനെയെങ്കിൽ നാം ദൈവസ്നേഹത്തിന്റെ പ്രേഷിതരാകുന്നതിനുപകരം കേവലം മനുഷ്യസ്നേഹികൾ മാത്രമായിരിക്കും.

തന്റെ രാജ്യം കെട്ടിപ്പടുക്കുന്നതിനായി സമൃദ്ധമായ നല്ല ഫലം പുറപ്പെടുവിക്കാൻ നമ്മുടെ കർത്താവ് നിങ്ങളെ ഏൽപ്പിച്ച ദൗത്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങൾ എങ്ങനെ പ്രവർത്തിക്കാനാണ് ദൈവം പ്രചോദിപ്പിക്കുന്നതെന്ന് പ്രാർഥനാപൂർവം അന്വേഷിക്കുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂ എന്ന് മനസ്സിലാക്കുക. നിങ്ങൾ ചെയ്യുന്നതെല്ലാം ദൈവമഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും വേണ്ടിയാകാൻ, അവിടുത്തെ തിരുവിഷ്ടം മാത്രം നിറവേറ്റാൻ പരിശ്രമിക്കുക.

മഹത്വപൂർണനായ എന്റെ രാജാവേ, അങ്ങയുടെ രാജ്യം വളരാനും അനേകം ആത്മാക്കൾ അങ്ങയെ തങ്ങളുടെ കർത്താവും ദൈവവുമായി അറിയാനും ഞാൻ പ്രാർഥിക്കുന്നു. പ്രിയ കർത്താവേ, ആ രാജ്യം കെട്ടിപ്പടുക്കാൻ എന്നെ ഉപയോഗിക്കണമേ; എന്റെ ജീവിതത്തിലെ എല്ലാ പ്രവൃത്തികളും സമൃദ്ധമായ നല്ല ഫലം പുറപ്പെടുവിക്കാൻ സഹായിക്കണമേ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ – ധ്യാനം പതിനാറ് – അത്ഭുതങ്ങളിൽ ഏറ്റവും മഹത്തായത്

നോമ്പുകാലത്തിനുള്ള വിഭവങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: ദുഷ്ടരായ കൃഷിക്കാരുടെ ഉപമ. ചിത്രകാരൻ: മാർട്ടൻ വാൻ വാൽക്കൻബോർഖ്