2021 മാർച്ച് 18
നോമ്പുകാലത്തിലെ നാലാം ആഴ്ചയിലെ വ്യാഴാഴ്ച
ഇന്നത്തെ വായനകൾ
ജറുസലെമിലെ വിശുദ്ധ സിറിൽ, മെത്രാനും വേദപാരംഗതനും—ഐച്ഛിക അനുസ്മരണം

“നിങ്ങൾ പരസ്പരം പ്രശംസ സ്വീകരിക്കുകയും ഏകദൈവത്തിൽനിന്നു വരുന്ന പ്രശംസ അന്വേഷിക്കാതിരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും?” യോഹന്നാൻ 5:44
ഒരു കൊച്ചുകുട്ടി ചെയ്യുന്ന നന്മയെപ്രതി മാതാവോ പിതാവോ ആ കുട്ടിയെ പ്രശംസിക്കുന്നത് തികച്ചും സ്വാഭാവികവും ആരോഗ്യകരവുമാണ്. നന്മ ചെയ്യേണ്ടതിന്റെയും തെറ്റായ കാര്യങ്ങൾ ഒഴിവാക്കേണ്ടതിന്റെയും പ്രാധാന്യം കുട്ടിയെ പഠിപ്പിക്കാനുള്ള ഒരു മാർഗമാണ് ഇത്തരത്തിലുള്ള ആരോഗ്യകരമായ പ്രോത്സാഹനം. എന്നാൽ ശരിയും തെറ്റും തിരിച്ചറിയുന്നതിൽ മനുഷ്യരുടെ പ്രശംസ തെറ്റുപറ്റാത്ത ഒരു വഴികാട്ടിയല്ല. വാസ്തവത്തിൽ, മനുഷ്യരുടെ പ്രശംസ ദൈവത്തിന്റെ സത്യത്തിൽ അധിഷ്ഠിതമല്ലെങ്കിൽ അത് വലിയ ദോഷം ചെയ്യുന്നു.
മുകളിൽ നൽകിയിരിക്കുന്ന ഹ്രസ്വമായ തിരുവചനഭാഗം, മനുഷ്യരുടെ പ്രശംസയും “ദൈവത്തിൽനിന്നു മാത്രം വരുന്ന പ്രശംസയും” തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് യേശു നൽകിയ ദീർഘമായ ഒരു പ്രബോധനത്തിൽനിന്നുള്ളതാണ്. ദൈവത്തിൽനിന്നു മാത്രം വരുന്ന പ്രശംസയ്ക്കു മാത്രമേ മൂല്യമുള്ളൂ എന്ന് യേശു വ്യക്തമാക്കുന്നു. വാസ്തവത്തിൽ, ഇതേ സുവിശേഷത്തിൽ ഇതിനുമുമ്പ് യേശു വ്യക്തമായി പറയുന്നു: “ഞാൻ മനുഷ്യരുടെ പ്രശംസ സ്വീകരിക്കുന്നില്ല…” എന്തുകൊണ്ടാണത്?
ഒരു കുട്ടി ചെയ്യുന്ന നന്മയെപ്രതി മാതാവോ പിതാവോ ആ കുട്ടിയെ പ്രശംസിക്കുന്ന ഉദാഹരണത്തിലേക്കു മടങ്ങിവരാം. അവർ നൽകുന്ന പ്രശംസ യഥാർഥത്തിൽ കുട്ടിയുടെ നന്മയെ അംഗീകരിക്കുന്നതാണെങ്കിൽ, അത് കേവലം മനുഷ്യരുടെ പ്രശംസയെക്കാൾ ഏറെ ഉന്നതമാണ്. മാതാവിലൂടെയോ പിതാവിലൂടെയോ നൽകപ്പെടുന്ന ദൈവത്തിന്റെ പ്രശംസയാണത്. ദൈവഹിതത്തിന് അനുസൃതമായി ശരിയും തെറ്റും തിരിച്ചറിയാൻ പഠിപ്പിക്കുക എന്നതായിരിക്കണം മാതാപിതാക്കളുടെ കടമ.
യേശു പറയുന്ന “മനുഷ്യരുടെ പ്രശംസ”യാകട്ടെ, ദൈവത്തിന്റെ സത്യസന്ധതയില്ലാതെ മറ്റൊരാളെ പ്രശംസിക്കുന്നതാണെന്ന് വ്യക്തമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്വർഗസ്ഥനായ പിതാവിൽനിന്ന് ഉത്ഭവിക്കാത്ത എന്തിന്റെയെങ്കിലും പേരിൽ ആരെങ്കിലും തന്നെ പ്രശംസിച്ചാൽ, താൻ അത് നിരസിക്കുമെന്നാണ് യേശു പറയുന്നത്. ഉദാഹരണത്തിന്, ആരെങ്കിലും യേശുവിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞെന്നിരിക്കട്ടെ: “അവൻ നമ്മുടെ രാജ്യത്തിന്റെ മികച്ച ഭരണാധികാരിയായിരിക്കുമെന്ന് ഞാൻ കരുതുന്നു; കാരണം, ഇപ്പോഴത്തെ നേതൃത്വത്തിനെതിരെ ഒരു കലാപം നയിക്കാൻ അവനു കഴിയും.” അത്തരം “പ്രശംസ” തീർച്ചയായും നിരസിക്കപ്പെടും.
ചുരുക്കത്തിൽ, നാം പരസ്പരം പ്രശംസിക്കണം; എന്നാൽ നമ്മുടെ പ്രശംസ ദൈവത്തിൽനിന്ന് ഉത്ഭവിക്കുന്നതു മാത്രമായിരിക്കണം. നമ്മുടെ വാക്കുകൾ സത്യത്തിന് അനുസൃതമായി മാത്രമേ പറയാവൂ. മറ്റുള്ളവരിൽ സജീവമായിരിക്കുന്ന ദൈവസാന്നിധ്യത്തോടു മാത്രമായിരിക്കണം നമ്മുടെ ആദരവ്. അല്ലാതെ, ലൗകികമോ സ്വാർഥകേന്ദ്രീകൃതമോ ആയ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ നാം മറ്റുള്ളവരെ പ്രശംസിക്കുന്നെങ്കിൽ, പാപത്തിൽ തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് നാം ചെയ്യുന്നത്.
നിങ്ങൾ നൽകുകയും സ്വീകരിക്കുകയും ചെയ്യുന്ന പ്രശംസയെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. മറ്റുള്ളവരുടെ തെറ്റായ പ്രശംസ നിങ്ങളുടെ ജീവിതത്തെ വഴിതെറ്റിക്കാൻ നിങ്ങൾ അനുവദിക്കുന്നുണ്ടോ? മറ്റൊരാളെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്യുമ്പോൾ, ആ പ്രശംസ ദൈവത്തിന്റെ സത്യത്തിൽ അധിഷ്ഠിതവും അവിടുത്തെ മഹത്ത്വം ലക്ഷ്യമാക്കുന്നതുമാണോ? പ്രശംസ ദൈവത്തിന്റെ സത്യത്തിൽ അധിഷ്ഠിതവും എല്ലാവരെയും അവിടുത്തെ മഹത്ത്വത്തിലേക്കു നയിക്കുന്നതുമാകുമ്പോൾ മാത്രം അത് നൽകാനും സ്വീകരിക്കാനും പരിശ്രമിക്കുക.
സ്തുത്യർഹനായ എന്റെ കർത്താവേ, അങ്ങയുടെ പരിപൂർണമായ നന്മയെപ്രതി ഞാൻ അങ്ങേക്കു നന്ദി പറയുകയും അങ്ങയെ സ്തുതിക്കുകയും ചെയ്യുന്നു. പിതാവിന്റെ ഹിതത്തോട് പൂർണമായി ഐക്യപ്പെട്ട് അങ്ങ് പ്രവർത്തിക്കുന്നതിനായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു. ഈ ജീവിതത്തിൽ അങ്ങയുടെ സ്വരം മാത്രം ശ്രവിക്കാനും ലോകത്തിന്റെ വഴിതെറ്റിക്കുന്നതും ആശയക്കുഴപ്പത്തിലാക്കുന്നതുമായ എല്ലാ സ്വരങ്ങളെയും നിരസിക്കാനും എന്നെ സഹായിക്കണമേ. എന്റെ മൂല്യങ്ങളെയും തിരഞ്ഞെടുപ്പുകളെയും അങ്ങ്, അങ്ങു മാത്രം, നയിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ – ധ്യാനം ഇരുപത്തിയൊൻപത് – യേശു കുരിശിൽ ഉയർത്തപ്പെടുന്നു
വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന
മാർച്ച് 10–18
ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ
നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
ഇന്നത്തെ വിശുദ്ധൻ – ജറുസലെമിലെ വിശുദ്ധ സിറിൽ, മെത്രാനും വേദപാരംഗതനും
വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ





