മലയാളം

മരുഭൂമിയിലേക്കുള്ള പ്രവേശനം

മാർച്ച് 26, 2021
നോമ്പുകാലത്തിലെ അഞ്ചാം ആഴ്ചയിലെ വെള്ളിയാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

“ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തികൾ ചെയ്യുന്നില്ലെങ്കിൽ എന്നെ വിശ്വസിക്കേണ്ടാ; എന്നാൽ ഞാൻ അവ ചെയ്യുന്നുവെങ്കിൽ, നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലെങ്കിലും ആ പ്രവൃത്തികളിൽ വിശ്വസിക്കുവിൻ. അങ്ങനെ പിതാവ് എന്നിലും ഞാൻ പിതാവിലും ആണെന്ന് നിങ്ങൾ തിരിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്യും.” യോഹന്നാൻ 10:37–39

ജറുസലെമിൽ ദേവാലയ പ്രതിഷ്ഠയുടെ തിരുനാൾ നടക്കുമ്പോഴാണ് യേശു ഈ വാക്കുകൾ പറഞ്ഞത്. സ്വർഗസ്ഥനായ പിതാവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് യേശു വ്യക്തമായി പ്രസംഗിച്ചുകൊണ്ടിരുന്നു. ഇതു ചിലരെ അത്യന്തം രോഷാകുലരാക്കി; അപ്പോൾത്തന്നെ അവിടെവച്ച് അവനെ പിടികൂടാൻ അവർ ശ്രമിച്ചു. എന്നാൽ അവൻ അവിടെനിന്നു രക്ഷപ്പെട്ട്, യോഹന്നാനിൽനിന്നു സ്നാനം സ്വീകരിച്ച മരുഭൂമിയിലേക്കു മടങ്ങിപ്പോയി. യേശു അവിടെ മരുഭൂമിയിൽ കഴിഞ്ഞപ്പോൾ, അവനോടൊപ്പം ആയിരിക്കാനും അവന്റെ വാക്കുകൾ കേൾക്കാനും അനേകർ അവന്റെ അടുത്തെത്തി. അവന്റെ വാക്കുകൾ കേട്ടപ്പോൾ അവർ വിശ്വസിക്കാൻ തുടങ്ങി.

ഈ പ്രതികരണങ്ങൾ തമ്മിലുള്ള വൈരുധ്യം ശ്രദ്ധേയമാണ്. ജറുസലെമിൽ, ദേവാലയ പരിസരത്ത്, പ്രതിഷ്ഠയുടെ തിരുനാളിനായി ഒത്തുകൂടിയ വലിയ ജനക്കൂട്ടങ്ങൾക്കിടയിൽ യേശു കൂടുതൽക്കൂടുതൽ തിരസ്കരിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. എന്നാൽ അവൻ മരുഭൂമിയിലേക്കു മടങ്ങുകയും ആളുകൾ അവനെ കാണാൻ അങ്ങോട്ടു വരേണ്ടിവരുകയും ചെയ്തപ്പോൾ, അവർ അവന്റെ വാക്കുകൾ കേൾക്കുകയും വിശ്വസിക്കുകയും ചെയ്തു. നമ്മുടെ വിശ്വാസത്തിൽ കൂടുതൽ എളുപ്പത്തിൽ വളരാനും മറ്റുള്ളവരെ അവരുടെ വിശ്വാസത്തിൽ വളരാൻ സഹായിക്കാനുമുള്ള ഒരു വഴിയാണ് ഈ വൈരുധ്യം നമുക്കു കാണിച്ചുതരുന്നത്. ജീവിതത്തിന്റെ തിരക്കുകളിൽനിന്ന് അകന്ന്, നമ്മുടെ കർത്താവിനെ കണ്ടുമുട്ടാൻ “മരുഭൂമിയിലേക്കു” പോകാനാണ് പ്രത്യേകമായി നാം ക്ഷണിക്കപ്പെടുന്നത്. അത്തരമൊരു യാത്രയിൽ നമ്മോടൊപ്പം ചേരാൻ മറ്റുള്ളവരെയും നാം ക്ഷണിക്കണം.

ജറുസലെമിൽ യേശു പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ യാദൃച്ഛികമായി അവന്റെ അടുത്തെത്തുകയും അവന്റെ വചനത്താൽ ഹൃദയസ്പർശമുണ്ടായി വിശ്വാസത്തിലേക്കു വരുകയും ചെയ്തവർ ഉണ്ടായിരുന്നു എന്നതു സത്യമാണ്. എന്നാൽ വിജനമായ ഒരു സ്ഥലത്ത് അവനെ അന്വേഷിച്ചെത്താനുള്ള പരിശ്രമത്തിന് ആളുകൾ സ്വയം സമർപ്പിക്കേണ്ടിവന്നപ്പോൾ, അവന്റെ വാക്കുകൾ അവരിൽ കൂടുതൽ ആഴത്തിലുള്ള പരിവർത്തനം വരുത്തിയെന്നതും വ്യക്തമാണ്.

നമ്മുടെ സ്വന്തം ജീവിതത്തിൽ, വിശുദ്ധ കുർബാനയിൽ പതിവായി പങ്കെടുക്കുന്നതുപോലുള്ള സാധാരണ ജീവിതചര്യകൾക്കിടയിൽ, സുവിശേഷം കേൾക്കാനും വിശ്വാസജീവിതം ആഴപ്പെടുത്താനുമുള്ള അവസരം നമുക്കു ലഭിക്കും. എന്നാൽ അവന്റെ വാക്കുകൾ കേൾക്കാനും വിശ്വസിക്കാനും കൂടുതൽ സന്നദ്ധരാകുന്നതിനായി, ഒരർഥത്തിൽ പറഞ്ഞാൽ, “മരുഭൂമിയിൽ” യേശുവിനെ അന്വേഷിക്കാൻ നാമെല്ലാവരും സമയം കണ്ടെത്തേണ്ടതുണ്ട്. ഈ “മരുഭൂമി അനുഭവങ്ങൾ” പല രൂപങ്ങളിൽ ഉണ്ടാകാം. പ്രാർഥിക്കാനും ദൈവവചനം ധ്യാനിക്കാനും നിങ്ങളുടെ മുറിയിൽ തനിച്ചിരിക്കുന്നതുപോലെ ലളിതമായ ഒരു അനുഭവമാകാം അത്. അല്ലെങ്കിൽ ഒരു ബൈബിൾ പഠനത്തിലോ ഓൺലൈൻ ഭക്തിപരിപാടിയിലോ ഇടവകയിലെ വിശ്വാസപരിശീലന പരിപാടിയിലോ ഉള്ള പങ്കാളിത്തമാകാം. അതുമല്ലെങ്കിൽ, പ്രാർഥിക്കുകയും നമ്മുടെ കർത്താവിനു കാതോർക്കുകയും ചെയ്യുന്നതിനായി മാത്രം കുറച്ചുസമയം മാറ്റിവച്ചുകൊണ്ട്, മാർഗനിർദേശം ലഭിക്കുന്ന ഒരു ധ്യാനത്തിൽ പങ്കെടുക്കാൻ ഒരു വാരാന്ത്യമോ അതിലധികമോ ദിവസങ്ങൾ മാറിനിൽക്കാനുള്ള തീരുമാനമാകാം.

ജീവിതത്തിലെ അനേകം ശ്രദ്ധാവ്യതിചലനങ്ങളും ലോകത്തിന്റെ പലവിധ ശബ്ദങ്ങളും നിശ്ശബ്ദമാകുന്ന ഒരിടത്ത്, നമ്മുടെ കർത്താവിനോടൊപ്പം ആയിരിക്കാൻ പ്രാർഥനയ്ക്കായി മാറിപ്പോകുന്നതിന്റെ മൂല്യം ചരിത്രത്തിലുടനീളം ഓരോ വിശുദ്ധനും വിശുദ്ധയും നമുക്കു കാണിച്ചുതന്നിട്ടുണ്ട്. അങ്ങനെ ദൈവത്തിനു ഹൃദയത്തോടു സംസാരിക്കാനും നമുക്കു കൂടുതൽ പൂർണമായി പ്രത്യുത്തരം നൽകാനും കഴിയും.

മരുഭൂമിയിൽ തന്നെ കണ്ടുമുട്ടാൻ പുറപ്പെടണമെന്ന് യേശു നിങ്ങൾക്കു നൽകുന്ന ക്ഷണത്തെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. എവിടെയാണ് ആ സ്ഥലം? ജീവിതത്തിലെ പ്രധാനപ്പെട്ട കടമകൾ നിറവേറ്റിക്കൊണ്ടുതന്നെ ഈ ചെറിയ യാത്ര എങ്ങനെ നടത്താൻ നിങ്ങൾക്കു കഴിയും? നമ്മുടെ കർത്താവ് നിങ്ങളെ വിളിക്കുന്ന മരുഭൂമി അന്വേഷിച്ചുപോകാൻ മടിക്കരുത്. അപ്പോൾ അവിടെ അവനെ കണ്ടുമുട്ടാനും അവന്റെ സ്വരം കേൾക്കാനും പൂർണമായ ഔദാര്യത്തോടെ പ്രത്യുത്തരം നൽകാനും നിങ്ങൾക്കു കഴിയും.

എന്റെ കർത്താവായ യേശുവേ, എന്റെ ദൈവമായ കർത്താവേ, അങ്ങയുമായുള്ള സ്നേഹബന്ധത്തിൽ കൂടുതൽ ആഴത്തിലേക്കു കടക്കാൻ അങ്ങ് എന്നെ വിളിക്കുന്നു. അങ്ങയോട് “അതെ” എന്നു പറയാനും, അങ്ങയുടെ സ്വരം കേൾക്കാൻ എനിക്കാവശ്യമായ നിശ്ശബ്ദതയുടെയും പ്രാർഥനയുടെയും മരുഭൂമിയിലേക്കു പ്രവേശിക്കാനും വേണ്ട കൃപ എനിക്കു നൽകണമേ. എന്റെ കർത്താവേ, എന്നെ അങ്ങയിലേക്ക് ആകർഷിക്കണമേ; അങ്ങ് പറയാൻ ആഗ്രഹിക്കുന്നതെല്ലാം കൂടുതൽ പൂർണമായി വിശ്വസിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ – ധ്യാനം മുപ്പത്തിയേഴ് – ഭൂമി കുലുങ്ങുന്നു

നോമ്പുകാലത്തിനുള്ള വിഭവങ്ങൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന ചിത്രം: യേശു ഒരു വിജനസ്ഥലത്തേക്കു പോയി — ചിത്രകാരൻ: ജെയിംസ് ടിസോ