മലയാളം

എല്ലാറ്റിലും ദൈവത്തിന്റെ മഹത്വം

2021 മാർച്ച് 30
വിശുദ്ധ വാരത്തിലെ ചൊവ്വാഴ്ച
ഇന്നത്തെ വായനകൾ

വീഡിയോ

“ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; അവനിൽ ദൈവവും മഹത്വപ്പെട്ടിരിക്കുന്നു. ദൈവം അവനിൽ മഹത്വപ്പെട്ടിരിക്കുന്നുവെങ്കിൽ, ദൈവം അവനെ തന്നിൽത്തന്നെ മഹത്വപ്പെടുത്തും; ഉടൻതന്നെ അവനെ മഹത്വപ്പെടുത്തും.”  യോഹന്നാൻ 13:31–32

യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കാനായി അത്താഴവിരുന്നിൽനിന്ന് പുറപ്പെട്ട ഉടനെയാണ്, താൻ മഹത്വപ്പെടുന്നതിനെക്കുറിച്ചുള്ള ഈ വാക്കുകൾ യേശു പറയുന്നത്. യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിക്കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. അധികം വൈകാതെ അവിടുന്ന് അന്ത്യ അത്താഴം പൂർത്തിയാക്കി ഗെത്‌സെമനി തോട്ടത്തിലേക്കു പോകും; തുടർന്ന് അവിടുന്ന് അറസ്റ്റു ചെയ്യപ്പെടുകയും മർദിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്യും. പന്ത്രണ്ടുപേരിൽ ഒരുവന്റെ വഞ്ചനയിലൂടെയാണ് ഇതെല്ലാം സംഭവിക്കാനിരുന്നത്. എന്നാൽ, വരാനിരിക്കുന്ന ഈ സംഭവങ്ങളെക്കുറിച്ച് ഭയത്തോടെയോ ഉത്കണ്ഠയോടെയോ സംസാരിക്കുന്നതിനുപകരം, അവയിലൂടെ തനിക്കു ലഭിക്കാനിരിക്കുന്ന മഹത്വത്തിലേക്കാണ് യേശു വിരൽചൂണ്ടുന്നത്.

ജീവിതത്തിലെ എല്ലാറ്റിനും ദൈവമഹത്വത്തിന്റെ ഉപകരണമായിത്തീരാനുള്ള സാധ്യതയുണ്ട്. നാം അനുതപിക്കുകയും ദൈവത്തിന്റെ ക്ഷമ സ്വീകരിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ പാപംപോലും ദൈവമഹത്വത്തിൽ കലാശിക്കാം. നമ്മുടെ പാപമല്ല ദൈവത്തെ മഹത്വപ്പെടുത്തുന്നത്; മറിച്ച്, കുരിശിൽനിന്ന് നമ്മുടെമേൽ ചൊരിയപ്പെടുന്ന അവിടുത്തെ കരുണയാണ് അവിടുത്തേക്കു മഹത്വം നൽകുന്നത്.

വിശുദ്ധ വാരത്തിലെ സംഭവങ്ങളുടെ കാര്യത്തിലും ഇതു സത്യമാണ്. തികച്ചും മാനുഷികമായ കാഴ്ചപ്പാടിൽ നോക്കുമ്പോൾ, യേശു സഹിച്ചതെല്ലാം ദാരുണവും ഭയാനകവുമായിരുന്നു. അവിടുത്തെ ഏറ്റവും അടുത്ത കൂട്ടാളികളിൽ ഒരുവൻ അവിടുത്തെ ഒറ്റിക്കൊടുത്തു. അക്കാലത്തെ മതനേതാക്കൾ അവിടുത്തെ ഒറ്റിക്കൊടുത്തു. ഭരണാധികാരികളും അവിടുത്തെ ഒറ്റിക്കൊടുത്തു. യേശു ഒറ്റിക്കൊടുക്കപ്പെട്ടപ്പോൾ യോഹന്നാൻ ഒഴികെയുള്ള എല്ലാ ശിഷ്യന്മാരും ഭയന്നോടി. എന്നാൽ യേശു ഇതൊന്നും മാനുഷികമായ കണ്ണുകളിലൂടെ മാത്രമല്ല കണ്ടത്. നിത്യതയുടെ കാഴ്ചപ്പാടിൽ അവിടുന്ന് എല്ലാം കണ്ടു. ദുരന്തങ്ങളെന്നു തോന്നുന്ന ഈ സംഭവങ്ങളെല്ലാം തന്റെ മഹത്വത്തിൽ കലാശിക്കുമെന്ന് അവിടുന്ന് വ്യക്തമായി പഠിപ്പിക്കുകയും ചെയ്തു.

ക്രിസ്തുവിനെ അനുഗമിക്കാൻ നാം സ്വയം സമർപ്പിക്കുമ്പോൾ, അവിടുത്തെ കുരിശിലും നാം പങ്കുചേരുമെന്ന് ഉറപ്പിക്കാം. മറ്റുള്ളവരുടെ പാപങ്ങളുടെ ദോഷഫലങ്ങൾ നാം അനുഭവിക്കും; മോശമായ പെരുമാറ്റം നേരിടുകയും പലവിധ സഹനങ്ങൾ ഏറ്റെടുക്കേണ്ടിവരുകയും ചെയ്യും. ജീവിതത്തിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ, നാമെല്ലാവരും അഭിമുഖീകരിക്കുന്ന ചോദ്യം ഇതാണ്: കോപത്തോടും നിരാശയോടുമാണോ, അതോ നമ്മുടെ കർത്താവിനുണ്ടായിരുന്ന പ്രത്യാശാനിർഭരമായ ആത്മവിശ്വാസത്തോടെയാണോ നാം അവ സഹിക്കുക? വീണ്ടും ഓർക്കാം: ജീവിതത്തിലെ എല്ലാറ്റിനും ദൈവമഹത്വത്തിന്റെ ഉപകരണമായിത്തീരാനുള്ള സാധ്യതയുണ്ട്. ദൈവഹിതത്തിലും എല്ലാം തന്റെ മഹത്വത്തിനായി ഉപയോഗിക്കാനുള്ള അവിടുത്തെ ശക്തിയിലും നാം ദൃഷ്ടിയുറപ്പിക്കുമ്പോൾ, ആ മഹത്വം അപഹരിക്കാൻ ജീവിതത്തിലെ യാതൊന്നിനും കഴിയില്ല.

എല്ലാറ്റിനെയും ദൈവിക കാഴ്ചപ്പാടിൽ കാണാനുള്ള നിങ്ങളുടെ ജീവിതവിളിയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ചിലപ്പോഴൊക്കെ നിങ്ങൾ അസ്വസ്ഥരോ കോപാകുലരോ നിരാശരോ ആശയക്കുഴപ്പത്തിലായവരോ ആകുന്നുവെങ്കിൽ, എല്ലാ സാഹചര്യങ്ങളിലേക്കും വ്യക്തതയും കൃപയും കൊണ്ടുവരാൻ ദൈവം ആഗ്രഹിക്കുന്നുവെന്ന് അറിയുക. എല്ലാ തിന്മകളെയും ദൈവമഹത്വമാക്കി മാറ്റുന്ന തന്റെ ദൈവിക ദൗത്യത്തിൽ നിങ്ങൾക്ക് എങ്ങനെ പങ്കുചേരാമെന്ന് കാണിച്ചുതരാൻ അവിടുന്ന് ആഗ്രഹിക്കുന്നു. എല്ലാറ്റിലും നിങ്ങളുടെ ജീവിതം ദൈവത്തിനു മഹത്വം നൽകേണ്ട വഴികൾ അന്വേഷിക്കുക; പ്രത്യേകിച്ച്, നന്മയ്ക്കായി ഉപയോഗിക്കാൻ കഴിയില്ലെന്നു തോന്നുന്ന കാര്യങ്ങളിൽ. ജീവിതത്തിലെ ഒരു അനുഭവം ദൈവമഹത്വത്തിനായി ഉപയോഗിക്കാൻ കഴിയാത്തതാണെന്ന് എത്രയധികം തോന്നുന്നുവോ, അത്രയധികം ആ അനുഭവത്തിനു ദൈവത്തിനു യഥാർഥ മഹത്വം നൽകാൻ കഴിയും.

മഹത്വപൂർണനായ എന്റെ കർത്താവേ, എല്ലാ കാര്യങ്ങളിൽനിന്നും അങ്ങ് നന്മ ഉളവാക്കി. അങ്ങയെ ഒറ്റിക്കൊടുത്ത ഗുരുതരമായ തിന്മപോലും അങ്ങയുടെ മഹത്വത്തിന്റെ പ്രകടനമായി രൂപാന്തരപ്പെട്ടു. പ്രിയ കർത്താവേ, ജീവിതത്തിൽ ഞാൻ സഹിക്കുന്നതെല്ലാം അങ്ങേക്കു സമർപ്പിക്കുന്നു. എല്ലാറ്റിലും അങ്ങ് മഹത്വപ്പെടണമെന്നും, അങ്ങയുടെ വിശുദ്ധ നാമത്തിനു നൽകേണ്ട മഹത്വത്തിന്റെ പ്രകടനമായി എന്റെ ജീവിതം നിരന്തരം മാറണമെന്നും ഞാൻ പ്രാർഥിക്കുന്നു. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

നോമ്പുകാലത്തിനുള്ള വിഭവങ്ങൾ

വിശുദ്ധവാര പ്രാർഥനകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

നോമ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രം: അന്ത്യ അത്താഴം — രചന: ഫിലിപ്പ് ദെ ഷാംപെയ്ൻ