മലയാളം

എളിമയും കൃതജ്ഞതയും

2021 മേയ് 2
ഉയിർപ്പുകാലം അഞ്ചാം ഞായർ (വർഷം B)
ഇന്നത്തെ വായനകൾ


വീഡിയോ

“ഞാൻ മുന്തിരിവള്ളിയും നിങ്ങൾ ശാഖകളുമാണ്. എന്നിൽ വസിക്കുകയും ഞാൻ അവനിൽ വസിക്കുകയും ചെയ്യുന്നവൻ ധാരാളം ഫലം പുറപ്പെടുവിക്കും; കാരണം, എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല.”  യോഹന്നാൻ 15:5

എത്ര മഹത്തായ ഒരു ചെറിയ ഓർമ്മപ്പെടുത്തൽ…“എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല.”

ആദ്യം ഇത് കേൾക്കുമ്പോൾ വേദന തോന്നിയേക്കാം.  ഇത് നമ്മുടെ അഹങ്കാരത്തെ മുറിപ്പെടുത്തിയേക്കാം; ഈ ആശയത്തോട് നാം നിഷേധാത്മകമായി പ്രതികരിച്ചേക്കാം.  ഇത് ശരിക്കും സത്യമാണോ?  ദൈവത്തെക്കൂടാതെ നമുക്ക് യഥാർഥത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലേ?  തീർച്ചയായും അതിനുള്ള ഉത്തരം “അതെ” എന്നാണ്.  യേശു അസത്യം പറയുന്നില്ല.  നമ്മുടെ ജീവിതത്തിൽ ദൈവമില്ലാതെ നമുക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല.

വാസ്തവത്തിൽ, ദൈവം ഒരു നിമിഷത്തേക്കെങ്കിലും നമ്മെ മറന്നുപോയാൽ, നമ്മുടെ അസ്തിത്വംതന്നെ ഇല്ലാതാകും.  നാം നിലനിൽക്കണമെന്ന് ദൈവം നിരന്തരം ആഗ്രഹിക്കുന്നതിനെ ആശ്രയിച്ചാണ് നമ്മുടെ അസ്തിത്വംപോലും നിലകൊള്ളുന്നത്.  നന്മ ചെയ്യുക, നല്ല മാറ്റങ്ങൾ വരുത്തുക, ഫലപ്രദമായ ജീവിതം നയിക്കുക തുടങ്ങിയ കാര്യങ്ങളിലാകട്ടെ, ദൈവകൃപയില്ലാതെ നമുക്ക് ഒരു നന്മയും ചെയ്യാൻ കഴിയുകയില്ല.

ആദ്യം ഇത് കേൾക്കാൻ പ്രയാസമായി തോന്നിയേക്കാമെങ്കിലും, നാം പതിവായി ഇതിനെക്കുറിച്ച് ധ്യാനിക്കണം.  ഇങ്ങനെ ധ്യാനിക്കുകയും ഈ സത്യം സ്വീകരിക്കുകയും ചെയ്താൽ, നമ്മുടെ ആത്മാവിൽ രണ്ടു കാര്യങ്ങൾ സംഭവിക്കും.  ഒന്നാമതായി, നാം എളിമയിൽ വളരും.  നമുക്ക് വളരാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട പുണ്യമാണ് എളിമ.  “എല്ലാ പുണ്യങ്ങളുടെയും മാതാവ്” എന്ന് അത് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.  കാരണം, മറ്റെല്ലാ പുണ്യങ്ങളും ഈ പുണ്യത്തിൽനിന്നാണ് ഒഴുകിവരുന്നത്.  ദൈവമാണ് എല്ലാമെന്നും നമുക്ക് അവിടുത്തെ 100% ആവശ്യമാണെന്നും തിരിച്ചറിയുന്നതാണ് എളിമ.  എളിമയുള്ള ഈ സത്യം, എല്ലാറ്റിലും ദൈവത്തെ അന്വേഷിക്കാനും നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും അവിടുത്തെ ആഴമായി ക്ഷണിക്കാനും നമ്മെ പ്രാപ്തരാക്കും.

ദൈവത്തെക്കൂടാതെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് തിരിച്ചറിയുമ്പോൾ നമ്മുടെ ആത്മാവിൽ സംഭവിക്കുന്ന രണ്ടാമത്തെ കാര്യം, നാം കൃതജ്ഞതയിൽ വളരും എന്നതാണ്.  ദൈവമാണ് എല്ലാമെന്ന് നാം മനസ്സിലാക്കുകയും, നമ്മുടെ ജീവിതത്തിൽ അവിടുന്ന് നിരന്തരം കൃപ നൽകുന്നുവെന്ന് തിരിച്ചറിയാൻ തുടങ്ങുകയും ചെയ്യുമ്പോൾ, നമുക്ക് നൽകാവുന്ന ഉചിതമായ ഏക മറുപടി “നന്ദി!” എന്നതായിരിക്കും.  നല്ലതായതെല്ലാം അവിടുത്തെ ദാനമാണെന്ന് തിരിച്ചറിയുന്നതിനാൽ, എല്ലാറ്റിനും നാം ദൈവത്തോട് കൃതജ്ഞതയുള്ളവരായിരിക്കും.

എളിമയെയും കൃതജ്ഞതയെയും കുറിച്ചുള്ള ഈ സത്യങ്ങൾ ഇന്ന് ധ്യാനിക്കുകയും അവ ഹൃദയത്തിൽ ആഴത്തിൽ പതിയാൻ അനുവദിക്കുകയും ചെയ്യുക.  അങ്ങനെ ചെയ്യുമ്പോൾ, ഈ പുണ്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വളർന്ന് കൂടുതൽ ഫലം പുറപ്പെടുവിക്കാൻ അനുവദിക്കുക.

കർത്താവേ, അങ്ങയെക്കൂടാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.  കൂടുതൽ ഉറച്ച ബോധ്യത്തോടെ ഇത് വിശ്വസിക്കാൻ എന്നെ സഹായിക്കണമേ; അങ്ങനെ വിശ്വസിക്കുമ്പോൾ, എളിമയിലും കൃതജ്ഞതയിലും വളരാനും എന്നെ സഹായിക്കണമേ.  യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഉയിർപ്പുതിരുനാൾ പ്രാർത്ഥനകൾ

കൂടുതൽ സുവിശേഷ വിചിന്തനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങൾ

എല്ലാ വിശുദ്ധരും/തിരുനാളുകളും

ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ അത്തനാസിയോസ്, മെത്രാനും വേദപാരംഗതനും
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനാക്രമത്തിൽ അനുസ്മരണമായി ആചരിക്കുന്നില്ല

വിശുദ്ധ കുർബാനയിലെ വായനകൾക്കുള്ള തിരഞ്ഞെടുപ്പുകൾ

മുകളിൽ നൽകിയിരിക്കുന്ന പ്രധാന ചിത്രങ്ങൾ: യഥാർഥ മുന്തിരിവള്ളിയായ ക്രിസ്തു.